തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ശശി തരൂരിന്റെ നാമനിര്‍ദ്ദേശ പത്രികയെ പിന്തുണയ്ക്കുന്നവരില്‍ ഉമ്മന്‍ ചാണ്ടിയുടെ അതിവിശ്വസ്തനായ തമ്ബാനൂര്‍ രവിയും. അശോക് ഗെലോട്ട് പിന്‍വാങ്ങിയ സാഹചര്യത്തില്‍ കേരളത്തില്‍നിന്നു കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂരിന് പിന്തുണ കൂടിയേക്കാമെന്നാണ് വിലയിരുത്തല്‍. തരൂരിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ കേരളത്തിലെ 15 പ്രധാന നേതാക്കള്‍ ഒപ്പിട്ടിട്ടുണ്ട്. മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ആയ തമ്ബാനൂര്‍ രവി ഇതില്‍പെടും. തരൂര്‍ നേരിട്ട് അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് പിന്തുണ തേടുകയായിരുന്നു.

തരൂര്‍ അല്ല ഹൈക്കമാണ്ടിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. മുകള്‍ വാസ്‌നിക് മത്സരിക്കുന്നതോടെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തമായി. ഇതിനൊപ്പം ദിഗ് വിജയ് സിംഗും മത്സരിക്കുന്നു. ഈ സാഹചര്യത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകാതെ തരൂര്‍ ജയിക്കുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ ഗെലോട്ട് പിന്മാറിയ പുതിയ സാഹചര്യം അദ്ദേഹത്തെ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാക്കിയേക്കും. ഇതിനൊപ്പമാണ് കേരളത്തില്‍ പ്രധാന ഗ്രൂപ്പിന്റെ പ്രധാന നേതാവിന്റെ പിന്തുണ തരൂരിന് കിട്ടുന്നത്. നെയ്യാറ്റിന്‍കരയുടെ മുന്‍ എംഎല്‍എയായ തമ്ബാനൂര്‍ രവി ഉമ്മന്‍ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. ആ നേതാവ് തരൂരിന് വേണ്ടി വോട്ട് ചെയ്യുമ്ബോള്‍ പ്രതിഫലിക്കുക ഉമ്മന്‍ ചാണ്ടിയുടെ മനസ്സാണെന്ന വിലയിരുത്തല്‍ സജീവമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തരൂരിനെ എകെ ആന്റണി അനുകൂലിക്കുന്നില്ല. മുകള്‍ വാസ്‌നികിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ആന്റണി നിര്‍ണ്ണായക പങ്കു വഹിച്ചു. തന്നോട് മത്സരിക്കുന്നതിനെ കുറിച്ച്‌ തരൂര്‍ ഒന്നും പറഞ്ഞില്ലെന്ന് പരസ്യമായി ആന്റണി പറഞ്ഞതും കേരളത്തിലെ നേതാക്കള്‍ക്കുള്ള സന്ദേശമായിരുന്നു. കെസി വേണുഗോപാലാണ് എഐസിസി ജനറല്‍ സെക്രട്ടറി. വേണുഗോപാലും തരൂരിന് എതിരാണെന്ന് വ്യക്തം. കോണ്‍ഗ്രസ് ഹൈക്കമാണ്ടിലെ രണ്ട് നിര്‍ണ്ണായക ശക്തികള്‍ എതിര്‍ത്തിട്ടും കേരളത്തിലെ 15 പേര്‍ പത്രികയില്‍ ഒപ്പിട്ടതാണ് ശ്രദ്ധേയം. ഇതില്‍ തമ്ബാനൂര്‍ രവിക്ക് ആന്റണിയുമായി ആത്മബന്ധമാണുള്ളത്. ആന്റണിയുടെ വിശ്വസ്തരായ മറ്റു ചിലരും പത്രികയില്‍ ഒപ്പിട്ടു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എം കെ രാഘവന്‍ എംപി, കെ സി അബു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍ എന്നിവരടക്കമുള്ള നേതാക്കളാണ് പത്രികയില്‍ ഒപ്പിട്ടിരിക്കുന്നത്. തരൂര്‍ നാല് സെറ്റ് പത്രിക തയ്യാറാക്കിയതായാണ് വിവരം. ഗ്രൂപ്പ്- പ്രായ വ്യത്യാസമില്ലാതെയാണ് തരൂരിന് നേതാക്കളുടെ പിന്തുണയെന്ന് ഇത് വ്യക്താക്കുന്നു. ഇതില്‍ അബുവും രാഘവവനും തമ്ബാനൂര്‍ രവിയെ പോലെ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരാണ്. ശബരിനാഥന്‍ ഐ ഗ്രൂപ്പിലും. ഇടക്കാലത്ത് കെ സി വേണുഗോപാലിനൊപ്പം ശബരിനാഥന്‍ മാറിയതായും സൂചനകള്‍ പുറത്തു വന്നിരുന്നു. അത്തരത്തിലൊരു നേതാവാണ് തരൂരിന് വേണ്ടി ഒപ്പിട്ടതെന്നും ശ്രദ്ധേയമാണ്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അടക്കമുള്ള നേതാക്കളെ കണ്ട് തരൂര്‍ പിന്തുണ തേടിയിരുന്നു. എതിര്‍പ്പില്ലെങ്കിലും ഗാന്ധി കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ പാരമ്ബര്യത്തില്‍നിന്നു മാറാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. രമേശ് ചെന്നിത്തല, എം.എം.ഹസന്‍ തുടങ്ങിയവരോടു പത്രികയില്‍ ഒപ്പിടണമെന്നു തരൂര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അവരും ബുദ്ധിമുട്ട് വ്യക്തമാക്കി. കെപിസിസി മനസാക്ഷി വോട്ട് ചെയ്യാനാണ് സാധ്യത. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു മുകള്‍ വാസ്‌നിക്. കേരളത്തിലെ നേതാക്കളുമായി ബന്ധവുമുണ്ട്. അപ്പോഴും ശശി തരൂരിന് കേരളത്തിലെ നേതാക്കള്‍ പിന്തുണയ്ക്കുന്നുവെന്നതാണ് വസ്തുത.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ തരൂരിന് പിന്തുണ വര്‍ധിക്കുന്നതില്‍ ഗാന്ധി കുടുംബവുമായി അടുത്തു നില്‍ക്കുന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് വലിയ അമര്‍ഷമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മുകുള്‍ വാസ്നിക്കും അധ്യക്ഷ സ്ഥാനത്തെയ്ക്ക് മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവരുന്ന സാഹചര്യത്തില്‍ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്. ശശി തരൂര്‍, ദിഗ് വിജയ് സിങ് എന്നിവര്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

കേരളത്തില്‍ നിന്ന് 328 പേര്‍ക്കാണ് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. അതില്‍ പത്ത് പേരുടെ പിന്തുണയാണ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഒക്ടോബര്‍ എട്ടിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. 19നാണ് ഫലപ്രഖ്യാപനം. തരൂര്‍ പത്രിക നല്‍കാന്‍ തയാറായതില്‍ പലരും ഉള്ളാലെ സന്തോഷിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിന്റെ നോമിനി എതിരില്ലാതെ ജയിക്കുന്ന പതിവു സാഹചര്യം ഒഴിവാകുമല്ലോ എന്നവര്‍ കരുതുന്നു. തനിക്ക് രാജ്യത്താകെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണു കേരളത്തിലെ നേതാക്കളോട് തരൂര്‍ ചൂണ്ടിക്കാട്ടിയത്. എംപിമാരില്‍ വലിയ പങ്ക് ക്രിയാത്മകമായാണു പ്രതികരിച്ചതെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ നേതാക്കള്‍ വിളിച്ച്‌ പിന്തുണ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

തരൂര്‍ സ്ഥാനാര്‍ത്ഥി ആയാല്‍ മനഃസാക്ഷി വോട്ടിന് നിര്‍ദ്ദേശം നല്‍കുമെന്ന് നേരത്തെ കെ.സുധാകരന്‍ പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കൊപ്പം കെപിസിസി ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ആയി അശോക് ഗെലോട്ട് വന്നിരുന്നുവെങ്കില്‍ തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ പോലും പ്രസക്തമല്ലാതാകുമായിരുന്നു. ഗെലോട്ട് പിന്മാറിയത് കാര്യങ്ങള്‍ തരൂരിന് അനുകൂലമാക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക