ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് ക്ഷാമം. വെയര്‍ഹൗസുകളിലെ മദ്യത്തിന്‍റെ സ്റ്റോക്ക് കുറഞ്ഞ് വരികയാണ്. ഇതോടെ വ്യാജമദ്യ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന് എക്സൈസ് ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. പ്രതിദിനം 20,000 കെയ്സ് മദ്യമാണ് കേരളത്തില്‍ വില്‍ക്കുന്നത്. നിലവില്‍ വെയര്‍ഹൗസുകളില്‍ രണ്ട് ലക്ഷം കെയ്സ് മദ്യം മാത്രമാണ് സ്റ്റോക്കുള്ളത്. വില്‍പ്പന കുറഞ്ഞതോടെ ബിവറേജസ് ഷോപ്പുകളില്‍ നിന്നുള്ള പ്രതിദിന വരുമാനം 17 കോടിയില്‍ താഴെയായി കുറഞ്ഞു. നേരത്തെ ഇത് 25 കോടിയിലധികം രൂപയായിരുന്നു.

വിലയേറിയ ബ്രാന്‍ഡുകളുടെ സ്റ്റോക്ക് ഉണ്ടെങ്കിലും, ജനപ്രിയ ബ്രാന്‍ഡുകളില്‍ പലതും കിട്ടാനില്ല. എം.സി.ബി, ഹണീബി, ഓ.പി.ആര്‍, ഓ.സി.ആര്‍, ഓള്‍ഡ് മങ്ക് എന്നീ ബ്രാന്‍ഡുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ജവാന്‍ റമ്മിന്‍റെ ഉല്‍പ്പാദനവും തുച്ഛമാണ്. ഒരു മാസത്തിലേറെയായി ക്ഷാമം നേരിടുന്നുണ്ടെന്നും എന്നാല്‍ ബുധനാഴ്ച മുതല്‍ ഇത് കൂടുതല്‍ രൂക്ഷമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വെയര്‍ഹൗസുകളില്‍ ലഭ്യമായ സ്റ്റോക്ക് മാത്രമാണ് ഔട്ട്ലെറ്റുകളില്‍ എത്തുന്നത്. പല ബ്രാന്‍ഡുകളും ലഭ്യമല്ലാത്തതിനാല്‍ ഔട്ട്ലെറ്റുകളിലും തര്‍ക്കങ്ങള്‍ സാധാരണമാവുകയാണ്. കൊവിഡിന് ശേഷം ഉണ്ടായ വിലക്കയറ്റവും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിക്ക മദ്യശാലകളിലും ഉത്പാദനം നിലച്ചു. ജനപ്രിയ ബ്രാന്‍ഡുകളുടെ ഉല്‍പ്പാദനമാണ് ആദ്യം നിര്‍ത്തിയത്. മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്‍റെ വില വര്‍ദ്ധനവിന് ആനുപാതികമായി മദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിക്കണമെന്നാണ് നിര്‍മ്മാണ കമ്ബനികളുടെ ആവശ്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്പിരിറ്റിന്‍റെ വില ലിറ്ററിന് 64 രൂപയില്‍ നിന്ന് 74 രൂപയായി ഉയര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സംസ്ഥാനത്ത് വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്‍റെ 95 ശതമാനവും ഇവിടെ ഉത്പാദിപ്പിക്കുന്നതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മദ്യം കൊണ്ടുവരാനുള്ള ശ്രമം വിജയിച്ചിട്ടില്ല. സ്പിരിറ്റ് വില വര്‍ദ്ധനവിന് പുറമെ വിറ്റുവരവ് നികുതിയെച്ചൊല്ലി ഡിസ്റ്റിലറി ഉടമകളും ബിവറേജസ് കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കവും മദ്യ ഉല്‍പാദനം നിര്‍ത്താന്‍ കാരണമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക