സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹൂം മൂസ’യുടെ പോസ്റ്റര്‍ വിവാദത്തില്‍. ‘കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ’ എന്നെഴുതിയ പോസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ‘ആ ക്യാപ്ഷന്‍ ഉണ്ടാക്കിയ ചേട്ടന് ഇസ്ലാം എന്തന്നോ, മുസ്ലിം എന്തന്നോ അറിയില്ല…’,’വര്‍ഗീയത പറഞ്ഞു മാര്‍ക്കറ്റിങ് നടത്തുന്നു.’,’കടുത്ത ഇസ്ലാമോഫോബിക്ക് പരസ്യം തന്നെ കൊടുത്തു.’ എന്നിങ്ങനെയാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. ഇന്നാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തെ ‘പാന്‍ ഇന്ത്യന്‍’ എന്ന് വിശേഷിപ്പിക്കാമെന്ന് ടൈറ്റില്‍ ലോഞ്ച് വേദിയില്‍ ജിബു ജേക്കബ് പറഞ്ഞിരുന്നു. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ. സമകാലിക ഇന്ത്യന്‍ വ്യവസ്ഥകള്‍ കടന്നുവരുന്ന ചിത്രത്തില്‍ 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് പശ്ചാത്തലം. മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്‌വ നായികയാകുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കര്‍, എഡിറ്റിംഗ് സൂരജ് എ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്‍മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് ഷാബില്‍, സിന്‍റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.

ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ജിബു ജേക്കബ് 2014ല്‍ പുറത്തിറങ്ങിയ ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍’, ‘ആദ്യരാത്രി’, ‘എല്ലാം ശരിയാകും’ എന്നിവയാണ് ജിബു ജേക്കബ് സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക