തിരുവനന്തപുരം: കൊട്ടിഘോഷിച്ച്‌ ഉദ്ഘാടനം ചെയ്‌ത കിഴക്കേകോട്ട ഫുട് ഓവര്‍ ബ്രിഡ്‌ജില്‍ കാല്‍നടയാത്രക്കാരുടെ പൊടിപോലുമില്ല. വ്യാഴാഴ്‌ച ഫുട് ഓവര്‍ ബ്രിഡ്‌ജ് വന്ന് ഒരു മാസം തികയാനിരിക്കെ കേരളകൗമുദി നടത്തിയ അന്വേഷണത്തിലാണ് പാലം കയറാന്‍ ആരും മെനക്കെടുന്നില്ലെന്ന് കണ്ടെത്തിയത്. ധൃതിപിടിച്ച്‌ ഓടുന്ന യാത്രക്കാരെല്ലാം റോഡ് മുറിച്ച്‌ കടക്കുകയാണ് ചെയ്യുന്നത്.

പടികയറി ബ്രിഡ്‌ജിന് മുകളിലെത്തി നടന്ന് താഴെ ഇറങ്ങുമ്ബോഴേക്കും ബസ് പോകുമെന്നാണ് പലരും പറയുന്നത്. ലിഫ്‌റ്റ് ഉണ്ടെങ്കിലും മിക്കപേരും ഉപയോഗിക്കാറില്ല. ഫുട് ഓവര്‍ ബ്രിഡ്‌ജ് കാണാന്‍ നിരവധി പേര്‍ രാത്രിയില്‍ എത്തുന്നുണ്ട്. അതിനപ്പുറം കോടികള്‍ ചെലവാക്കി നഗരമദ്ധ്യത്തില്‍ പണിത ഫുട് ഓവര്‍ ബ്രിഡ്‌ജ് കാര്യമായി ഉപയോഗപ്പെടുത്താന്‍ നഗരസഭയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. 104 മീറ്റര്‍ നീളമുള്ള സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ഫുട് ഓവര്‍ ബ്രിഡ്‌ജാണ് കിഴക്കേകോട്ടയിലേത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടിയന്തര ഇടപെടല്‍ വേണം

ഫുട് ഓവര്‍ ബ്രിഡ്‌ജില്‍ പൊതുജനം കയറാനുള്ള അടിയന്തര ഇടപെടല്‍ പൊലീസും നഗരസഭയും നടത്തണമെന്നാണ് നിര്‍മ്മാണ കമ്ബനിയായ ആക്‌സോ എന്‍ജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതരും പറയുന്നത്. റോഡ് മുറിച്ചുകടക്കാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളെല്ലാം അടയ‌്ക്കണം. അല്ലെങ്കില്‍ ആറ് കോടിയോളം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫുട് ഓവര്‍ ബ്രിഡ്‌ജ് പ്രയോജനമില്ലാതായി പോകുമെന്നും ഇവര്‍ പറയുന്നു.

എസ്‌കലേറ്റര്‍

കിഴക്കേകോട്ടയില്‍ ഫുട് ഓവര്‍ ബ്രിഡ്‌ജ് വേണമെന്ന ആവശ്യമുയര്‍ന്ന സമയത്ത് മനുഷ്യാവകാശ കമ്മിഷന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിരുന്നു. പൊതുജനങ്ങള്‍ ബ്രിഡ്‌ജ് വഴി പോകാന്‍ സാദ്ധ്യത കുറവാണെന്നായിരുന്നു അന്ന് പൊലീസ് സമര്‍പ്പിച്ച റിപ്പോട്ട്. ഫുട് ഓവര്‍ ബ്രിഡ്‌ജില്‍ കയറുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി റോഡ് മുറിച്ച്‌ കടക്കാനേ ജനം ശ്രമിക്കൂ. അതിനാല്‍ എസ്‌കലേറ്റര്‍ മാതൃകയിലുള്ള ബ്രിഡ്‌ജാണ് നിര്‍മ്മിക്കുന്നതെങ്കില്‍ ജനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫുട് ഓവര്‍ ബ്രിഡ്‌ജ് വരാതിരിക്കാന്‍ പൊലീസ് മുടന്തന്‍ ന്യായം പറയുകയാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളുകയായിരുന്നു.

രണ്ട് മാര്‍ഗങ്ങള്‍

കിഴക്കേകോട്ടയില്‍ റോഡ് മുറിച്ച്‌ കടക്കുന്നത് കര്‍ശനമായും നിരോധിക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്‌ക്ക് മുന്നിലുളള പെട്രോള്‍ പമ്ബിന്റെ ഭാഗത്തേക്ക് ഫുട് ഓവര്‍ ബ്രിഡ്‌ജ് നീട്ടണമെന്ന മറ്റൊരു അഭിപ്രായവുമുണ്ട്. കൂടുതല്‍ പേരും ബസിറങ്ങുന്നത് ഇവിടെയാണ്. ഈ രണ്ടാവശ്യങ്ങളും ചൂണ്ടിക്കാട്ടി വീണ്ടും നിയമപോരാട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഫുട് ഓവര്‍ ബ്രിഡ്‌ജിന് വേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കവടിയാര്‍ ഹരികുമാര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക