കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് ദിഗ് വിജയ് സിങ് പിന്‍മാറി. ഹൈകമാന്‍ഡ് പിന്തുണയോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുന്ന സാഹചര്യത്തിലാണ് ദിഗ് വിജയ് സിങ് പിന്‍മാറിയത്. ഖാര്‍ഗെയുടെ പത്രികയില്‍ എ.കെ ആന്റണി, ദിഗ് വിജയ് സിങ്, മുകുള്‍ വാസ്നിക് എന്നിവര്‍ ഒപ്പുവെച്ചു. ഇതോടെ ഖാര്‍ഗെയും ശശി തരൂരും തമ്മിലായിരിക്കും മത്സരം. ഇന്ന് മൂന്ന് മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കും.

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരെല്ലാം മത്സരിക്കുന്നു എന്നതില്‍ അവസാന ദിവസം വരെ സസ്പെന്‍സ് നിറഞ്ഞുനിന്നു. ഔദ്യോഗിക പക്ഷം ആദ്യ ഘട്ടത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെയാണ് അധ്യക്ഷ സ്ഥാനത്ത് പരിഗണിച്ചത്. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നയ പ്രകാരം അടുത്ത രാജസ്ഥാന്‍ മുഖ്യമന്ത്രി ആരാവണം എന്ന തര്‍ക്കത്തിന് പരിഹാരം കണ്ടെത്താനായില്ല. ഒരു ഭാഗത്ത് മത്സരിക്കാനുള്ള തീരുമാനവുമായി ശശി തരൂര്‍ മുന്നോട്ടുപോയപ്പോള്‍ ഔദ്യോഗികപക്ഷ പിന്തുണയുള്ള സ്ഥാനാര്‍ഥി ആര് എന്ന കാര്യത്തില്‍ വ്യക്തത വന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെയാണ് മത്സരിക്കാനുറച്ച്‌ ദിഗ്‍ വിജയ് സിങ് രംഗത്തുവന്നത്. ഇന്നലെ രാത്രി ഏറെ വൈകിയും സോണിയ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. മല്ലികാര്‍ജുന ഖാര്‍ഗെ, മീരാ കുമാര്‍, മുകുള്‍ വാസ്നിക് എന്നിങ്ങനെ പല പേരുകള്‍ ഉയര്‍ന്നുവന്നു. ഒടുവില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ മത്സരിക്കുമെന്ന് തീരുമാനമായി. ഇതോടെ ദിഗ് വിജയ് സിങ് മത്സരത്തില്‍ നിന്ന് പിന്മാറി. അവസാന നിമിഷത്തെ ട്വിസ്റ്റോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങി.

2005ല്‍ കര്‍ണാടക പിസിസി അധ്യക്ഷനായിരുന്നു ഖാര്‍ഗെ. കര്‍ണാടക നിയമസഭയില്‍ പിന്നീട് പ്രതിപക്ഷ നേതാവായി. 2009ല്‍ ആദ്യമായി ലോക്സഭാ അംഗം. പിന്നീട് പ്രവര്‍ത്തന മേഖല ഡല്‍ഹിയില്‍. യുപിഎ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി. റെയില്‍ മന്ത്രാലയത്തിന്റെ അധിക ചുമതലയും വഹിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ച്‌ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവായി. ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, മറാത്തി ഭാഷകളിലെ പ്രാവീണ്യം ഖാര്‍ഗെക്ക് ശക്തി കൂട്ടും.

മുന്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറിയായ ശശി തരൂര്‍ ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ എന്നീ നിലയില്‍ പ്രശസ്തനാണ്. 2009 മുതല്‍ ശശി തരൂര്‍ ലോക്സഭാംഗമാണ്. രണ്ട് തവണ കേന്ദ്ര സഹമന്ത്രി സ്ഥാനവും ലഭിച്ചു. ജി23യുടെ നേതൃനിരയിലിരുന്ന് നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങളുന്നയിച്ചു.

ഖാര്‍ഗെയുടെ പത്രികയില്‍ എ.കെ ആന്റണിയടക്കം ഗാന്ധി കുടുംബവുമായി അടുത്ത് ബന്ധമുള്ളവര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷമാണ് ഖാര്‍ഗേയ്ക്ക് ലഭിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും ആര്‍ക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവര്‍ക്ക് വോട്ട് നല്‍കുമെന്നാണ് കേരളത്തിലെ പ്രമുഖ നേതാക്കളടക്കം വ്യക്തമാക്കിയത്. ജി23 എന്ന തിരുത്തല്‍വാദി ഗ്രൂപ്പില്‍ പെട്ടയാളാണ് ശശി തരൂരെങ്കിലും ജി23 നേതാക്കളുടെ പിന്തുണ തേടിയില്ലെന്നും ജി23 സ്ഥാനാര്‍ഥിയായല്ല മത്സരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക