ജിത്തു ജോസഫ് എന്ന സംവിധായകന് വേണ്ടി ക്രൈം ത്രില്ലർ ജോണറിൽ തിരക്കഥകൾ രചിക്കാൻ ഇറങ്ങുന്ന ഏത് തിരക്കഥാകൃത്തിനും ഇതുതന്നെ സംഭവിക്കാം. കൂമൻ എന്ന ജിത്തു ജോസഫ് ആസിഫ് അലി ടീമിന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥയെ കുറിച്ചാണ് പറയുന്നത്. ട്വിസ്റ്റുകളുടെ ഒരു പെരുമഴയാണ് ജിത്തു ജോസഫ് സിനിമ എന്ന പൊതുധാരണയിൽ നിന്ന് രൂപീകൃതമായ ഒരു കഥയാണ് ഇത് എന്ന് പറയേണ്ടിവരും. ആവശ്യത്തിലധികം ട്വിസ്റ്റുകൾ ഈ കഥയെ വിശ്വാസിയോഗ്യം അല്ലാതാകുന്നു. ട്വിസ്റ്റുകൾക്ക് വേണ്ടി കഥയുടെ വിവിധ സാഹചര്യങ്ങളിൽ ഭദ്രതയില്ലാത്ത സൃഷ്ടിക്കപ്പെടുന്ന കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ഈ ചിത്രത്തെ ദുർബലപ്പെടുത്തുന്നു എന്ന് പറയാൻ സാധിക്കും. എങ്കിലും ഈ പോരായ്മകൾ അതിജീവിക്കാൻ പോകുന്ന ഒരുപാട് മേന്മകൾ കൂമൻ എന്ന സിനിമയ്ക്ക് ഉണ്ട് എന്നും പറയാതെ വയ്യ. തീയറ്ററിൽ രണ്ടു മണിക്കൂറിൽ അധികം എൻഗേജിഗ് ആയി ചിലവഴിക്കാൻ കൂമൻ എന്ന സിനിമ കാണാൻ എത്തുന്ന പ്രേക്ഷകർക്ക് സാധിക്കും.

നായക കഥാപാത്രം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാധാരണക്കാരനായ ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ആണ് ആസിഫ് അലി അവതരിപ്പിക്കുന്ന നായക കഥാപാത്രം. പക്ഷേ അയാളുടെ ഉള്ളിൽ അയാൾക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു സൈക്കോയുണ്ട്. ചെറിയ കാര്യങ്ങൾക്കു പോലും മറ്റുള്ളവരോട് പക മനസ്സിൽ സൂക്ഷിക്കുന്ന വിദ്വേഷാലുവായ ഒരു സൈക്കോ. ചിരിച്ചുകൊണ്ട് ചതിക്കാൻ മടിയില്ലാത്ത ഒരു സൈക്കോ. തനിക്ക് നേരെ ഉണ്ടാകുന്ന ചെറിയ തിരസ്കരണം പോലും അയാളിൽ തീവ്രമായ പകയാണ് ജനിപ്പിക്കുന്നത്. ഈ സിനിമയുടെ ആദ്യപകുതി ഈ കഥാപാത്രത്തെ കയ്യടക്കത്തോടെ ആസിഫ് അലി കൈകാര്യം ചെയ്തു എന്ന് പറയാൻ സാധിക്കും. എന്നാൽ രണ്ടാം പകുതിയിലേക്ക് വരുമ്പോൾ നേരത്തെ പറഞ്ഞതുപോലെ ട്വിസ്റ്റുകൾ ഉണ്ടാക്കാനുള്ള വ്യഗ്രതയിൽ കഥാപാത്രത്തിന്റെ സ്വഭാവ വൈകല്യങ്ങൾ രഞ്ജി പണിക്കർ ചെയ്യുന്ന കഥാപാത്രം പറയുന്ന ചില ഡയലോഗുകളിൽ ഒതുങ്ങി പോകുന്നു. നായക കഥാപാത്രം കേസ് അന്വേഷണം നടത്തുന്നതും, പ്രതിയിലേക്ക് എത്തുന്നതും ഡീറ്റൈലിങ്ങോടുകൂടി പറയാത്തതിനാൽ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവം ചലച്ചിത്രത്തിന് ലഭിക്കുന്നില്ല.

ജാഫർ ഇടുക്കി

ജാഫർ ഇടുക്കി അവതരിപ്പിക്കുന്ന കഥാപാത്രം സിനിമയ്ക്ക് ഒരു ഡാർക്ക് ഷെയ്ഡ് കൊണ്ടുവരുന്നുണ്ട്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു കഥാപാത്ര രൂപീകരണം തന്നെയാണ് നടന്നിരിക്കുന്നത്. അത് അതിമനോഹരമായി അഭിനയിച്ച പ്രതിഫലിപ്പിക്കുവാനും നടന് സാധിച്ചിട്ടുണ്ട്. വന്നുപോകുന്ന ഓരോ സീനുകളിലും അവിസ്മരണീയമായ പ്രകടനമാണ് ജാഫർ ഇടുക്കി കാഴ്ചവച്ചിരിക്കുന്നത്.

രഞ്ജി പണിക്കർ, ബാബുരാജ്, ബൈജു ഉൾപ്പെടെയുള്ള മറ്റു നടൻമാർ ഒന്നും കാര്യമായി അഭിനയിച്ച് പ്രതിഫലിപ്പിക്കേണ്ട ചുമതലയുള്ള വേഷങ്ങൾ അല്ല കൈകാര്യം ചെയ്തിട്ടുള്ളത് എന്നതിനാൽ കൂടുതൽ വിശദീകരണം അവയെക്കുറിച്ച് വേണ്ട.

സ്റ്റീരിയോ ടൈപ്പ്

ഒരു ദൃശ്യം സ്റ്റീരിയോ ടൈപ്പ് ഈ ചിത്രത്തിനുണ്ട് എന്ന് പറയാതിരിക്കാനാവില്ല. ആഖ്യാന ശൈലിയും, ചായക്കടയും, ചായക്കട കേന്ദ്രീകരിച്ച് നടക്കുന്ന സംഭാഷണങ്ങൾക്കും സംഭവങ്ങൾക്കും കഥയിലുള്ള പ്രാധാന്യവും എല്ലാം ഒരു ദൃശ്യം മോഡൽ തന്നെയാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് പലപ്പോഴും സിനിമ കണ്ടു പുറത്തിറങ്ങി കഴിയുമ്പോൾ ദൃശ്യം എന്ന സിനിമയുമായി ഇതിന് താരതമ്യം ചെയ്യാനുള്ള വ്യഗ്രത ഉണ്ടാകും. അത്തരം ഒരു വ്യഗ്രതയിൽ നിന്നുണ്ടാകുന്ന താരതമ്യം ഈ സിനിമയെ കുറിച്ച് മികച്ചതല്ലാത്ത ഒരു അഭിപ്രായം അവരുടെ മനസ്സിൽ സൃഷ്ടിച്ചാൽ പ്രേക്ഷകരെ കുറ്റം പറയാൻ സാധിക്കില്ല.

വിലയിരുത്തൽ

ജിത്തു ജോസഫിൽ നിന്ന് മറ്റൊരു മഹത്തരമായ ക്രൈം ത്രില്ലർ എന്നൊന്നും ആഘോഷിക്കാൻ ഇല്ലാത്ത ചിത്രമാണ് കൂമൻ. ജാഫർ ഇടുക്കി ഒഴികെ മറ്റു കഥാപാത്രങ്ങളുടെ അഭിനയവും എടുത്തു പറയത്തക്കതില്ല. ഒന്നാം പകുതിയിൽ ആസിഫലി മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ആകർഷകമായ ഒന്നാം പകുതിയും, ഭീതി ജനിപ്പിക്കുന്ന രണ്ടാം പകുതിയും ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകർക്ക് തീയറ്ററിൽ വിരസത ഉണ്ടാക്കില്ല. പക്ഷേ പ്രേക്ഷക അഭിപ്രായം കേട്ട് ആളുകൾ തിയേറ്ററിലേക്ക് എത്തുമോ എന്നത് സംശയിക്കേണ്ടതാണ്. തരക്കേടില്ലാത്ത ഒരു ക്രൈം സ്റ്റോറി എന്ന വിശേഷിപ്പിക്കാവുന്ന ഒരു ചിത്രമാണ് കൂമൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക