കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സി എച്ച്‌ മുഹമ്മദ്‌ കോയ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാക്കിയതാണ് കേരളത്തിന്റെ മതേതര പാരമ്ബര്യം. സി എച്ച്‌ പ്രചരിപ്പിച്ച മതസൌഹാര്‍ദ്ദം ഇന്നും ദിഗന്തങ്ങളില്‍ മുഴങ്ങുന്നുണ്ട്. അരിയും മലരും കുന്തിരിക്കവും കരുതാന്‍ എത്ര ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടും കാര്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോപ്പുലര്‍ഫ്രണ്ട് മുദ്രാവാക്യങ്ങള്‍ വിലപ്പോവാതിരിക്കാന്‍ കാരണം സി എച്ചിന്‍റെ ഉഗ്രമായ ശബ്ദമാണ്. കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര ചേരിയെ തകര്‍ക്കാനാണ് ഫാസിസം ശ്രമിക്കുന്നത്. തീവ്രമുദ്രാവാക്യങ്ങളുമായി ഫാസിസത്തെ ശക്തിപ്പെടുത്താനാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ശ്രമം. ഏത് ഇസ്ലാമിനെക്കുറിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. മതസംഘടനകള്‍ പഠിപ്പിക്കുന്ന ഇസ്ലാമില്‍ തീവ്രവാദമോ വര്‍ഗീയതയോ ഇല്ല. പിന്നെവിടുന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് ഈ ആശയങ്ങള്‍ ലഭിക്കുന്നത്. ഇസ്ലാമിനെക്കുറിച്ച്‌ പറയാന്‍ പോപ്പുലര്‍ ഫ്രണ്ടിന് അവകാശവും അധികാരവുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വര്‍ഗീയത പറഞ്ഞു കത്തിക്കുക, എന്നിട്ട് പ്രശ്നങ്ങളുണ്ടാവുമ്ബോ എല്ലാവരും കൂടി മുങ്ങുക. ഇതാണ് പോപ്പുലര്‍ ഫ്രണ്ട് രീതിയെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. പ്രശ്നമുണ്ടാവുമ്ബോള്‍ ഇവരെ മഷിയിട്ട് നോക്കിയാല്‍ കാണില്ല. ഇത് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ കുറേകാലമായി തുടരുന്ന രീതിയാണ്. കേസില്‍ പെട്ടവര്‍ പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനേക്കാള്‍ വലിയ ഇളക്കമുണ്ടായിട്ട് മുസ്ലിം ലീഗ് കുലുങ്ങിയിട്ടില്ല.

മുന്‍പ് മുസ്ലിം ലീഗിന് രാഷ്ട്രീയ തോല്‍വികള്‍ ഉണ്ടായപ്പോള്‍ തീവ്രനിലപാട് സ്വീകരിക്കണമെന്ന് ആവശ്യമുന്നയിച്ചവര്‍ ലീഗില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ ശിഹാബ് തങ്ങള്‍ അതിന് വഴങ്ങിയില്ല. എന്തു തോല്‍വിയുണ്ടായാലും സമാധാനത്തിനൊപ്പം മാത്രമേയുള്ളുവെന്ന് തങ്ങള്‍ നിലപാടെടുത്തു. തീവ്രനിലപാട് എടുത്തവര്‍ പിന്നെവിടെപ്പോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ജി സി സി രാജ്യങ്ങളിലൂടെയുള്ള പാണക്കാട് സാദിഖലി തങ്ങളുടെ പര്യടനത്തിന് അബുദാബിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. പോപ്പുലര്‍ ഫ്രണ്ടിനെതിരായ ക്യാമ്ബയിനും യാത്രയുടെ ലക്ഷ്യമാണ്. കേരളത്തില്‍ സാദിഖലി തങ്ങള്‍ നടത്തിയ യാത്ര മതസൗഹാര്‍ദ്ദവും സമാധാനവും പ്രചരിപ്പിക്കാനായിരുന്നു. ആ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയാണെന്നും അത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പല മാധ്യമങ്ങളും പോപ്പുലര്‍ ഫ്രണ്ടിനോടുള്ള മുസ്ലിം ലീഗിന്‍റെ നിലപാടിനെ പ്രശംസിച്ചു. ഇതില്‍ സന്തോഷമുണ്ട്. തീവ്രനിലപാട് എടുക്കുന്നവര്‍ക്കെതിരെ തുറന്ന നിലപാടുമായി മുസ്ലിം ലീഗ് ഉണ്ടാവുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആര്‍ എസ് എസിനെ പ്രതിരോധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനെക്കൊണ്ട് കഴിയില്ലെന്ന നിലപാടുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് നേരത്തെ രംഗത്തെത്തിയിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് നടത്തിയ പരേഡ് വെറുതെയായില്ലേയെന്ന് പി കെ ഫിറോസ് ചോദിച്ചു. കോഴിക്കോട് കവാത്ത് നടത്തിയിട്ട് ഫാസിസം അവസാനിച്ചോ കോഴിക്കോട് പരേഡ് നടത്തിയാല്‍ ബി ജെ പി ഗവണ്‍മെന്‍റ് താഴെപ്പോവുമോയെന്നും ജനമഹാ സമ്മേളനം വെറുതെയായില്ലേയെന്നും പി കെ ഫിറോസ് ചോദിച്ചു. പേരാമ്ബ്രയിലെ മുസ്ലിം ലീഗ് സമ്മേളനത്തിലായിരുന്നു പി കെ ഫിറോസിന്‍റെ പ്രസംഗം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക