ഓഹരി വിപണിയും കിറ്റക്സ് ഓഹരികൾക്ക് കുതിച്ചുകയറ്റം. കേരളത്തിൽ നിന്ന് പിൻമാറ്റം പ്രഖ്യാപിച്ച സാബു ജേക്കബ് ഇന്ന് തെലുങ്കാന സർക്കാരുമായി ചർച്ച നടത്തുന്നതിന് പിന്നാലെയാണ് കിറ്റക്സ് ഓഹരികൾ നേട്ടമുണ്ടാക്കിയത്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വവുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചാണ് സാബു ജേക്കബ് കേരളത്തിൽ പ്രഖ്യാപിച്ച 3,500 കോടി രൂപയുടെ പദ്ധതിയിൽ നിന്ന് പിന്മാറുന്നത്.

117.75 രൂപയിൽ ഇന്ന് വ്യാപാരമാരംഭിച്ച കിറ്റക്സ് ഓഹരികൾ 140.85 രൂപയ്ക്കാണ് നിലവിൽ വിപണനം നടക്കുന്നത്. 23.10 രൂപയുടെ വർധനവാണ് ഒരു ദിവസം കമ്പനിയുടെ ഓഹരികൾക്ക് ഉണ്ടായിരിക്കുന്നത്. 19.61 ശതമാനമാണ് വർദ്ധനവ് ഉണ്ടായത്. സാബു ജേക്കബ് നടത്തുന്ന നീക്കങ്ങൾ ഓഹരി വിപണിയിൽ വലിയ ചലനം ഉണ്ടാക്കുന്നത് വിഷയത്തിന് രാഷ്ട്രീയ മാനദണ്ഡത്തിൽ അപ്പുറം ഒരു സാമ്പത്തിക മാനദണ്ഡവും പകർന്നു നൽകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിന് പ്രതിച്ഛായാ നഷ്ടം:

3,500 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനത്തിൽ നിന്ന് കിറ്റ് പിന്മാറുന്നത് കേരളത്തിന് വലിയ പ്രതിച്ഛായ നഷ്ടമാണ് സൃഷ്ടിക്കുന്നത്. വ്യാവസായിക നിക്ഷേപകർക്ക് ഇടയിൽ ഇതു വലിയ തിരിച്ചടിയാകുമെന്നു തന്നെയാണ് വിലയിരുത്തൽ. ഇടതുഭരണത്തിൽ കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി എന്ന് സർക്കാർ അവകാശവാദത്തെ സാബു ജേക്കബ് നടത്തിയ ഈ നീക്കം പൂർണമായും തള്ളിക്കളയുന്നതാണ്. അതുകൊണ്ടുതന്നെ സർക്കാരിനും ഇത് വലിയ തിരിച്ചടിയായി മാറുകയാണ്. കൂടുതൽ നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക് കൊണ്ടുവരിക എന്ന സർക്കാർ നയത്തിന് കനത്ത വെല്ലുവിളിയാണ് കിറ്റക്സ് പിന്മാറ്റം സൃഷ്ടിക്കുന്നത്.

പിന്നിൽ രാഷ്ട്രീയ വൈരം?

കിറ്റക്സ് വ്യവസായശാലകൾ ഇരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ ട്വൻറി20 എന്ന പേരിൽ നടന്ന രാഷ്ട്രീയ നീക്കങ്ങളാണ് സാബു ജേക്കബിനെ ഇടതു വലതു മുന്നണികളുടെ കണ്ണിലെ കരട് ആക്കി മാറ്റിയത്. കിഴക്കമ്പലം പഞ്ചായത്ത് ട്വൻറി20 ഭരണത്തിന് കീഴിൽ അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചത്. ഇതും കേരളത്തിലെ പൊതു സമൂഹത്തിനിടയിൽ വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം കൂടാതെ അനുബന്ധ പഞ്ചായത്തുകളിലെ ഭരണവും ട്വൻറി 20 കരസ്ഥമാക്കിയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ ട്വൻറി ട്വൻറി സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. വിജയം നേടാനായില്ലെങ്കിലും വലിയ വോട്ട് വിഹിതം ആണ് ട്വൻറി 20 നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയത്. ഇതും രാഷ്ട്രീയ നേതൃത്വങ്ങളെ ഞെട്ടിച്ചിരുന്നു. പി ജെ ജോസഫിൻറെ മരുമകൻ ട്വൻറി 20 സ്ഥാനാർഥി ആയപ്പോൾ, ഉമ്മൻ ചാണ്ടിയുടെ മരുമകൻ പാർട്ടി ഭാരവാഹിത്വം ഏറ്റെടുക്കുകയാണ് ചെയ്തത്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ചലച്ചിത്രതാരം ലാൽ, ശ്രീനിവാസൻ എന്നീ പ്രമുഖരും ട്വൻറി20 പിന്നിൽ അണിനിരക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക