പാലക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസോ, ചെലവോ നല്‍കാതെ സര്‍ക്കാര്‍. ചുരുങ്ങിയത് വിചാരണ ദിവസങ്ങളിലെ ചെലവ് എങ്കിലും അനുവദിക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ രാജേഷ് എം മേനോന്‍ കളക്ടര്‍ക്ക് കത്തയച്ചു. അഭിഭാഷകന്‍ അയച്ച കത്തില്‍ ചെലവ് കണക്ക് സഹിതം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസ് നല്‍കുന്നില്ലെന്ന പരാതി മധുവിന്റെ അമ്മ മല്ലി മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ നേരിട്ട് കണ്ട് അറിയിച്ചു . ഇതുവരെ 40ലേറെ തവണ രാജേഷ് എം മേനോല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസില്‍ കോടതിയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഫീസോ, യാത്രാ ചെലവോ, അഭിഭാഷകന് നല്‍കിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

240 രൂപയാണ് അഭിഭാഷകന്‍ ഒരു ദിവസം മൂന്ന് മണിക്കൂറിലധികം കോടതിയില്‍ ചിലവിട്ടാല്‍ ലഭിക്കുന്ന ഫീസ്. അല്ലെങ്കില്‍ അത് 170 ആയി കുറയും. 1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്. കേസ് ആവശ്യത്തിനായി ചെലവായ 1,63,520 രൂപ അനുവദിക്കണം എന്ന് കാട്ടിയാണ് രാജേഷ് എം മേനോന്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയത്. കേസിലെ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്ന പി ഗോപിനാഥ് ന്യായമായ ഫീസ് അല്ല സര്‍ക്കാര്‍ ഉത്തരിവുള്ളത് എന്ന് പറഞ്ഞാണ് പിന്മാറിയത്.

അതേസമയം പാർട്ടി ബന്ധമുള്ള രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികൾക്ക് സംരക്ഷണം ഒരുക്കാൻ സർക്കാർ വക്കീൽ ഫീസ് ഇനത്തിൽ ചെലവാക്കുന്നത് കോടികൾ ആണ്. ഇത്തരത്തിലൊരു സർക്കാരാണ് ഒരു ആദിവാസി യുവാവിനെ മോഷണം ആരോപിച്ച് തല്ലി കൊന്ന കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് കേവലം 240 രൂപ പ്രതിദിനം അനുവദിച്ച ഉത്തരവിറക്കിയതും, ആ തുച്ഛമായ തുക പോലും ഇതുവരെ നൽകാതിരിക്കുന്നതും. ടി പി വധക്കേസ്, പെരിയ ഇരട്ട കൊലപാതകം, ഷുഹൈബ് വധക്കേസ് എന്നീ കേസുകളിൽ സിബിഐ അന്വേഷണം തടയാൻ ഡൽഹിയിൽ നിന്ന് ഉൾപ്പെടെ ഉന്നത അഭിഭാഷകരെ ഇറക്കി കോടിക്കണക്കിന് രൂപ സർക്കാർ ചിലവാക്കിയതിന്റെ കണക്കുകൾ നേരത്തെ പുറത്തു വന്നിരുന്നു.

ഇത്തരത്തിൽ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒരു കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പുവരുത്തുവാൻ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് കൂലിപ്പണിക്കാരന് കൊടുക്കുന്ന തുക പോലും അനുവദിക്കാത്ത സർക്കാർ പൊതുഖജനാവിലെ പണം കൊലപാതകികൾക്ക് സംരക്ഷണം ഒരുക്കാനും രാഷ്ട്രീയ കൊലപാതകങ്ങളിലെ ഉന്നതബന്ധങ്ങൾ പുറത്തുവരാതിരിക്കാനും ചെലവാക്കുന്നത് തീർച്ചയായും പ്രതിഷേധിക്കപെടേണ്ട വിഷയമാണ്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വന്നെങ്കിലും മാത്രമേ മധു എന്ന ചെറുപ്പക്കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ വർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പുവരുത്താൻ സാധിക്കൂ.

ഇത്രയും സെൻസേഷണൽ ആയ ഒരു കേസ് ആയിട്ടും, വിചാരണക്കോടതിയുടെ കർശന നിലപാടുകൾ ഉണ്ടായിട്ടും നിരവധി പ്രോസിക്യൂഷൻ സാക്ഷികളാണ് കേസിൽ ഇതുവരെ കൂറുമാറിയത്. നീതിന്യായ വ്യവസ്ഥയെയും, ന്യായാധിപന്മാരെ പോലും പ്രതികൾ ഭീഷണിപ്പെടുത്തുന്നു എന്ന ആരോപണവും ഈ കേസിൽ ഉയർന്നിട്ടുണ്ട്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഇത്തരമൊരു വിചാരണവേളയിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ഈ അലസ സമീപനം കേസ് അട്ടിമറിക്കാൻ സർക്കാർ പോലും കൂട്ടുനിൽക്കുകയാണ് എന്ന സംശയത്തിന് ഇടയാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക