ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടത് താനാണെന്ന് പറഞ്ഞെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്’ നല്‍കിയ അഭിമുഖത്തിലാണ് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് എംഡി ‘ജനക്ഷേമ സഖ്യ’ത്തിന്റെ രൂപീകരണത്തിന് കാരണമായ യോഗത്തേക്കുറിച്ച്‌ പ്രതികരിച്ചത്.

‘തെലങ്കാനയിലെ ഒരു എംപിയാണ് ഞാന്‍ അരവിന്ദ് കെജ്രിവാളുമായി യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ഒരു പൊതുസുഹൃത്ത് ഡല്‍ഹി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചയൊരുക്കി. ഡല്‍ഹിയില്‍ രാജകീയ വരവേല്‍പാണ് കെജ്രിവാള്‍ നല്‍കിയത്. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടയാളാണ് താനെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ മറുപടി നല്‍കി,’ സാബു എം ജേക്കബ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കേരളത്തിലെ എഎപിയുമായി കെജ്രിവാളിന് ഒരു ബന്ധവുമില്ല. എഎപി സംസ്ഥാന നേതാവ് പി സി സിറിയക്കിനെ പോലും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ടി20 പരിപാടിക്ക് കെജ്രിവാളിനെ ക്ഷണിച്ചു. കേരള ഘടകത്തോട് ആലോചിക്കുക പോലും ചെയ്യാതെ പെട്ടെന്ന് തന്നെ അദ്ദേഹം വരാമെന്ന് സമ്മതിച്ചു. വികസനം കൊണ്ടുവരുമെങ്കില്‍ ആരുമായും സഖ്യത്തിന് ടി20 തയ്യാറാണ്. എഎപി കേരള ഘടകത്തില്‍ നേതൃപരമായ പ്രശ്‌നങ്ങളുണ്ട്. പാര്‍ട്ടി ഇവിടെ പുനഃസംഘടിപ്പിക്കപ്പെടുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ കേരള നേതൃസ്ഥാനം ഏല്‍ക്കാനാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. ആരുമായും ലയനത്തിന് ഇല്ലെന്നും പാര്‍ട്ടിയെന്ന നിലയില്‍ ഒറ്റയ്ക്ക് നില്‍ക്കാനാണ് താല്‍പര്യമില്ലെന്നും കെജ്രിവാളിനോട് പറഞ്ഞു,’

തനിക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനങ്ങള്‍ വെച്ചു നീട്ടിയെന്നും ടി20 നേതാവ് പ്രതികരിച്ചു. എനിക്ക് പണത്തോടോ അധികാരത്തോടോ ആര്‍ത്തിയില്ല. സ്ഥാനമോ അധികാരമോ വേണ്ടിയിരുന്നെങ്കില്‍ എനിക്ക് എളുപ്പത്തില്‍ ഒരു രാജ്യസഭാ നോമിനിയാകാന്‍ കഴിയുമായിരുന്നു. മന്ത്രിയാകാന്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് ഓഫറുകള്‍ വന്നു. പക്ഷെ, ആരില്‍ നിന്നും ഒരു ആനുകൂല്യവും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. പക്ഷെ, തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഞാന്‍ അത് ചെയ്യും, സാബു വ്യക്തമാക്കി.

കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ എനിക്കൊരു താല്‍പര്യവുമില്ല. സാഹചര്യങ്ങളുടെ അനിവാര്യത കൊണ്ട് ഞാന്‍ മുഖ്യമന്ത്രിയായാല്‍ ഞാനെന്റെ സ്വന്തം കാര്‍ ആകും ഉപയോഗിക്കുക. ഞാന്‍ പണം കൊടുത്ത് വാങ്ങിയ പെട്രോളുപയോഗിച്ചാകും ആ കാര്‍ ഓടുക. എന്റെ ഡ്രൈവര്‍ തന്നെ അത് ഓടിക്കും. ഞാന്‍ കുടുംബത്തോടൊപ്പം വിദേശയാത്ര നടത്തുന്നത് എന്റെ സ്വന്തം ചെലവിലായിരിക്കും. സര്‍ക്കാര്‍ ചെലവില്‍ ആയിരിക്കില്ല,’

‘കേരളത്തിന് നരകത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ ടി20യ്ക്ക് ഒരു അവസരം നല്‍കണം. തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ പ്രതിനിധികള്‍ വിദ്യാഭ്യാസമുള്ളവരാണ്. പണത്തിന് വേണ്ടി എനിക്ക് അധികാരം പിടിച്ചെടുക്കുകയോ പൊതുജനങ്ങളെ കൊള്ളയടിക്കേണ്ടതിന്റെയോ ആവശ്യമില്ല. ടി20 അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന്റെ സമ്ബദ് വ്യവസ്ഥ പത്ത് വര്‍ഷം കൊണ്ട് രക്ഷപ്പെടും,’ സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക