പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കെപിസിസി അച്ചടക്ക സമിതി.നേതാക്കള്‍ പരിപാടികള്‍ ഡിസിസികളെ മുന്‍കൂട്ടി അറിയിക്കണം. പാര്‍ട്ടി ചട്ടക്കൂട്ടില്‍ നിന്ന് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതി നിര്‍ദേശിച്ചു. ശശി തരൂരിന്റെ മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് അച്ചടക്ക സമിതി നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

അച്ചടക്ക സമിതി നിർദേശങ്ങൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതു പരിപാടിക്കുമുള്ള ക്ഷണം പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ സ്വീകരിക്കാം. അതില്‍ പങ്കെടുക്കുകയും ചെയ്യാം. എന്നാല്‍, പരിപാടി നടക്കുന്ന ജില്ലയിലെ ഡിസിസി അറിയണം. പാര്‍ട്ടിയുടെ വ്യവസ്ഥാപിത രീതിയാണിത്. മുതിര്‍ന്ന നേതാക്കളടക്കം ഇതു പാലിക്കാറുണ്ടെന്നും അച്ചടക്ക സമിതി ചൂണ്ടിക്കാട്ടുന്നു.

തരൂര്‍ നടത്തിയത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണെന്ന അഭിപ്രായം അച്ചടക്കസമിതിക്കില്ല. എന്നാല്‍, ബന്ധപ്പെട്ട പാര്‍ട്ടിഘടകങ്ങളെ അറിയിക്കാതെയുള്ള പോക്ക് സമാന്തരപ്രവര്‍ത്തനമെന്നും വിഭാഗീയ പ്രവര്‍ത്തനമെന്നുമുള്ള തെറ്റിദ്ധാരണ നേതാക്കളില്‍വരെ സൃഷ്ടിച്ചതായും സമിതി വിലയിരുത്തി.

പത്രസമ്മേളനം ഉപേക്ഷിച്ച് തിരുവഞ്ചൂർ

പര്യടനത്തെക്കുറിച്ച്‌ ഒട്ടേറെ പരാതികള്‍ കെപിസിസി അച്ചടക്ക സമിതിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി യോഗം ചേര്‍ന്നത്. തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനം വിളിച്ചെങ്കിലും കൂടുതല്‍ മാധ്യമവ്യാഖ്യാനങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.

കോട്ടയത്തെ പരിപാടിയിലും തിരുവഞ്ചൂർ വിഭാഗത്തിന് എതിർപ്പ്

കോട്ടയം ഈരാറ്റുപേട്ടയിൽ ശശി തരൂരിനെ പങ്കെടുപ്പിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തോടും തിരുവഞ്ചൂർ വിഭാഗത്തിന് ആഭിമുഖ്യം ഇല്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ജില്ലയിലെ തിരുവഞ്ചൂർ വിഭാഗത്തിന്റെ വിശ്വസ്തരായ യൂത്ത് കോൺഗ്രസ് നേതാക്കൾ പരിപാടിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. കോട്ടയം ജില്ലയിലെ എ ഗ്രൂപ്പിൽ തിരുവഞ്ചൂർ വ്യക്തമായ കടന്നുകയറ്റം നടത്തിയിരുന്നു. ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ ജില്ലയിൽ അദ്ദേഹത്തിന് ആധിപത്യം സ്ഥാപിക്കാം എന്ന കണക്കുകൂട്ടലിന് ശശി തരൂർ നടത്തുന്ന നീക്കങ്ങൾ തിരിച്ചടിയാകുമോ എന്ന് ഭയത്തിലാണ് ഇത് എന്നും വിലയിരുത്തലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക