ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ ലൈംഗികശേഷി പരിശോധനക്ക് വിധേയനാക്കി. ജില്ലാ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിയിലാണ് പരിശോധനക്ക് വിധേയനാക്കിയത്. ലൈംഗികമായി പീഡിപ്പിച്ചെന്ന അദ്ധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യ പരിശോധന.

അന്വേഷണോദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കോവളത്തെ സൂയിസൈഡ് പോയിന്റിലും ഗസ്റ്റ്ഹൗസിലും സ്വകാര്യ റിസോര്‍ട്ടിലുമെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. സെപ്തംബര്‍ 14 ന് കോവളത്തെ സൂയിസൈഡ് പോയന്റില്‍ വച്ച്‌ എം.എല്‍.എ മര്‍ദ്ദിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് പരാതി. എന്നാല്‍, പരാതിക്കാരി പറയുന്ന ആത്മഹത്യ പോയിന്റിലല്ല അതിന് എതിര്‍വശത്തുള്ള സ്ഥലത്തുവച്ചായിരുന്നു തര്‍ക്കമെന്നാണ് എം.എല്‍.എയുടെ മൊഴി. തെളിവെടുപ്പ് വൈകിട്ട് അഞ്ചര വരെ നീണ്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ജാമ്യവ്യവസ്ഥയനുസരിച്ച്‌ തെളിവെടുപ്പിന് സഹകരിക്കുന്നുണ്ടെങ്കിലും അന്വേഷണവുമായി എം.എല്‍.എ പൂര്‍ണ്ണമായി സഹകരിക്കുന്നില്ലെന്നതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയെ സമീപിക്കുമെന്നാണറിയുന്നത്. എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്താനും നീക്കമുണ്ട്. നവംബര്‍ ഒന്ന് വരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം. അതേസമയം എല്‍ദോസ് വീണ്ടും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി.

ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തനിക്കെതിരെ പൊലീസ് പുതിയ ആരോപണങ്ങള്‍ ഉന്നയിച്ച്‌ കേസെടുക്കുമെന്ന ഭയത്താലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുന്നതെന്നാണ് എം. എല്‍. എയുടെ വാദം. പരാതിക്കാരിയെ കൊണ്ട് പുതിയ ആരോപണങ്ങള്‍ ഉന്നയിപ്പിച്ച്‌ തന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. കോവളം, വഞ്ചിയൂര്‍ പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നേരത്തേ എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക