കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നെന്ന പരാതി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു അന്വേഷണം തുടങ്ങിയതില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ കൂടിയ വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലാകുന്നത് തടയുക എന്നത് പരിഗണിച്ചാണ് 500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. 50,000 കിറ്റുകള്‍ വാങ്ങാന്‍ ഓഡര്‍ നല്‍കി. എന്നാല്‍, 15,000 കിറ്റുകള്‍ കിട്ടിയപ്പോഴേയ്ക്കും പിപിഇ കിറ്റിന്റെ വില കുറഞ്ഞുവെന്നും ബാക്കി ഓഡര്‍ ക്യാന്‍സല്‍ ചെയ്തുവെന്നും കുവൈത്തില്‍ നടന്ന പൊതു പരിപാടിയില്‍ ശൈലജ ന്യായീകരിച്ചു.

‘വിഷയം ഞാന്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞു എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണം. പക്ഷേ ക്വാളിറ്റിയും നോക്കണം. മാര്‍ക്കറ്റില്‍ കണ്ടമാനം ബിസിനസുകാര്‍ വില വര്‍ധിപ്പിച്ചു. ഒരു പിപിഇ കിറ്റിന് 1500 രൂപ. 500-ന് കിട്ടിക്കൊണ്ടിരുന്ന സാധനമാണ്. ഇത് വാങ്ങണോ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു. പൈസയൊന്നും നോക്കണ്ട ആളുകളുടെ ജീവനല്ലേ വലുത്. പിന്നെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്‌ട് അനുസരിച്ച്‌ ബാക്കിയെല്ലാം ഒഴിവാക്കിക്കൊണ്ട് ഇത്തരം കാര്യങ്ങള്‍ ശേഖരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അങ്ങനെ 50,000 പിപിഇ കിറ്റ് 1500 രൂപവെച്ച്‌ വാങ്ങാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. അതില്‍ 15,000 കിട്ടി. അപ്പോഴേയ്ക്കും കിറ്റുകള്‍ മാര്‍ക്കറ്റില്‍ വരാന്‍ തുടങ്ങി. വില കുറഞ്ഞു. അതോടെ ബാക്കി 35,000-ന്റെ ക്യാന്‍സല്‍ ചെയ്തു. പിന്നെ മാര്‍ക്കറ്റില്‍ വരുന്ന വിലയ്ക്ക് വാങ്ങി’, ശൈലജ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെയാണ് ഇപ്പോഴും പ്രതിപക്ഷം 500 രൂപയ്ക്ക് കിട്ടുന്ന പിപിഇ കിറ്റ് 15,000 രൂപയ്ക്ക് വാങ്ങി വലിയ അഴിമതിയെന്നെക്കെ പറയുന്നതെന്നും ശൈലജ പറഞ്ഞു. പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളും ഉണ്ടാവുമെന്നും ഒന്നും പ്രശ്നമല്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. പിപിഇ കിറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ലോകായുക്ത നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് പരോക്ഷ മറുപടിയുമായി കെ.കെ.ശൈലജ രംഗത്തെത്തിയത്.

മുന്‍ മന്ത്രി കെ.കെ.ശൈലജയും മരുന്നു വാങ്ങലിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരും സ്വകാര്യ കമ്ബനി പ്രതിനിധികളുമാണ് എതിര്‍കക്ഷികള്‍. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് നോട്ടിസ് അയച്ച്‌ പ്രാഥമിക വാദവും അന്വേഷണവും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കേസ് ഫയലില്‍ സ്വീകരിച്ചത്. കെ.കെ.ശൈലജയ്ക്ക് നോട്ടിസ് നല്‍കുകയോ അവര്‍ക്കെതിരെ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. കെ.കെ.ശൈലജയോട് നേരിട്ടോ അഭിഭാഷകന്‍ മുഖാന്തിരമോ ഡിസംബര്‍ എട്ടിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇവരുടെ വാദം കേള്‍ക്കുന്നതിനൊപ്പം രേഖകള്‍ പരിശോധിച്ച്‌ ലോകായുക്ത നേരിട്ട് അന്വേഷണം നടത്തും.

കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായരാണ് അന്വേഷണം ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിച്ചത്. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ എസ്.ആര്‍.ദിലീപ് കുമാര്‍ അടക്കം പതിനൊന്ന് പേര്‍ക്കെതിരെയാണ് വീണ പരാതി നല്‍കിയത്.

കോവിഡ് കാലത്ത് പിപിഇ കിറ്റുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി നടന്നതായി പരാതിയില്‍ ആരോപിക്കുന്നു. മന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെ അറിവോടെയാണ് ഇടപാടുകള്‍ നടന്നത്. കേരളത്തിലുടനീളം മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനാണ്.

എന്നാല്‍, ചട്ടങ്ങള്‍ പാലിക്കാതെ കോവിഡ് കാലത്ത് മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ ഖജനാവിനു വലിയ നഷ്ടമുണ്ടായി. വിപണി നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് സ്വകാര്യ കമ്ബനികളില്‍നിന്ന് പിപിഇ കിറ്റുകള്‍ വാങ്ങിയത്. പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനു മുന്‍പു തന്നെ ഒരു സ്വകാര്യ കമ്ബനിക്ക് മുന്‍കൂറായി 9 കോടി രൂപ അനുവദിച്ചു. സാധാരണ കാരാര്‍ പ്രകാരമുള്ള സാധനങ്ങള്‍ വിതരണം ചെയ്തതിനുശേഷമാണ് പണം അനുവദിക്കുന്നത്. ഈ രീതി അട്ടിമറിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക