മലയാളത്തിലെ ദൃശ്യം 2 പുറത്തിറങ്ങിയപ്പോള്‍ ഭൂരിഭാഗം മലയാളി സിനിമാ പ്രേമികളും ചിത്രത്തിന്‍റെ തീയറ്റര്‍ അനുഭവം നഷ്ടമായതില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ മലയാളികള്‍ക്ക് ലഭിക്കാതെ പോയ ഭാഗ്യം ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ബോളിവുഡ് സിനിമാ പ്രേമികള്‍ക്കാണ്. നവംബര്‍ 18 നാണ് അജയ് ദേവ്ഗണിനെ നായകനാക്കി മലയാളത്തിലെ ദൃശ്യം 2 ന്‍റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങിയത്. ദൃശ്യം 2 എന്ന് തന്നെയാണ് ചിത്രത്തിന്‍റെ പേര്.

2015 ല്‍ മലയാളത്തിലെ ദൃശ്യത്തിന്‍റെ റീമേക്കും അജയ് ദേവ്ഗണിനെ നായകനാക്കി പുറത്ത് വന്നിരുന്നു. അന്ന് വലിയ ബോക്സ് ഓഫീസ് വിജയം ഒന്നും ആയില്ലെങ്കിലും ചിത്രത്തിന് നോര്‍ത്ത് ഇന്ത്യയില്‍ വലിയ ഫാന്‍ ബേസ് ഉണ്ടായി. അതിന്‍റെ തെളിവാണ് ദൃശ്യം 2 ന് ഇന്ത്യ മുഴുവന്‍ ലഭിക്കുന്ന മികച്ച പ്രേക്ഷക സ്വീകാര്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടാം ഭാഗത്തിലേക്ക് വരുമ്ബോള്‍ മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച്‌ മികച്ചതാക്കിയ ഐജി തോമസ് ബാസ്റ്റിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ് ഖന്ന ആയിരുന്നു. ഐ.ജി തരുണ്‍ അഹ്ലാവത് എന്നായിരുന്നു ഈ കഥാപാത്രത്തിന്‍റെ പേര്. ഇന്‍വസ്റ്റിഗേഷന്‍, ത്രില്ലര്‍ മൂഡിലുള്ള ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാറുള്ള അഭിനേതാവാണ് അക്ഷയ് ഖന്ന. അദ്ദേഹത്തിന്‍റെ തന്നെ മുന്‍ ചിത്രങ്ങളായ ഇത്തെഫാക്, സെക്ഷന്‍ 375 എന്നീ ചിത്രങ്ങളില്‍ ഇതിന് ഉദ്ദാഹരണമാണ്.

ദൃശ്യം 2 വിലേക്ക് വരുമ്ബോഴും അതേ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. നല്ലൊരു ബില്ഡപ്പോടെ ഈ കഥാപാത്രത്തെ തുടക്കത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിന്‍റെ അവസാനം ഐ.ജി തരുണ്‍ അഹ്ലാവത്തിന്‍റെ പ്രാധാന്യം വളരെയധികം കുറഞ്ഞ് പോയത് പോലെ അനുഭവപ്പെട്ടു. മലയാളത്തിലെ ദൃശ്യം 2 അതേപോലെ പകര്‍ത്താതെ നിരവധി മാറ്റങ്ങള്‍ വരുത്തിയായിരുന്നു ഹിന്ദിയിലെ ദൃശ്യം 2 ന്‍റെ അവതരണം. എന്നാല്‍ മലയാളത്തില്‍ പ്രേക്ഷകരില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിയ പല രംഗങ്ങളും അതേ തീവ്രതയോടെ ഹിന്ദിയില്‍ അവതരിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ തര്‍ക്ക വിഷയമാണ്.

ഹിന്ദി ദൃശ്യം 2 ല്‍ എടുത്ത് പറയേണ്ടത് അതിന്‍റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ്. പ്രത്യേകിച്ച്‌ ചിത്രത്തിന്‍റെ ടൈറ്റില്‍ സോങ്ങ്. ഹിന്ദി ആദ്യ ഭാഗത്തിന്‍റെ രംഗങ്ങള്‍ പ്രേക്ഷകരെ ചിത്രങ്ങളിലൂടെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള ടൈറ്റില്‍ സോങ്ങ് കാണികളില്‍ ഒരു പ്രത്യേക രോമാഞ്ചം ഉണ്ടാക്കുന്നത് ആയിരുന്നു. ജോര്‍ജുകുട്ടിയും കുടുംബവും ചെയ്ത തെറ്റിന്‍റെ പേരില്‍ പിന്നീടുള്ള ജീവിതത്തിലും അവര്‍ ബുദ്ധിുട്ടുന്നതായി മലയാളത്തിലെ ദൃശ്യം 2 വില്‍ കാണിച്ചപ്പോള്‍ ഹിന്ദിയിലേക്ക് വരുമ്ബോള്‍ നായകനും കുടുംബവും സന്തോഷകരമായ മറ്റൊരു ജീവിതം നയിക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇത് പ്രേക്ഷകരില്‍ എന്ത് തരത്തിലുള്ള സന്ദേശമാണ് പകരുന്നതെന്നും ചിന്തിക്കേണ്ടതുണ്ട്. എങ്കിലും മലയാളത്തിലെ ദൃശ്യം 2 ന്‍റെ ആത്മാവ് ഒട്ടും തന്നെ ചോര്‍ന്ന് പോവാതെ നല്ല രീതിയില്‍ത്തന്നെ സ്ക്രീനിലെത്തിച്ച ഒരു റീമേക്കായിരുന്നു ഹിന്ദി ദൃശ്യം 2.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക