തൃശൂർ: പ്രിൻസിപ്പലിനെതിരെ പൊലീസിന്റെ കൺമുന്നിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ കൊലവിളി. മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പലിന്റെ മുറിയിൽ സംഘം ചേർന്ന് അതിക്രമിച്ചുകയറിയ ശേഷം ‘തന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും, കത്തിക്കും’ തുടങ്ങിയ ഭീഷണികൾ ജില്ലാ സെക്രട്ടറിയും സംഘവും മുഴക്കുന്നതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു.

എസ്ഐ റാങ്കിലുള്ളയാൾ അടക്കം 2 പൊലീസ് ഉദ്യോഗസ്ഥർ കൊലവിളി കണ്ടുനിൽക്കുന്നതു വിഡിയോയിലുണ്ട്. കഴിഞ്ഞ 25ന് ആയിരുന്നു സംഭവം. പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടറി ഹസൻ മുബാറക്കിനും കണ്ടാലറിയാവുന്ന 5 പേർക്കുമെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാർഥി സമരത്തിനിടെ കോളജിലെത്തിയ ജില്ലാ സെക്രട്ടറിയും സംഘവുമാണ് പ്രിൻസിപ്പലിന്റെ മുറിയിൽ കടന്ന് ഇൻചാർജ് ഡോ. പി. ദിലീപിനെതിരെ ഭീഷണി മുഴക്കിയത്. ശബ്ദവും ദൃശ്യവും സിസിടിവിയിൽ പതിഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. ജില്ലാ സെക്രട്ടറിയും ഒപ്പമുണ്ടായിരുന്ന നേതാവും മുഴക്കിയ ഭീഷണികളിങ്ങനെ:

‘ഞങ്ങളൊരു കാര്യം പറയാം. ഈ കുട്ടികളോട് കളിക്കണ തെമ്മാടിത്തരം താനിനി ഇവിടെയെടുത്താൽ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാണ് പറയുന്നത്. മര്യാദയ്ക്കാണ് ഞാൻ പറയുന്നത്. ഇതുവരെ കുട്ടികളോട് താൻ നടത്തിയ കളിയല്ല, നാളെ മുതൽ കളി വേറെയാണ്. താനിനി പുറത്തേക്കിറങ്ങ്, ഞാൻ കാണിച്ചുതരാം. മുട്ടുകാല് ഞാൻ തല്ലിയൊടിക്കും. തെമ്മാടിത്തരം കാണിക്കരുത്. കുട്ടികളുടെ മേലെ കയറാൻ നോക്കിയാൽ തന്റെ കയ്യും കാലും ഞാൻ തല്ലിയൊട‍ിക്കും. മനസ്സിലായോ? അധ്യാപകരോട് മര്യാദയ്ക്കു സംസാരിക്കുന്ന ആൾക്കാരാണ് ഞങ്ങൾ. കുറെയധികം കോളജിലും യൂണിവേഴ്സിറ്റി സിൻഡിക്കറ്റിലുമൊക്കെയായി കുറെ അധ്യാപകരെ കണ്ട ആൾക്കാരാ ഞങ്ങൾ. താനിനി കുട്ടികളുടെ മേലെ കയ്യെടുത്തുവച്ചാൽ.. താൻ മാപ്പെഴുതിക്കൊടുത്തോ. മുട്ടുകാല് ഞാൻ തല്ലിയൊടിക്കും. തെണ്ടിത്തരം കാണിക്കുന്നോ. കത്തിക്കും ഞങ്ങൾ..’ ഇങ്ങനെ നീളുന്നു ഭീഷണികൾ.

പൊലീസ് ഉദ്യോഗസ്ഥർ കേട്ടുനിൽക്കുന്നുണ്ടായിരുന്നെങ്കിലും ഇടപെടാതെ ഒതുങ്ങിനിന്നു. എംടിഐയിലെ വിദ്യാർഥി തൊപ്പി ധരിച്ചുവന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ഡോ. ദിലീപ് തൊപ്പി മാറ്റാൻ വിദ്യാർഥിയോട് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. നിർബന്ധപൂർവം അധ്യാപകൻ തൊപ്പി മാറ്റിച്ചെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

ഇതിനെതിരെ സമരം നടന്നപ്പോൾ പ്രിൻസിപ്പൽ ഇൻചാർജ് പൊലീസിനെ വിളിച്ചുവരുത്തി സമരക്കാരെ നീക്കം ചെയ്യിച്ചിരുന്നു. ഇതിനു പിന്നാലെ എസ്എഫ്ഐ നടത്തിയ സമരത്തിന്റെ ഭാഗമായാണ് ജില്ലാ സെക്രട്ടറിയും സംഘവുമെത്തി ഭീഷണി മുഴക്കിയത്. അന്യായമായി സംഘം ചേരൽ, അതിക്രമിച്ചു കടക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്നവയാണിവ. പുതിയ പ്രിൻസിപ്പലായി മിനിമോൾ ചുമതലയേറ്റതോടെ ഡോ. ദിലീപ് ചുമതലയൊഴിഞ്ഞിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക