ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയിലെങ്ങും ചാക്കോച്ചന്റെ ‘ദേവദൂതര്‍ പാടി’ എന്ന വൈറല്‍ ഡാന്‍സാണ് താരം. ഇന്‍സ്റ്റഗ്രാം റീലുകളിലും വീഡിയോകളിലുമെല്ലാം ‘ദേവദൂതര്‍’ നിറഞ്ഞുനില്‍ക്കുകയാണ്. ദുല്‍ഖര്‍, ധ്യാന്‍​ ശ്രീനിവാസന്‍, ഗായിക മഞ്ജരി തുടങ്ങി നിരവധി സെലബ്രിറ്റികളും ഈ ഗാനത്തിന് ചുവടുവച്ച്‌ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ, മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരും ‘ദേവദൂതര്‍’ ഡാന്‍സിന് ചുവടുവച്ചിരിക്കുകയാണ്. കല്യാണ്‍ ജ്വല്ലറിയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഏതാനും പെണ്‍കുട്ടികള്‍ക്കൊപ്പം മഞ്ജു ഈ പാട്ടിനൊപ്പം ചുവടുവച്ചത്. മഞ്ജുവിന്റെ ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
‘ദേവദൂതര്‍ പാടി’ വീണ്ടും ഹിറ്റാകുമ്ബോള്‍

Devadoothar Paadi: മലയാളികളുടെ നൊസ്റ്റാള്‍ജിയയുടെ ഉലയില്‍ നിന്നും കാലം വീണ്ടും ഊതികാച്ചിയെടുത്ത പാട്ടാണ് കാതോട് കാതോരത്തിലെ ‘ദേവദൂതര്‍ പാടി’ എന്ന മാന്ത്രിക ഈണം. 37 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി ഈ പാട്ട് ചിട്ടപ്പെടുത്തിയത് ഔസേപ്പച്ചനാണ്. ഒഎന്‍വി കുറുപ്പിന്റേതായിരുന്നു വരികള്‍. അര്‍ത്ഥസമ്ബന്നമായ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണമിട്ടപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ പാട്ടുകളിലെ എക്കാലത്തെയും മാജിക്കല്‍ കോമ്ബസിഷന്‍ എന്നു വിളിക്കാവുന്ന ഒരു പാട്ടായി ദേവദൂതര്‍ മാറി.

ശുദ്ധധന്യാസി, ജോഗ് രാഗങ്ങളുടെ ലയനമാണ് ഈ പാട്ടില്‍ കാണാനാവുക. മെലഡിയുടെയും ഫാസ്റ്റ് നമ്ബറിന്റെയും ഫീല്‍ ഒരുപോലെ സമ്മാനിക്കുന്ന പാട്ട്. ചിത്രത്തില്‍ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം കാണിക്കുന്നതെന്നതിനാല്‍ ഭക്തിസാന്ദ്രമായൊരു വശവും ഈ പാട്ടിനുണ്ട്. കെ.ജെ യേശുദാസ്, കൃഷ്ണചന്ദ്രന്‍, ലതിക, രാധിക എന്നിവര്‍ ചേര്‍ന്നാണ് മനോഹരമായ ഈ ഗാനം ആലപിച്ചത്.
വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നിക്കുന്ന എന്തോ ഒരു മാജിക് ഈ പാട്ടില്‍ ഒളിച്ചിരിപ്പുണ്ട്. അതുകൊണ്ടാവാം ഒരു തലമുറ ഉത്സവപറമ്ബുകളിലും ഗാനമേളകളിലും ഈ പാട്ട് പാടി നടന്നത്. മൂന്നര പതിറ്റാണ്ടിനിപ്പുറം, ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആ പാട്ടൊന്നു കേള്‍പ്പിക്കേണ്ട താമസം വിസ്മൃതിയുടെ പതിറ്റാണ്ടുകളെ അനായേസേന വകഞ്ഞുമാറ്റി ദേവദൂതര്‍ വീണ്ടും കേള്‍വിയില്‍ സ്വരരാഗമഴയായി പെയ്തിറങ്ങുകയാണ്. ജനറേഷന്‍ ഗ്യാപ്പോ മാറിയ സംഗീത അഭിരുചികളോ ഒന്നും ‘ദേവദൂതറി’ന്റെ മാജിക്കല്‍ ഈണത്തിനു മുന്നില്‍ തടസ്സമാവുന്നില്ല.

പാട്ടിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം പില്‍ക്കാലത്ത് ലോകപ്രശസ്തരായ സംഗീതജ്ഞരായി മാറി. പാട്ടിനായി ഡ്രംസ് വായിച്ചത് ശിവമണി ആണ്. ഗിറ്റാറില്‍ ഈണമൊരുക്കിയത് പ്രഗത്ഭനായ ജോണ്‍ ആന്റണി. അന്ന് ദിലീപ് എന്ന് അറിയപ്പെട്ടിരുന്ന എ.ആര്‍.റഹ്മാന്‍ ആണ് പാട്ടിനായി കീബോര്‍ഡ് വായിച്ചത്.
ദേവദൂതര്‍ എന്ന പാട്ടിന് 37 വര്‍ഷത്തെ പഴക്കമാണ് ഉള്ളതെങ്കില്‍ ആ ഈണത്തിന് അതിലുമേറെ പഴക്കമുണ്ടെന്നാണ് ഔസേപ്പച്ചന്‍ പറയുന്നത്. “37 വര്‍ഷത്തിനു മുന്‍പ് ചെയ്ത പാട്ടാണ് ദേവദൂതര്‍ പാടി. പക്ഷേ ഈ പാട്ട് എന്റെ മനസ്സില്‍ രൂപപ്പെട്ടിട്ട് അന്‍പത് കൊല്ലം ആയിട്ടുണ്ടാകും. എന്റെ കൗമാരകാലത്ത് ഞാന്‍ സ്വന്തമായി കംപോസ് ചെയ്ത് വയലിനില്‍ വായിച്ച ബിറ്റ് ആണത്. അമേരിക്കന്‍ ഫോക്ക് ശൈലിയിലുള്ള ആ ബിറ്റ് വായിക്കുന്നത് എനിക്കൊരു രസമായിരുന്നു,” ഔസേപ്പച്ചന്റെ വാക്കുകള്‍ ഇങ്ങനെ.
മമ്മൂട്ടിയും സരിതയും നെടുമുടി വേണുവുമായിരുന്നു കാതോട് കാതോരത്തിലെ ആ ഗാനരംഗത്തില്‍ നിറഞ്ഞുനിന്നത്. വേദിയില്‍ മമ്മൂട്ടിയും സരിതയും ഗായകസംഘവും ചേര്‍ന്ന് പാടുന്ന രീതിയിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക