ലയണല്‍ മെസി എന്ന ഇതിഹാസതുല്യനായ ഫുട്ബോള്‍ താരം കളിച്ചേക്കാവുന്ന അവസാന ലോകകപ്പ്. ഖത്തറിലേക്ക് എത്തുമ്ബോള്‍ സ്കലോനി എന്ന പരിശീലകനും സംഘത്തിനും മുന്നിലുള്ള ഏറ്റവും വലിയ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല, മെസിക്കുവേണ്ടി ലോകകിരീടവുമായി അര്‍ജന്‍റീനയിലേക്ക് മടങ്ങുക. എന്നാല്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുകയാണ്. ഗ്രൂപ്പിലെ താരതമ്യേന ദുര്‍ബലരായ സൗദിയോട് തോറ്റതോടെ, കരുത്തരായ മെക്സിക്കോയെയും പോളണ്ടിനെയും നേരിടാന്‍ ഇറങ്ങുമ്ബോള്‍ അര്‍ജന്‍റീനയ്ക്കും ആരാധകര്‍ക്കും ചങ്കിടിപ്പേറുമെന്നത് സ്വാഭാവികമായി മാറി. എന്നാല്‍ 2010ല്‍ ആദ്യ മത്സരം തോറ്റശേളം ലോകകപ്പ് നേടിയ സ്പെയിനിനെ പോലെ അര്‍ജന്‍റീന ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

തോല്‍വിയുടെ നിരാശയിലും ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയും പോളണ്ടും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞത് അര്‍ജന്റീനയ്ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്റുമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തും മെക്‌സിക്കോയും പോളണ്ടും ഓരോ പോയിന്റ് വീതം നേടി രണ്ടും മൂന്നും സ്ഥാനങ്ങളിലായുമാണ്. ആദ്യ കളി തോറ്റ അര്‍ജന്‍റീന അവസാന സ്ഥാനത്താണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ടിനെയും കരുത്തരായ മെക്‌സിക്കോയെയും അടുത്ത രണ്ട് മത്സരങ്ങളില്‍ തോല്‍പ്പിക്കാന്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനയ്ക്ക് കഴിഞ്ഞാല്‍, അവര്‍ക്ക് ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്താം. മെക്സിക്കോയും പോളണ്ടും അവരുടെ ശേഷിക്കുന്ന കളികളില്‍ സൗദി അറേബ്യയെ തോല്‍പിച്ചാലും, ആറ് പോയിന്റുമായി ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന ഒന്നാമതാകും, മെക്സിക്കോയ്ക്കും പോളണ്ടിനും 4 പോയിന്റ് വീതമേ ഉണ്ടാകൂ. ഇതോടെ ഈ ടീമുകളില്‍ ഗോള്‍ശരാശരിയില്‍ മുന്നിലുള്ള ടീം പ്രീ-ക്വാര്‍ട്ടറിലെത്തും.

ഇനി മെസിയുടെ ടീം അടുത്ത രണ്ട് മത്സരങ്ങളില്‍ ഒരു വിജയവും സമനിലയുമാണ് നേടുന്നതെങ്കില്‍, മതിയായ ഗോള്‍ വ്യത്യാസമുണ്ടെങ്കില്‍ രണ്ടാം റൌണ്ടിലേക്ക് മുന്നേറാനാകും. നവംബര്‍ 27 ഞായറാഴ്ച രാവിലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 ന് കരുത്തരായ മെക്‌സിക്കോയ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളുമായുള്ള മത്സരത്തില്‍ ഏതെങ്കിലുമൊന്ന് തോറ്റാല്‍ അര്‍ജന്‍റീനയ്ക്ക് പുറത്തേക്കുള്ള വഴി തെളിയും. രണ്ടു മത്സരങ്ങളും സമനിലയില്‍ കലാശിച്ചാല്‍ പോലും ഖത്തര്‍ അര്‍ജന്‍റീനയ്ക്ക് വേദനയുള്ള ഓര്‍മ്മയായി മാറും.

രണ്ട് മത്സരങ്ങളും ജയിച്ചാല്‍ അര്‍ജന്‍റീനയ്ക്ക് തിരിഞ്ഞുനോക്കേണ്ടതില്ല, എന്നാല്‍, ഒരു മത്സരം ജയിക്കുകയും മറ്റൊന്ന് സമനിലയാകുകയും ചെയ്താല്‍ മികച്ച ഗോള്‍ ശരാശരി കാത്തുസൂക്ഷിക്കുകയും, മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചുമായിരിക്കും മെസിയുടെ ടീമിന്‍റെ ഭാവി. ചുരുക്കം പറഞ്ഞാല്‍ ഇനി അര്‍ജന്‍റീനയെ കാത്തിരിക്കുന്നത് ജീവന്‍മരണ പോരാട്ടങ്ങളാണെന്ന് സാരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക