ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടനയ്ക്കെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പി.എഫ്.ഐയുടെ എല്ലാ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളും ഉടന്‍ മരവിപ്പിക്കും. ഇതിനായുള്ള നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ.ടി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.​ സ്വത്തുവകകള്‍ പിടിച്ചെടുത്ത് മുദ്രവച്ച്‌ കണ്ടുരകെട്ടാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പി.എഫ്,​ഐയില്‍ നിന്ന് പിരിഞ്ഞതായി അംഗങ്ങള്‍ പ്രഖ്യാപിക്കേണ്ടി വരും,​ അല്ലെങ്കില്‍ നിരോധിത സംഘടനയില്‍ തുടര്‍ന്നതിന് രണ്ട് വര്‍ഷം തടവും പിഴയും അനുഭവിക്കേണ്ടി വരുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരോധനം സംബന്ധിച്ച്‌ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം പരസ്യപ്പെടുത്താന്‍ നിയമനിര്‍വഹണ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പി.എഫ്‌.ഐ ഓഫീസുകളില്‍ പ്രാദേശിക പോലീസ് നോട്ടിഫിക്കേഷന്‍ ഒട്ടിക്കുകയും അതിന്റെ പകര്‍പ്പുകള്‍ പ്രധാന ഭാരവാഹികള്‍ക്ക് അയക്കുകയും ഉത്തരവിന്റെ ഉള്ളടക്കം ഉച്ചഭാഷിണിയിലൂടെ വായിക്കുകയും ചെയ്യും. യു.എ.പി.എ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.പി.എ നിയമപ്രകാരം ഒരു സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ പി.എഫ്‌.ഐയും അതിന്റെ അനുബന്ധ സംഘടനകളും രേഖകളെല്ലാം പൊലീസിനെ അറിയിക്കുകയും അവര്‍ക്ക് കൈമാറുകയും വേണം.

പിഎഫ്‌ഐയെ നിരോധിച്ചതിന് ശേഷം സംഘടനയില്‍ നിന്ന് പുറത്തുപോകാന്‍ അതിലെ അംഗങ്ങള്‍ക്ക് മതിയായ സമയം നല്‍കും. എന്നാല്‍ അംഗങ്ങളില്‍ നിന്ന് എന്തെങ്കിലും കുറ്റകരമായ രേഖകള്‍ കണ്ടെത്തിയാല്‍ ആ വ്യക്തിക്കെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. യു.എ.പി.എ പ്രകാരം പി.എഫ്‌.ഐയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന അംഗങ്ങള്‍ പണമോ സെക്യൂരിറ്റികളോ ക്രെഡിറ്റുകളോ ഉപയോഗിച്ച്‌ ഏതെങ്കിലും വിധത്തില്‍ പണമടയ്ക്കുകയോ വിതരണം ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ മറ്റെന്തെങ്കിലും ഇടപാട് നടത്തുകയോ ചെയ്യുന്നത് തടയും.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍.ഐ.എഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്‌.ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എ.ഐ.ഐ.സി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍.സി.എച്ച്‌.ആര്‍.ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക