കേരളത്തിന് ഏറെ പരിചിതമായ റീട്ടെയില്‍ ശൃംഖലയാണ് ‘അജ്മല്‍ ബിസ്മി’. ഹോം അപ്ലയന്‍സ് ആന്റ് ഇലക്‌ട്രോണിക്‌സ് ഗുഡ്‌സില്‍ തുടങ്ങി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തി നില്‍ക്കുന്ന ബിസ്മി ഇന്ന് പ്രമുഖ നഗരങ്ങളിലെല്ലാം ഉണ്ട്. കേരളത്തില്‍ തുടക്കമിട്ട, കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് ആയ ബിസ്മി മുകേഷ് അംബാനിയുടെ റിലയന്‍സ് ഏറ്റെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എക്കണോമിക് ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളും വീട്ടുപകരണങ്ങളും ഹൈപ്പര്‍മാര്‍ക്കറ്റും എല്ലാം ചേര്‍ന്ന മുപ്പതില്‍പരം വന്‍ സ്റ്റോറുകളാണ് കേരളത്തിലുടനീളം ബിസ്മിയ്ക്കുള്ളത്. ഏറ്റെടുക്കലിന്റെ അവസാന ഘട്ടത്തിലാണ് റിലയന്‍സ് എത്തി നില്‍ക്കുന്നത് എന്നാണ് വാര്‍ത്ത. ദിപാവലിയ്ക്ക് മുമ്ബ് ഇടപാട് പൂര്‍ത്തിയാക്കുമെന്നും സോഴ്‌സുകളെ ഉദ്ധരിച്ച്‌ എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഎ അജ്മല്‍ ആണ് ബിസ്മിയുടെ സ്ഥാപകന്‍. പൂര്‍ണമായും ഒരു കുടുംബ ബിസിനസ് എന്ന് വിളിക്കാവുന്നതാണ് ‘അജ്മല്‍ ബിസ്മി’. 800 കോടി രൂപയില്‍പരമാണ് വരുമാനം. 2003 ല്‍ കൊച്ചിയില്‍ ഹോം അപ്ലയന്‍സുകള്‍ക്കും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കുമായി തുടങ്ങിയ ‘ബിസ്മി’ ആയിരുന്നു തുടക്കം. പിന്നീട് കേരളത്തിലേക്ക് ഹൈപ്പര്‍ മാര്‍ക്കറ്റ് കള്‍ച്ചര്‍ കൊണ്ടുവന്നതിലും ബിസ്മി നിര്‍ണായക പങ്കുവഹിച്ചിരുന്നു.

600 കോടി രൂപയുടെ വാല്യുവേഷന്‍ ആണ് ബിസ്മി പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇത് കുറയ്ക്കാനുള്ള വിലപേശലാണ് റിലയന്‍സിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത് എന്നാണ് വാര്‍ത്ത. ഊഹാപോഹങ്ങളെ കുറിച്ച്‌ പ്രതികരിക്കാനില്ലെന്നാണ് ബിസ്മി ഗ്രൂപ്പിന്റെ നിലപാട് എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്തായാലും ഇങ്ങനെ ഒരു നീക്കത്തെ കുറിച്ച്‌ റിലയന്‍സ് ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

റീട്ടെയില്‍ മേഖലയില്‍ രാജ്യത്ത് തന്നെ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് റിലയന്‍സ് ഗ്രൂപ്പ്. നേരത്തെ ബിഗ് ബസാര്‍ ഏറ്റെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. ഇത് പിന്നീട് നടക്കാതെ പോയി. അതിന് ശേഷം ദക്ഷിണേന്ത്യയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയാണ് റിലയന്‍സ് ഗ്രൂപ്പ്. അടുത്തിടെ മൂന്ന് ഏറ്റെടുക്കലുകളാണ് റീട്ടെയില്‍ മേഖലയില്‍ മാത്രം ദക്ഷിണേന്ത്യയില്‍ റിലയന്‍സ് നടത്തിയത്. 152 കോടി രൂപയ്ക്കാണ് തമിഴ്‌നാട്ടിലെ കണ്ണന്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോര്‍സ് ഏറ്റെടുത്തത്. കലാനികേതന്‍ എന്ന എത്‌നിക് വെയര്‍ റീട്ടെയ്‌ലറേയും റിലയന്‍സ് ഏറ്റെടുത്തിരുന്നു. പ്രാദേശിക റീട്ടെയില്‍ ശൃംഖലയായ ജയസൂര്യ റീട്ടെയിലും റിലയന്‍സ് ഏറ്റെടുത്തവയില്‍ പെടുന്നു.

കേരളത്തില്‍ കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങാനുള്ള പദ്ധതിയിലായിരുന്നു ബിസ്മി ഗ്രൂപ്പ്. അഞ്ച് വര്‍ഷം കൊണ്ട് 50 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കാനും 2,500 കോടി രൂപയുടെ വിറ്റുവരവ് നേടാനും ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഫാംലി (Farmly) എന്ന ബ്രാന്‍ഡില്‍ അജ്മല്‍ ബിസ്മിയുടെ നേതൃത്വത്തില്‍ പാലും പാല്‍ ഉത്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇതിനും വലിയ ഡിമാന്‍ഡ് ആണ്. സ്വന്തം ഫാമില്‍ നിന്നാണ് ഇവ സ്റ്റോറുകളില്‍ എത്തിക്കുന്നത്.

നിലവില്‍, രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്‌ലര്‍ ഗ്രൂപ്പ് റിലയന്‍സ് ആണ് – അതിപ്പോള്‍ വരുമാനത്തിന്റെ കാര്യത്തില്‍ ആയാലും ഷോപ്പുകളുടെ എണ്ണത്തിലായാലും. ഇലക്‌ട്രോണിക്‌സ്, ഗ്രോസറി, ഫാഷന്‍ തുടങ്ങി ഏത് മേഖലയെടുത്താലും റിലയന്‍സ് തന്നെയാണ് മുന്നില്‍. ഇകൊമേഴ്‌സ് മേഖലയില്‍ ആമസോണിന്റേയും ഫ്‌ലിപ്കാര്‍ട്ടിന്റേയും അപ്രമാദിത്തം തകര്‍ക്കുക എന്നതും റിലയന്‍സ് ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നന്‍ ആയിരുന്ന മുകേഷ് അംബാനി ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ലോക സമ്ബന്നരുടെ പട്ടികയില്‍ ഒമ്ബതാം സ്ഥാനത്താണ്. അംബാനിയേക്കാള്‍ ഏറെ പിറകിലായിരുന്ന ​ഗൗതം അദാനിയാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ധനികന്‍. ലോക സമ്ബന്നരില്‍ രണ്ടാമനും അദാനി തന്നെ. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്ത് എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക