അമേരിക്കയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റും കനത്ത വെള്ളപ്പൊക്കവും വലിയ നാശ നഷ്ടങ്ങളാണ് ഇതിനോടകം വരുത്തിയികരിക്കുന്നത്. അമേരിക്കയിലെ 24 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി പോലും ഇല്ലാത്ത അവസ്ഥയാണ്. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഫ്ലോറിഡയിലാണ്. പലരും തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെപ്പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കുന്നുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു പോസ്റ്റാണ് വൈറലാവുന്നത്. ഫ്ലോറിഡയില്‍ നിന്നുള്ള ഒരാള്‍ തന്റെ ആഡംബര കാറായ പുതിയ മക്ലാരന്‍ പി1 സൂപ്പര്‍കാര്‍ നഷ്ടമായ സങ്കടമാണ് പങ്കുവെച്ചിരിക്കുന്നത്.

തന്റെ 1 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മക്ലാരന്‍ പി1 സൂപ്പര്‍കാര്‍ ഇയാന്‍ ചുഴലിക്കാറ്റില്‍ ഒലിച്ചുപോയതായി എര്‍ണി എന്ന വ്യക്തിയാണ് ഇന്‍സ്റ്റാ​ഗ്രാമിലൂടെ അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ മുങ്ങി താഴുന്ന തന്റെ മഞ്ഞ നിറമുള്ള മക്ലാരന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മക്ലാരന്‍ ഗാരേജിലൂടെ ഒഴുകി പോയെന്നും എര്‍ണി പറഞ്ഞു. പിന്നാലെ നിരവധി വാഹന പ്രേമികളാണ് ദുഃഖം രേഖപ്പെടുത്തി പോസ്റ്റിന്റെ താഴെ പ്രത്യക്ഷപ്പെട്ടത്. ‘ഇത് ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ്’, ‘നഷ്ടം അനുഭവിക്കുന്ന ആ മനുഷ്യന്റെ കാര്യം ഓര്‍ക്കുമ്ബോള്‍ സങ്കടം തോന്നുന്നു’ എന്നിങ്ങനെ വാഹനപ്രേമികള്‍ ദുഃഖം രേഖപ്പെടുത്തുന്നു. അതേസമയം, നിരവധി വാഹനങ്ങള്‍ക്കാണ് ഇയാന്‍ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നാശം സംഭവിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകത്തിലെ ഏറ്റവും ശക്തവും വേഗതയേറിയ കാറുകളിലൊന്നാണ് മക്ലാരന്‍ P1. വാഹനങ്ങളുടെ പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകളാണ് മക്ലാരന്‍ പ്രധാനമായും വാങ്ങുന്നത്. 903 എച്ച്‌പി കരുത്തും 900 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്‌ട്രിക് മോട്ടോറുള്ള 3.8 ലിറ്റര്‍ വി8 ട്വിന്‍-ടര്‍ബോ ഹൈബ്രിഡ് എഞ്ചിനാണ് മക്ലാരന്‍ P1-ന് കരുത്ത് പകരുന്നത്. ഈ സൂപ്പര്‍കാറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 350 കിലോമീറ്ററാണ്. അതിശക്തമായ എഞ്ചിന്‍ 2.8 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മക്ലാരന്‍ P1-ന് കരുത്തേകുന്നു.

6.8 സെക്കന്‍ഡിനുള്ളില്‍ 200 കി.മീ വേ​ഗത കൈവരിക്കാനും മക്ലാരന്‍ P1-ന് കഴിയുന്നു. P1 ന്റെ ഭാരം 1.5 ടണ്ണില്‍ താഴെയായതിനാല്‍ ശക്തമായ പ്രകടനം കാഴ്ച വെയ്‌ക്കാന്‍ വാഹനത്തിന് കഴിയുന്നു. വന്‍ തോതില്‍ ഉത്പാദിപ്പിക്കുന്ന ഒരു കാര്‍ അല്ല മക്ലാരന്‍ പി1. പരിമിതമായ എണ്ണത്തില്‍ നിര്‍മ്മിക്കുകയും ഉപഭോക്താക്കളുടെ ഇഷ്ടം അനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്തി വിറ്റഴിക്കുന്നതുമായ ഒരു വാഹനമാണ് മക്ലാരന്‍. വാഹനത്തിന്റെ അടിസ്ഥാന വില 1.35 മില്യണ്‍ ഡോളറാണ്. അതായത്, ഏകദേശം 10 കോടി രൂപ. അതിനാല്‍, വെള്ളപ്പൊക്കത്തില്‍ ഇത്രയും വില പിടിപ്പുള്ള കാര്‍ നഷ്‌ടപ്പെടുന്നത് തീര്‍ച്ചയായും സങ്കടകരമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക