കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ വിജയക്കുതിപ്പ് തുടരുന്നു. 250 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. സെപ്തംബർ 30-നാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ്നാട്ടിൽ മാത്രം 100 കോടി വരുമാനമാണ് നേടിയത്. ഏറ്റവും വേഗത്തിൽ തമിഴ്നാട്ടിൽ 100 കോടി നേടിയ ചിത്രമെന്ന റെക്കോഡും ചിത്രം സ്വന്തമാക്കി. സിനിമയുടെ വിജയത്തിന് പിന്നാലെ അണിയറ പ്രവർത്തകരും താരങ്ങളും ചെന്നൈയിൽ ഒത്തുചേർന്നു. വിജയാഘോഷത്തിന്റെ വീഡിയോ പുറത്ത് വിടുകയും ചെയ്തു.

ആദ്യദിനത്തിൽ തമിഴ്നാട്ടിൽനിന്നു മാത്രം 25.86 കോടി ചിത്രം നേടി. ഈ വർഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ‘പൊന്നിയിൻ സെൽവൻ’. അജിത് ചിത്രം ‘വലിമൈ’ ആണ് ആദ്യസ്ഥാനത്ത്. 36.17 കോടിയാണ് വരുമാനം. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ നേടിയത് 26.40 കോടിയാണ്. ‘വിക്രമി’നെ പിന്നിലാക്കിയാണ് ‘പൊന്നിയിൻ സെൽവൻ’ മൂന്നാം സ്ഥാനത്തെത്തിയത്. 20.61 കോടിയാണ് ‘വിക്ര’മിന്റെ ആദ്യദിന വരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദേശരാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 40 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നു ചിത്രം ആദ്യദിനം വാരിയത്. അമേരിക്കൻ ബോക്സ് ഓഫിസിൽനിന്നു മാത്രം 15 കോടിയാണ് വരുമാനം. ആദ്യ ദിനം മുൻകൂർ ബുക്കിങിലൂടെ 17 കോടിയാണ് ‘പൊന്നിയിൻ സെൽവ’ന്റെ വരുമാനം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണിൽ റിലീസ് ചെയ്ത വിക്രം എന്ന ചിത്രത്തിന്റെ റെക്കോഡാണ് പൊന്നിയിൻ സെൽവൻ തകർത്തത്. 15 കോടിയായിരുന്നു ‘വിക്ര’മിന്റെ ആദ്യദിനത്തിലെ മുൻകൂർ ബുക്കിങ് വരുമാനം.

പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവനിൽ ആവിഷ്കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്.

സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വർമനുമാണ് നിർവഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക