ഇറ്റലിയില്‍ ജോര്‍ജിയ മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‍സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേക്ക് നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. ഇറ്റാലിയന്‍ ഫാഷിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനിക്ക് ശേഷം ആ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തീവ്ര വലതുപക്ഷ നേതാവായിരിക്കും ജോര്‍ജിയ മെലോണി. ഇറ്റലിയിലേക്ക് കുടിയേറുന്നവര്‍‌ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് പൗരത്വം കൊടുക്കാന്‍ പാടില്ല, കുറ്റകൃത്യങ്ങള്‍ തടയാന്‍ സൈന്യത്തെ വിന്യസിക്കുക തുടങ്ങിയവയാണ് മെലോണിയുടെ വാദങ്ങള്‍. ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എല്‍ജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണള്‍ഡ് ട്രംപ് ആരാധിക കൂടിയാണ് ഈ നാല്‍പത്തിയഞ്ചുകാരി.

ഫാസിസത്തെ പിന്തുടരുന്നുവെന്ന് ആരോപിച്ച്‌ ഇടതുപക്ഷ നേതാക്കളും അനുയായികളും നിരന്തരം കടന്നാക്രമിക്കുന്ന ഈ സ്ത്രീയ്ക്ക് എന്നാല്‍ തനിക്ക് നേരെ വരുന്ന അമ്ബുകളെ പൂക്കളാക്കാനുള്ള കഴിവും കൂടുതലാണ്. 2019ല്‍ റോമില്‍ നടന്ന റാലിയില്‍ എല്‍ജിബിടിക്യു സമൂഹത്തെ രൂക്ഷമായി ആക്രമിച്ചു കൊണ്ടുള്ള, ഇറ്റാലിയന്‍ വലതുപക്ഷ വനിതാ നേതാവ് ജോര്‍ജിയ മെലോണിയുടെ പ്രസംഗം വൈറലായിരുന്നു. എന്നാല്‍ അത് വൈറലാകാനുള്ള കാരണം ഇടതുപക്ഷ നേതാക്കള്‍ തന്നെയാണ്. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയുന്നത് പോലെയാണ് അന്ന് കാര്യങ്ങള്‍ അരങ്ങേറിയത്. ‘ഞാന്‍ ജോര്‍ജിയ, ഞാനൊരു സ്ത്രീയാണ്, ഞാനൊരു അമ്മയാണ്, ഞാന്‍ ഇറ്റലിക്കാരിയാണ്. ഇതൊന്നും എന്നില്‍നിന്നെടുത്തു മാറ്റാന്‍ നിങ്ങള്‍ക്കാകില്ല’, എന്ന മെലോണിയുടെ വാക്കുകള്‍ ചേര്‍ത്ത് ഇടതുപക്ഷ ഡിജെമാര്‍ ഒരു സംഗീത വിഡിയോ പുറത്തിറക്കി. മെലോണിയെ പരിഹസിക്കലും രാഷ്ട്രീയമായി എതിര്‍ക്കലുമായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, സംഭവം തിരിച്ചടിച്ചു. ഇന്ന് മെലോണിയുടെ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’ എന്ന രാഷ്ട്രീയ പാര്‍ട്ടി സ്വന്തം നിലയില്‍ ഏറ്റവുമധികം പ്രചരിപ്പിക്കുന്ന ആല്‍ബമാണിത്. ഡിസ്കോതെക്കുകളില്‍ യുവാക്കള്‍ ഡാന്‍സ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഈ ഗാനത്തിന്റെ കാഴ്ചക്കാര്‍ യു ട്യൂബില്‍ മാത്രം ഒരു കോടി കവിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടുത്ത ഇസ്ലാം വിരുദ്ധത കൂടിയാണ് ജോര്‍ജിയ മെലോണി. സെപ്റ്റംബര്‍ 25-ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പുള്ള അഭിപ്രായ സര്‍വേകളില്‍ 25 ശതമാനം വോട്ടുകളോടെ മെലോണി മുന്നിലാണ്. മുന്‍ പ്രധാനമന്ത്രിയും 5 സ്റ്റാര്‍ മൂവ്മെന്റ് നേതാവുമായ ഗിസെപ്പേ കോണ്ടെ മാത്രമാണ് മെലോണിക്ക് മുന്നിലുള്ളത്. മെലോണി ഉള്‍പ്പെടുന്ന മുന്നണി വിജയിച്ചാല്‍ ഇറ്റാലിയന്‍ ഫാഷിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനിക്ക് ശേഷം ആ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തീവ്ര വലതുപക്ഷേ നേതാവായിരിക്കും ഭരണത്തില്‍ വരിക. മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് മെലോണി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയതും.

സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു

ഇറ്റാലിയന്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അതിന്റെ മൂര്‍ധന്യത്തിലാണ്. ഇറ്റാലിയന്‍ നഗരത്തില്‍ യുക്രെയ്ന്‍ സ്വദേശിനിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച്‌ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ജോര്‍ജിയ മെലോണി. അവ്യക്തമാക്കിയ വീഡിയോയാണ് ജോര്‍ജിയ പങ്കുവെച്ചത്. എന്നാലിത് വ്യാപക വിമര്‍ശനത്തിന് വിധേയമായതിന് പിന്നാലെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. മെലോണിക്കെതിരെ രാഷ്ട്രീയ എതിരാളികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വീഡിയോ ആയിരുന്നു ജോര്‍ജിയ പങ്കുവച്ചത്. ഇത് ക്രൂരമാണെന്നും അതീജീവിതയുടെ അനുവാദം ഇല്ലാതെ വീഡിയോ പുറത്തുവിടുന്നത് യുവതിയുടെ ദുരിതം ഇരട്ടിയാക്കുമെന്നും ആരോപണം ഉയര്‍ന്നു. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ ഏറെ മുന്നിലുള്ള സ്ഥാനാര്‍ത്ഥിയാണ് ജോര്‍ജിയ മെലോനി. ചൊവ്വാഴ്ച രാവിലെ പോസ്റ്റ് നീക്കം ചെയ്ത ട്വിറ്റര്‍, കമ്യൂണിറ്റി നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് സന്ദേശം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത മെലോണി പിന്നീട് പ്രതികരണവുമായി എത്തി. ‘ഇരയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സംഭവിച്ചതിനെ അപലപിക്കാനും നീതി ആവശ്യപ്പെടാനുമാണ്’ താന്‍ വീഡിയോ പങ്കുവച്ചതെന്ന് മെലോണി തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.

55 കാരിയായ ഉക്രേനിയന്‍ സ്ത്രീയെ ഗിനിയയില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥി ഞായറാഴ്ച പുലര്‍ച്ചെ നടപ്പാതയില്‍ വച്ച്‌ ആക്രമിച്ചുവെന്നാണ് വടക്കന്‍ നഗരമായ പിയാസെന്‍സയിലെ പൊലീസ് നല്‍കുന്ന വിവരം. ഇയാളുടെ അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. ഏതോ ഫ്ലാറ്റില്‍ നിന്നും പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ബ്ലര്‍ ചെയ്താണ് ഓണ്‍ലൈന്‍ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. അതിജീവിതയെ തിരിച്ചറിയാന്‍ വീഡിയോയിലൂടെ സാധിക്കുന്നുമില്ല. എന്നാല്‍ ആക്രമണ സമയത്തെ സ്ത്രീയുടെ കരച്ചിലടക്കം കൃത്യമായി കേള്‍ക്കുന്ന ഓഡിയോ വീഡിയോക്കൊപ്പമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക