കേരളം അടക്കം മറ്റു സംസ്ഥാനങ്ങൾ നിത്യച്ചെലവിനായി കടമെടുത്തു കൂട്ടുമ്പോൾ, വരുമാനം കൂട്ടി കടഭാരം 57% കുറച്ച് തമിഴ്നാട് സർക്കാർ മുന്നോട്ടു പോകുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,000 കോടി രൂപ കടമെടുത്തിരുന്നെങ്കിൽ കഴിഞ്ഞ ജൂലൈ അവസാനത്തോടെ അത് 12,028 കോടി രൂപയായി കുറഞ്ഞു. സംസ്ഥാന വികസന വായ്പകൾ (എസ്ഡിഎൽ) എന്നറിയപ്പെടുന്ന ബോണ്ടുകളുടെ ഇഷ്യു വഴി സംസ്ഥാനങ്ങൾ വിപണിയിൽനിന്നാണു കടമെടുത്തിരുന്നത്. കടമെടുപ്പു കുറഞ്ഞതു സംസ്ഥാനത്തിന്റെ വരുമാന വർധന മൂലമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

5 ലക്ഷം കോടി കടത്തിൽ മുങ്ങി നിന്ന തമിഴ്നാടിനെ രക്ഷിക്കാനായി എന്തെല്ലാമാണ് സംസ്ഥാന ധനവകുപ്പ് ചെയ്തത്? കഴിഞ്ഞ വർഷത്തേക്കാൾ നികുതി വരുമാനത്തിൽ എങ്ങനെയാണ് തമിഴ്‌നാടിനു വർധനയ്ക്കു സാധിച്ചത്? മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ വിദേശയാത്ര എങ്ങനെയാണ് തമിഴ്‌നാട്ടിലേക്ക് നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള ചാലകശക്തിയാകുന്നത്? സംസ്ഥാനത്തെ എല്ലാവർക്കും ആദ്യത്തെ 100 യൂണിറ്റ് വൈദ്യുതി ഇപ്പോഴും സൗജന്യമാണ്. എന്താണ് ഇതിന്റെയെല്ലാം പിന്നിലെ രഹസ്യം..?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മികച്ച ധനകാര്യ മന്ത്രി

സംസ്ഥാനത്തെ ഓരോ പൗരനും നാടിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അവബോധമുള്ളയാളാകണം എന്ന നിർബന്ധമുള്ളയാളാണു പിടിആർ പളനിവേൽ ത്യാഗരാജൻ എന്ന തമിഴ്നാടിന്റെ ധനമന്ത്രി. സൂക്ഷ്മമായ നിരീക്ഷണങ്ങളും ഓരോ ചുവടിനു മുൻപുമുള്ള ജാഗ്രതയും സാമ്പത്തിക വിഷയങ്ങളിലെ ആഴത്തിലുള്ള അറിവുമാണ് 56 വയസ്സുകാരനായ പളനിവേൽ ത്യാഗരാജന്റെ സ്ഥിരനിക്ഷേപങ്ങൾ. തിരുച്ചിറപ്പള്ളി എൻഐടിയിൽനിന്ന് എൻജിനീയറിങ്. അമേരിക്കയിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് (എംഐടി) എംബിഎ, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് എന്നീ നേട്ടങ്ങളോടെ ലീമാൻ ബ്രദേഴ്സിൽ കാപ്പിറ്റൽ മാർക്കറ്റ്സ് മേധാവി, സിംഗപ്പൂരിലെ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ ഫിനാൻഷ്യൽ മാർക്കറ്റ്സ് മാനേജിങ് ഡയറക്ടർ പദവികളിൽ വർഷങ്ങളുടെ പരിചയം, ലോക സാമ്പത്തിക വിദഗ്ധരുടെ സുഹൃത്ത്. ഇതൊക്കെയാണ് ഒറ്റവാക്കിൽ പിടിആർ. 5 ലക്ഷം കോടി കടത്തിൽ മുങ്ങി നിൽക്കുന്ന തമിഴ്നാടിനെ കരകയറ്റാനുള്ള പദ്ധതികളൊരുക്കുന്നതിന്റെ മാസ്റ്റർ ബ്രെയിൻ പിടിആറാണ്.

നികുതിവരുമാനവളർച്ച 50%

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) താൽക്കാലിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 50% അധിക നികുതി വരുമാനമാണു തമിഴ്നാടിനു ലഭിച്ചത്. 2022 ലെ ഇതേ കാലയളവിൽ 37,275.49 കോടി രൂപയായിരുന്ന നികുതി വരുമാനം 2022– 2023 സാമ്പത്തിക വർഷം ജൂലൈയിൽ 56,109.07 കോടി രൂപയായി. സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം, കേന്ദ്ര വിഹിതം, മറ്റ് നികുതികളും തീരുവകളും എന്നിവ ഉൾപ്പെടെയാണിത്. ഈ സാമ്പത്തിക വർഷം ജൂലൈ വരെ തമിഴ്‌നാടിന്റെ മൊത്തം വരുമാനം 73,329.21 കോടി രൂപയായിരുന്നു, ഈ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ 31.69% ആണിത്.

വിദേശത്തുനിന്ന് എത്തിച്ചത് 1600 കോടിയുടെ നിക്ഷേപം

മുഖ്യമന്ത്രി സ്ഥാനത്തെത്തി ഒന്നര വർഷത്തോളമായിട്ടും ആകെ ഒരേ ഒരു വിദേശ രാജ്യത്തേക്കാണു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സന്ദർശനം നടത്തിയത്. ആ യാത്ര വെറുതെയായില്ല. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നടത്തിയ ദുബായ് സന്ദർശനം വഴി സംസ്ഥാനത്ത് 1600 കോടിയുടെ നിക്ഷേപത്തിനു കൂടി കരാറായി. ‘തമിഴ്‌നാട്- ഇൻവെസ്റ്റേഴ്‌സ് ഫസ്റ്റ് പോർട്ട് ഓഫ് കോൾ’ എന്ന നിക്ഷേപക സംഗമത്തിൽ, 1600 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള കരാറിൽ തമിഴ്നാടും ദുബായ് സർക്കാരും ഒപ്പുവച്ചു. നോബിൾ സ്റ്റീൽസ്, വൈറ്റ് ഹൗസ്, ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുമായി രേഖകൾ കൈമാറി. ഇതു വഴി തമിഴ്‌നാട്ടിൽ 5200 പേർക്ക് തൊഴിൽ ലഭിക്കും. നോബിൾ സ്റ്റീൽസ് 1200 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു 1000 കോടി രൂപ നിക്ഷേപിക്കും, 3000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംയോജിത തയ്യൽ പ്ലാന്റ് സ്ഥാപിക്കാൻ വൈറ്റ് ഹൗസ് 500 കോടി രൂപയും 1000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഫുഡ് പാർക്ക് സ്ഥാപിക്കാൻ ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് 100 കോടി രൂപ നിക്ഷേപിക്കാനും കരാറായിയിരുന്നു.

കൃത്യമായ കർമപദ്ധതി

ബിസിനസ് നിക്ഷേപം ആകർഷിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അധികം വൈകാതെ ലണ്ടനിലെത്തും അതിനുശേഷം അദ്ദേഹത്തിന്റെ പര്യടനം അമേരിക്കയിലേക്കായിരിക്കും. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ വ്യാവസായ വകുപ്പ് ഉദ്യോഗസ്ഥർ യുഎസിലെയും ലണ്ടനിലെയും ഇരുപതിലധികം ബിസിനസ് എക്സിക്യൂട്ടിവുകളുമായി ചർച്ച നടത്തുകയാണ്. സ്റ്റാലിൻ അവിടെ സന്ദർശിക്കുമ്പോൾ ധാരണാപത്രം ഒപ്പിടാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ട്. മുൻകൂട്ടി ചർച്ചകൾ നടത്തി ധാരണയായ ശേഷം മുഖ്യമന്ത്രി നേരിട്ടെത്തി കരാർ കൈമാറും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക