കൊച്ചി: നന്നായി പഠിച്ചും, പഠിപ്പിച്ചും മതിയായ യോഗ്യതയുള്ളവര്‍ പുറത്തുനില്‍ക്കുമ്ബോള്‍, അയോഗ്യരായവര്‍ സുഖമായി അകത്തുകടക്കുന്ന രാഷ്ടീയ ഇഷ്ട നിയമനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് പ്രിയ വര്‍ഗ്ഗീസ് കേസിലെ ഹൈക്കോടതി വിധി. കേരളത്തിൽ സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ എക്കാലത്തും വിവാദമായിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ നിയമനങ്ങളെ ശക്തമായി ചോദ്യം ചെയ്യുന്നതിന് മുമ്ബ് തന്നെ ബന്ധുനിയമനങ്ങളുടെ നീണ്ട പട്ടിക മാധ്യമങ്ങളില്‍ നിരന്നതാണ്. കേരള സര്‍വകലാശാലയില്‍ സി പി എം നേതാവ് പി കെ ബിജുവിന്റെ ഭാര്യയ്ക്കും, കാലടി സര്‍വകലാശാലയില്‍ എം ബി രാജേഷിന്റെ ഭാര്യയ്ക്കും നിയമനം നല്‍കിയത് നേരത്തെ വിവാദമായ സംഭവങ്ങളാണ്.

ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കാനുള്ള നീക്കവും വലിയ വിവാദമായി. ഹൈക്കോടതി വിധി പ്രിയ വര്‍ഗ്ഗീസിന് മാത്രമല്ല, സര്‍ക്കാരിനും വലിയ ക്ഷീണമാണ്. വിധി പ്രതികൂലമായതോടെ, സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് കിട്ടുന്ന വലിയാരു ആയുധമായി. കൂടാതെ തന്റെ വാദങ്ങളെല്ലാം ശരിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തെളിയിക്കാനുള്ള ഒരു അവസരം കൂടി കിട്ടിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിയില്‍ നിരീക്ഷിച്ചത്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യുജിസി ചൂണ്ടിക്കാട്ടിയ അദ്ധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയുമാണ് പ്രിയ വര്‍ഗ്ഗീസ്.

പ്രിയ വര്‍ഗീസിന് എന്തെങ്കിലും അദ്ധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി പറയുന്നു. യുജിസിയുടെ നിബന്ധനകള്‍ക്കപ്പുറം പോകാന്‍ കോടതിക്ക് കഴിയില്ല. പ്രിയ വര്‍ഗീസിന് മതിയായ അദ്ധ്യാപന പരിചയമില്ല. ഈ അഭിമുഖത്തില്‍ അഭി ഏറ്റവും പ്രധാനം യുജിസിയുടെ ചട്ടങ്ങളാണ്. ഏത് സാഹചര്യത്തിലും അത് മറികടക്കാന്‍ കഴിയില്ലെന്നും കോടതി വിധിയിലുണ്ട്. ഈ സാഹചര്യത്തില്‍ അസോ.പ്രൊഫസര്‍ പദവിക്ക് അപേക്ഷിക്കാന്‍ പ്രിയ വര്‍ഗ്ഗീസ് അയോഗ്യയാണ്.

കോടതിയുടെ അഞ്ചുചോദ്യങ്ങൾ

1- ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നോ?

2- സ്റ്റുഡന്റ്‌സ് ഡയറക്ടര്‍ പദവി വഹിക്കുന്നത് എങ്ങനെ അദ്ധ്യാപന പരിചയമാവും?

3- എന്‍ എസ് എസ് കോ-ഓര്‍ഡിനേറ്ററായിരുന്നത് ഇപ്പോഴല്ലേ പറയുന്നത് ?

4- മതിയായ യോഗ്യതയുടെ വിവരങ്ങള്‍ അപേക്ഷയോടൊപ്പം നല്‍കിയിരുന്നോ?

5- സ്‌ക്രൂട്ടിനി കമ്മിറ്റിക്കു നല്‍കാത്ത വിവരങ്ങള്‍ കോടതിയില്‍ പറഞ്ഞിട്ടെന്തുകാര്യം?

അദ്ധ്യാപകര്‍ രാഷ്ട്ര നിര്‍മ്മാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അദ്ധ്യാപകരെന്നും വിധിയില്‍ ഹൈക്കോടതി നിരീക്ഷിക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ സൂക്ഷ്മ പരിശോധന സത്യസന്ധമായാണ് നടത്തിയതെന്നും വിദഗ്ദ്ധര്‍ അടങ്ങിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പില്‍ കോടതിക്ക് ഇടപെടാന്‍ ആകില്ലെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പറഞ്ഞതായി കോടതി വിധിയില്‍ പറയുന്നുണ്ട്. പദവിക്ക് അപേക്ഷിക്കാന്‍ വേണ്ട അദ്ധ്യാപന പരിചയം പോലും പ്രിയ വര്‍ഗ്ഗീസിന് ഇല്ലായിരുന്നുവെന്ന് നിരീക്ഷണവും ഹൈക്കോടതി വിധിയില്‍ നടത്തുന്നുണ്ട്. പ്രിയ വര്‍ഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങള്‍ കോടതിക്ക് മുന്നില്‍ ഇല്ല, സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങള്‍ ഒരിക്കലും അദ്ധ്യാപന പരിചയം അല്ല,NSS കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നപ്പോള്‍ പ്രിയ വര്‍ഗീസിന് അദ്ധ്യാപക ചുമതല ഉണ്ടായിരുന്നില്ലെന്നും കോടതി പറയുന്നു.

അസോ.പ്രൊഫസര്‍ നിയമനത്തിന് നിഷ്‌കര്‍ഷിക്കപ്പെട്ട യോഗ്യതയോടൊപ്പം അദ്ധ്യാപന പരിചയം കൂടി വേണം എന്ന് പറയുമ്ബോള്‍ യോഗ്യത നേടിയ ശേഷമുള്ള അദ്ധ്യാപന പരിചയത്തെ ആണ് ഉദ്ദേശിക്കുന്നതെന്ന് വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. നിരവധി പേര്‍ കക്ഷി ചേര്‍ന്ന ഈകേസില്‍ പ്രിയയുടെ നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരനായ പ്രൊഫസര്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജി നിലനില്‍ക്കില്ല എന്ന വാദം ഉന്നയിച്ചത് പ്രിയയുടെ അഭിഭാഷകന്‍ മാത്രമാണെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ പോലും ആ വാദം ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അദ്ധ്യാപക ജോലി ചെയ്യാത്തവരെ അദ്ധ്യാപന പരിചയമുള്ളവരായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക