ബെംഗളൂരു: ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ മഠത്തിനുള്ളിൽ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് പിടിയിലായത് ഇരുപത്തിയൊന്നുകാരിയായ എൻജിനീയറിങ് വിദ്യാർഥിയും മറ്റൊരു മഠത്തിലെ സ്വാമിയും. ഹണിട്രാപ്പിൽ കുടുങ്ങിയതോടെയാണ് സ്വാമി ആത്മഹത്യ ചെയ്തതെന്നു പൊലീസ് കണ്ടെത്തി. കർണാടക രാമനഗരയിലെ കാഞ്ചുങ്കൽ ബണ്ടെയിലാണ് സ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നു കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെയാണ് വിദ്യാർഥിനിയും സ്വാമിയും പിടിയിലായത്.

ബസവലിംഗയുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ മുതലാണ് വിഡിയോ കോളിലൂടെ സ്വാമിയുടെ നഗ്നദൃശ്യങ്ങൾ ഉൾപ്പെടെ പെൺകുട്ടി പകർത്തിയത്. ബസവലിംഗയുമായി ശത്രുത പുലർത്തുന്ന കന്നൂർ മഠത്തിലെ മൃത്യുഞ്ജയ സ്വാമിയ്ക്കും ഇതിൽ പങ്കുണ്ടായിരുന്നു. പെൺകുട്ടിയും മൃത്യുഞ്ജയയും ചേർന്ന് ബസവലിംഗയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. വൻതുക ഇരുവരും ചേർന്ന് സ്വാമിയിൽ നിന്ന് കൈപ്പറ്റി. സ്ഥാനം ഒഴിയണമെന്നും ഇവർ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കന്നൂർ മഠത്തിലെ സ്വാമിമാരുമായി പ്രശ്നം ഉണ്ടായതോടെയാണ് ബസവലിംഗയെ കുടുക്കാൻ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് 25 പേരെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ ഇവർ രണ്ടുപേർക്കും മാത്രമേ ബന്ധമുള്ളുവെന്നും കണ്ടെത്തി. മുരുക മഠത്തിലെ സ്വാമി ശിവമൂർത്തി മുരുക, സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ താനും അറസ്റ്റിലായേക്കുമെന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഒക്ടോബർ 24നാണ് നാൽപ്പത്തിയഞ്ചുകാരനായ സ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 1997 മുതൽ കാഞ്ചുങ്കൽ ബണ്ടെയിലെ മഠത്തിലെ തലവനാണ് ബസവലിംഗ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക