ഇന്നോവയുടെ പുതിയ മോഡല്‍ സെനിക്സിനെ ഇന്തൊനീഷ്യന്‍ വിപണിയില്‍ പുറത്തിറക്കി ടൊയോട്ട. മൂന്നു വകഭേദങ്ങളിലായി പുറത്തിറങ്ങിയ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 419000000 ഇന്തൊനീഷ്യന്‍ റുപ്പിയയിലാണ് (ഏകദേശം 22 ലക്ഷം രൂപ). ഈ മാസം 25ന് സെനിക്സിന്റെ ഇന്ത്യന്‍ പതിപ്പ് ഹൈക്രോസിനെ ഇന്ത്യയിലും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഇന്തൊനീഷ്യന്‍ പതിപ്പില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയായിരിക്കും ഹൈക്രോസും വിപണിയിലെത്തുക.

എംപിവിക്കാള്‍ ഏറെ ക്രോസ് ഓവര്‍ ലുക്കാണ് പുതിയ ഹൈക്രോസിന്. ടൊയോട്ടയുടെ ടിഎന്‍ജി-എ ജിഎ-സി മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. പെട്രോള്‍, ഹൈബ്രിഡ് എന്‍ജിനുകളുണ്ട്. ഇന്നോവ ക്രിസ്റ്റയെക്കാള്‍ വലുപ്പമുള്ള വാഹനമാണ് സെനിക്സ്. 4755 എം എം നീളവും 1850 എംഎം വീതിയുമുണ്ട്. ഇന്നോവ ക്രിസ്റ്റയുടെ നീളം 4735 എംഎമ്മും വീതി 1830 എംഎമ്മും. ഉയരം രണ്ടു വാഹനത്തിനും 1795 എംഎം തന്നെ. വീല്‍ബെയ്സിന്റെ കാര്യത്തില്‍ 2850 എംഎമ്മൊടെ ക്രിസ്റ്റയെക്കാള്‍ 100 എംഎം മുന്നിലാണ് സെനിക്സ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്‍യുവി രൂപഗുണമുള്ള ക്രോസ് ഓവര്‍ ലുക്ക്:

അപ്റൈറ്റ് പൊസിഷനാണ് ബോണറ്റിന്, ക്രോം ആവരണമുള്ള ട്രപ്പിസോഡല്‍ ഗ്രില്‍, ഉയര്‍ന്ന ഹെഡ്‌ലാംപുകള്‍, ബംബറിലേക്ക് ഇറങ്ങിയ എല്‍ഇഡി ഡേറ്റൈം റണ്ണിങ്ങ് ലാംപുകള്‍ തുടങ്ങി ഏറെ സവിശേഷതകള്‍ മുന്നില്‍ നിന്നു ദൃശ്യമാണ്. ഫോഗ്‌ലാംപുകളും എയര്‍ഡാമും ചേര്‍ത്ത് മനോഹരമായ ബംപര്‍ ഡിസൈനില്‍ ടൊയോട്ട ഡിസൈനര്‍മാരുടെ മികവ് പ്രകടമാണ്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം (എഡിഎഎസ്) സംവിധാനമുള്ള ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ വാഹനമായിരിക്കും ഹൈക്രോസ്.

ഹൈടെക് ഇന്റീരിയര്‍

പ്രീമിയം ലുക്കുള്ള ഇന്റീരിയര്‍. വിവിധ ലെയറുകളായി രൂപപ്പെടുത്തിയ വിധത്തിലുള്ള ഡാഷ്ബോര്‍ഡ് ഇന്റീരിയറിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. പത്ത് ഇഞ്ച് ടച്ച്‌ സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം. 4.2 ഇഞ്ചാണ് മീറ്റര്‍ കണ്‍സോളിലെ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ സിറ്റം. മികച്ച യാത്ര സുഖം നല്‍കുന്ന സീറ്റുകള്‍. പനോരമിക് സണ്‍റൂഫാണ് വാഹനത്തിന്. ആദ്യമായിട്ടാണ് ഇന്നോവയില്‍ സണ്‍റൂഫ് വരുന്നത്. രാജ്യാന്തര വിപണിയിലെ വോക്സി എംപിവിയുടെ സ്റ്റിയറിങ് കോളവും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി അടുത്ത സാമ്യം വാഹനത്തിനുണ്ട്. പല സോണുകളാക്കിയ ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച്‌ സെന്‍സിറ്റീവ് എച്ച്‌വിഎസി കണ്‍ട്രോള്‍ തുടങ്ങിയ നവീന സാങ്കേതിക വിദ്യകളുടെ സങ്കലനവുമുണ്ട്. 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജിങ്, തുടങ്ങിയ വിദ്യകളും ഇന്ത്യന്‍ മോഡലില്‍ പ്രതീക്ഷിക്കാം.

ടെക്കും സുരക്ഷയും

ടൊയോട്ട സെയിഫ്റ്റി സെന്‍സ് 3.0 യുമായാണ് സെനിക്സ് എത്തിയത്. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലൈന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോ ഹൈ-ബീം അസിസ്റ്റ് എന്നിവ അടങ്ങിയ ഈ സാങ്കേതിക വിദ്യ ഇന്ത്യന്‍ മോഡലിലും എത്തിയേക്കാം. കൂടാതെ 6 എയര്‍ബാഗുകള്‍, മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും.

ഡീസല്‍ ഇല്ല പകരം ഹൈബ്രിഡ്ര്

2 പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് പുതിയ വാഹനത്തിന്. ഡീസല്‍ എന്‍ജിനു പകരം ഇന്ധനക്ഷമത കൂടിയ 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍. ഹൈബ്രിഡ് പതിപ്പിന് 20 മുതല്‍ 23 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്തിടെ വിപണിയിലെത്തിയ ടൊയോട്ട ഹൈറൈഡറിന്റെ അതേ സാങ്കേതികവിദ്യ തന്നെയായിരിക്കും പുതിയ മോഡലിനും. ലാഡര്‍ ഫ്രെയിം ഷാസിക്ക് പകരം മോണോകോക്കിലാണ് പുതിയ വാഹനം നിര്‍മിക്കുന്നത്. മുന്‍വീല്‍ ഡ്രൈവ് ലേ ഔട്ടിലുള്ള വാഹനം നിര്‍മിക്കുന്നത് ടിഎന്‍ജിഎ-സി പ്ലാറ്റ്ഫോമിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക