കോൺഗ്രസിൽ ആദ്യപടി തലമുറ മാറ്റം ഉണ്ടാകുക കെപിസിസി ഭാരവാഹി പട്ടികയിൽ എന്ന് സൂചന. പ്രമുഖ ഗ്രൂപ്പ് മാനേജർമാരായ തമ്പാനൂർ രവി, ജോസഫ് വാഴക്കൻ ഉൾപ്പെടെയുള്ളവർ കെപിസിസി ഭാരവാഹിത്വത്തിൽ നിന്ന് പുറത്താകും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. കൂടുതൽ ചെറുപ്പക്കാരെ ആയിരിക്കും കെപിസിസി ഭാരവാഹികളായി നിശ്ചയിക്കുക എന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് അടുപ്പമുള്ള കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. ഗ്രൂപ്പ് തീവ്രവാദികളെ പൂർണമായും ഒഴിവാക്കാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിയുന്നത്. ഇത്തരത്തിൽ ആദ്യപടിയായി കെപിസിസി നേതൃത്വത്തിലുള്ള ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കുകയാണ് ലക്ഷ്യം.

നേരത്തെ ഡിസിസി അധ്യക്ഷ പദവിയിൽ പ്രായപരിധി നിശ്ചയിക്കണമെന്ന് അഭിപ്രായമുയർന്നിരുന്നു എങ്കിലും നേതാക്കളുടെ സമ്മർദ്ദഫലമായി അത് ഒഴിവാക്കുകയായിരുന്നു. എന്നാൽ കെപിസിസിയിൽ ജനറൽ സെക്രട്ടറിമാരെയും, സെക്രട്ടറിമാരെയും നിയമിക്കുമ്പോൾ അനൗദ്യോഗികമായി പ്രായപരിധി കൊണ്ടുവരും എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്. കൂടാതെ സ്ഥിരമായി തിരഞ്ഞെടുപ്പുകളിൽ തോൽക്കുകയും പാർട്ടി ഭാരവാഹിത്വം കൈമുതലാക്കി ടിക്കറ്റ് സംഘടിപ്പിക്കുകയും ചെയ്യുന്ന നേതാക്കളെ ഒഴിവാക്കും. സംസ്ഥാനം മുഴുവൻ നിറഞ്ഞ് പ്രവർത്തിക്കുവാൻ ഉള്ള കാര്യശേഷി ചൂണ്ടിക്കാട്ടി ആവും പ്രായപരിധി ഏർപ്പെടുത്തുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡണ്ടുമാരെ എല്ലാവരെയും കെപിസിസി ഭാരവാഹികൾ ആക്കി മാറ്റുന്ന പ്രവണതയും അവസാനിക്കും എന്നാണ് അറിയുന്നത്. പൂർണമായും പ്രവർത്തനമികവു മാനദണ്ഡം ആകുമ്പോൾ കനത്ത തോൽവിക്ക് കാരണക്കാരായ ഡിസിസി അധ്യക്ഷൻമാരെ ഇത് ചൂണ്ടിക്കാട്ടി ആവും ഒഴിവാക്കുക. ഇതോടൊപ്പം തന്നെ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിക്കുമ്പോൾ ശക്തരായ പ്രാദേശിക നേതാക്കളെ വളർത്തിക്കൊണ്ടുവരാൻ സാധിക്കുമെന്നും, അവരെ മുൻനിർത്തി തലമുറ മാറ്റം സാധ്യമാക്കാൻ കഴിയുമെന്നുമാണ് പാർട്ടി നേതൃത്വം കരുതുന്നത്. ഇത്തരത്തിലുള്ള ശക്തമായ കമ്മിറ്റികളുടെ സാന്നിധ്യം സ്ഥാനമൊഴിയുന്ന ഡിസിസി അധ്യക്ഷൻമാർ ഉൾപ്പെടെയുള്ളവരുടെ വിലപേശൽ ശക്തി കുറയ്ക്കുമെന്ന വിലയിരുത്തലും ഉണ്ട്.

കെപിസിസി തലത്തിൽ ഭാരവാഹിത്വം നഷ്ടമാകുമെന്ന് തിരിച്ചറിഞ്ഞ ചില ഗ്രൂപ്പ് നേതാക്കൾ പ്രായപരിധി മാനദണ്ഡം ഇല്ലാത്ത ഡിസിസി അധ്യക്ഷ പദ്ധതിക്കുവേണ്ടി ചരടുവലി നടത്തുന്നുണ്ട്. മുതിർന്ന നേതാക്കളുടെ പിന്തുണ അവകാശപ്പെട്ടുകൊണ്ട് ഡിസിസി അധ്യക്ഷപദവി നേടിയെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ഇവർ. എന്നാൽ സംസ്ഥാന നേതൃത്വം ഈ നിലപാടും അംഗീകരിക്കാൻ സാധ്യതയില്ല. മികവും പ്രവർത്തക സ്വീകാര്യതയും മാനദണ്ഡം ആകുമ്പോൾ ഒരുപാട് അവസരങ്ങൾ ലഭിച്ചവർ മാറി നിൽക്കട്ടെ എന്ന നിലപാടിലാണ് നേതൃത്വം. അവസരം ലഭിച്ചവർ എന്ന് ഉദ്ദേശിക്കുന്നത് സ്ഥിരമായി അവസരം ലഭിച്ചിട്ടും വിജയിച്ചു കയറാനാവാത്തവരെ തന്നെയാണ്. വനിതാപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പറയുമ്പോഴും സ്ഥിരം മുഖങ്ങളെ തഴയും എന്ന് ഉറപ്പാണ്. കൂടുതൽ ചെറുപ്പക്കാരായ വനിതാ പ്രവർത്തകരെ ആവും നേതൃത്വത്തിലേക്ക് നിയമിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക