കടപ്ലാമറ്റം: കേരളാ കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി യോഗത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് പക്ഷാഘാതം വന്ന് കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ ആയ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോയി കല്ലുപുരയുടെ നില ആശങ്കാ ജനകമായി തുടരുന്നു. കഴിഞ്ഞദിവസം കേരളാ കോൺഗ്രസ് (എം)കടപ്ലാമറ്റം മണ്ഡലം പ്രസിഡണ്ട് തോമസ് പുളിക്കയിലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുരയുമായി സംഘർഷം സൃഷ്ടിക്കുകയായിരുന്നു. തോമസ് പുളിക്കയിലിന്റെ ഭാര്യയും പഞ്ചായത്തും മെമ്പറുമായ ബീനാ തോമസിന് വേണ്ടി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യമാണ് ഇവർ മുന്നോട്ടുവെച്ചത്.

ഈ വിഷയം കാട്ടി ജോയിയുടെ കുടുംബാംഗങ്ങൾ പരാതി നൽകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം ഒരു നീക്കത്തിൽ നിന്ന് ഇവരെ പിന്തിരിപ്പിക്കാൻ വൈദികർ ഉൾപ്പെടെയുള്ളവരുടെ മധ്യസ്ഥം പാർട്ടിയുടെ ഉന്നത നേതൃത്വം തേടിയിരുന്നു. ജോയിയുടെ ഭാര്യ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മുൻ ജില്ലാ പ്രസിഡൻറ് സണ്ണി തെക്കേടത്തിന്റെ സഹോദരി കൂടിയാണ്. ഈ വഴിക്കും പരാതി നൽകാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കുവാൻ സമ്മർദ്ദങ്ങൾ നടത്തിയിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇത്തരം അനുരഞ്ജന ശ്രമങ്ങളെ എല്ലാം തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോൾ മുഖ്യമന്ത്രിക്കു നേരിട്ട് പരാതി സമർപ്പിച്ചിരിക്കുകയാണ്. പരാതിയുടെ കോപ്പി പോലീസ് ഉദ്യോഗസ്ഥർക്കും പ്രതിപക്ഷ നേതാവിനും, സ്ഥലം എംഎൽഎ മോൻസ് ജോസഫിനും അയച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടിയുടെ കേഡർ’ നേതൃത്വം പ്രതിക്കൂട്ടിൽ

മുഖ്യമന്ത്രിക്ക് കൊടുത്തിരിക്കുന്ന പരാതിയിൽ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത് പാർട്ടി നേതൃത്വത്തെയാണ്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് മുതിർന്ന കേരള കോൺഗ്രസ് നേതാവിന്റെ ഭാര്യ സ്വന്തം പാർട്ടിയുടെ നേതൃത്വത്തിനെതിരെ പരാതിയിൽ ഉയർത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കേരള കോൺഗ്രസിന് ഈ പരാതി വലിയ രാഷ്ട്രീയ പരീക്ഷണമായി മാറും എന്നതിൽ തർക്കമില്ല.

ജോസ് കെ മാണിയുടെ വിശ്വസ്തരായ നേതാക്കളെ പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും തന്ത്രപ്രധാനമായ തസ്തികകളിൽ നിയോഗിച്ചു കൊണ്ടാണ് കേരള കോൺഗ്രസ് ഇത്തവണ പുനസംഘടന പൂർത്തിയാക്കിയത്. ഇത്തരം നേതൃപദവികളിൽ ഇരിക്കുന്നവർക്ക് നിർണായകമായ അധികാരങ്ങൾ നൽകുന്ന രീതിയിൽ കേഡർ ശൈലിയിൽ മുന്നോട്ടുപോകുമെന്നാണ് പാർട്ടി ചെയർമാൻ തന്നെ പല അവസരങ്ങളിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ കേരള കോൺഗ്രസ് പോലുള്ള ഒരു പാർട്ടിയിൽ ഇത്തരം ഒരു ശൈലി പിന്തുടർന്നാൽ അത് പകപോക്കലിനും, വ്യക്തി താല്പര്യങ്ങളുടെ സംരക്ഷണത്തിനും ഉപയോഗിക്കപ്പെടും എന്നും പാർട്ടിയുടെ മുതിർന്ന നേതാക്കൾക്ക് പോലും മാനുഷികമായ പരിഗണനയോ പരിരക്ഷയോ ലഭിക്കില്ല എന്നതിനുമുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കടപ്ലാമറ്റത്ത് നടന്ന ദൗർഭാഗ്യകരമായ സംഭവവികാസങ്ങൾ.

ശൈലി മാറ്റം നയിക്കുന്നത് ഏകാധിപത്യത്തിലേക്ക്?

പാർട്ടി ചെയർമാന്റെ വിശ്വസ്തരായി പദവികളിൽ ഇരിക്കുന്ന ചില വ്യക്തികളുടെ ഏകാധിപത്യ പ്രവണത പാർട്ടിക്കുള്ളിൽ ശക്തിപ്പെടുവാൻ നിലവിലുള്ള ശൈലി മാറ്റം വഴിയൊരുക്കും എന്ന ആക്ഷേപം നേരത്തെ തന്നെ നിലനിന്നിരുന്നു. കെഎം മാണിയുടെ കാലത്ത് കേരളത്തിൽ എവിടെയും പാർട്ടിക്കുള്ളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾക്ക് പോലും അദ്ദേഹം നേരിട്ട് ഇടപെട്ട് പരിഹാരം കാണുവാൻ സമയം ചിലവഴിച്ചിരുന്നു. ഇത്തരം ഒരു ശൈലിയിലാണ് അര നൂറ്റാണ്ടായി കേരള കോൺഗ്രസ് എന്ന പാർട്ടി വളർന്നതും നില നിന്നതും. ഈ ശൈലിയിൽ ഒരു മാറ്റം വരുമ്പോൾ മുതിർന്ന നേതാക്കൾക്ക് പറയാനുള്ള കാര്യങ്ങൾ പോലും പരിഗണിക്കപ്പെടാതെ പോകുന്നു എന്ന യാഥാർത്ഥ്യമാണ് ഇപ്പോൾ കേരള കോൺഗ്രസിനെ ഉറ്റു നോക്കുന്നത്.

പാർട്ടി നേതാക്കളുടെ ജീവനു പോലും പുല്ലുവില

ജോയി കല്ലുപുര കേരള കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവാണ്. കെഎം മാണിയോട് അങ്ങേയറ്റത്തെ കൂറും, വിശ്വസ്തതയും പുലർത്തിയിരുന്ന നേതാവ് കൂടിയാണ് ഇദ്ദേഹം. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൂടിയാണ് ജോയി. ഇത്തരം ഒരു നേതാവ് പാർട്ടി ഓഫീസിനുള്ളിൽ നടന്ന യോഗത്തിനിടെ കുഴഞ്ഞു വീണിട്ടും അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ പോലും പാർട്ടി നേതൃ പദവികൾ വഹിക്കുന്നവർ സഹകരിച്ചില്ല എന്ന ഗൗരവതരമായ ആരോപണം പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഒരാളുടെ ആരോഗ്യനിലയെ പോലും ഗൗനിക്കാതെ സ്വജനപക്ഷപാതം കാട്ടുന്ന പാർട്ടി നേതൃത്വം എങ്ങനെ പാർട്ടിയെ മുന്നോട്ടു നയിക്കും എന്ന സന്ദേഹവും പാർട്ടിയുടെ പ്രവർത്തകർക്കിടയിൽ ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക