തിരുവനന്തപുരം: സംസ്ഥാന തലവനായ ഗവര്‍ണര്‍ക്കെതിരേ ഇടതുമുന്നണി നടത്തിയ രാജ്ഭവന്‍ വളയല്‍ സമരത്തില്‍ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വീകരിച്ച നടപടി അറിയിക്കാന്‍ ചീഫ് സെക്രട്ടറിയോടു ഗവര്‍ണര്‍ നിര്‍ദേശിച്ചു. സെക്രട്ടേറിയറ്റിലെ സുപ്രധാന തസ്തികകളില്‍ ജോലി നോക്കുന്ന ഏഴ് ഉന്നത ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തതായി തെളിയിക്കുന്നതിനു വിഡിയോയും ഫോട്ടോയും ഉള്‍പ്പെടെയുള്ള പരാതി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കു ലഭിച്ചിരുന്നു.

ഏതാനും ദിവസം മുന്‍പു ബിജെപി നേതൃത്വം ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച പരാതി നല്‍കിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണു നടപടി. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച സാഹചര്യത്തില്‍ ഇവര്‍ക്കെതിരേ എന്തു നടപടിയാണ് സ്വീകരിച്ചതെന്നു ചോദിച്ചു ഗവര്‍ണര്‍ക്കു വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണു ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയത്. സെക്രട്ടേറിയറ്റില്‍ പഞ്ച് ചെയ്ത ശേഷമാണോ ഇവര്‍ സമരത്തിന് എത്തിയതെന്നും ചോദിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍സ്ഥാനത്തുനിന്നു ഗവര്‍ണറെ പുറത്താക്കാനുള്ള ബില്‍ നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ ഡിസംബര്‍ അഞ്ചിനുതന്നെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. ഒരു ബില്‍ ആയാണ് ഇത് അവതരിപ്പിക്കുക. ആര്‍ട്സ് ആന്‍ഡ് സയന്‍സ് വിഷയങ്ങളിലുള്ള ഒന്‍പത് സര്‍വകലാശാലകളുടെ ബില്‍ ഇംഗ്ലീഷിലും അഞ്ചു സര്‍വകലാശാലകളുടേതു മലയാളത്തിലും ആയിരിക്കും. അതിനിടെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ വൈകുന്നേരം ഡല്‍ഹിക്കു പോയി. ഗോവ സന്ദര്‍ശിച്ച ശേഷം 28ന് അദ്ദേഹം മടങ്ങി എത്തും.

അതിനിടെ, അതിഥികള്‍ക്കു സഞ്ചരിക്കുന്നതിനായി മൂന്നു വാഹനങ്ങള്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടു ഗവര്‍ണര്‍ നേരത്തേ നല്‍കിയ കത്ത് സര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്ഭവനില്‍ എത്തുന്ന അതിഥികള്‍ക്കു സഞ്ചരിക്കാന്‍ മൂന്നു വാഹനങ്ങള്‍ ആറു മാസത്തേക്കു നല്‍കണമെന്നാണു നിര്‍ദേശം. എന്നാല്‍, രാജ്ഭവനില്‍ എത്തുന്ന അതിഥികള്‍ക്കു സഞ്ചരിക്കാനുള്ള വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ ടൂറിസം വകുപ്പിനോടാണു സര്‍ക്കാരും രാജ്ഭവനും സാധാരണ ആവശ്യപ്പെടുന്നതെന്നു രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക