തൃശൂര്‍: സെക്യൂരിറ്റിയായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ അപ്പീല്‍ ഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. 2015 ജനുവരി 29 ന് അറസ്റ്റിലായ നിഷാമിന് തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തത്തിന്‌ പുറമെ 24 വര്‍ഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നിസാം നല്‍കിയ അപ്പീലിലാണ് ഇന്ന് വിധി പറയുക.

തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കണ്ടശ്ശാംകടവ് സ്വദേശിയായ ചന്ദ്രബോസ്. ഗേറ്റ് തുറക്കാന്‍ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാര്‍ഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിസാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. വീണു കിടന്ന ഇയാളെ നിസാം എഴുന്നേല്‍പ്പിച്ച്‌ വാഹനത്തില്‍ കയറ്റി പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനമിടിച്ച്‌ പരിക്കേല്‍പ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ നിസാം മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. സെക്യൂരിറ്റി റൂമും ഫര്‍ണിച്ചറുകളും ജനലുകളും നിസാം അടിച്ചു തകര്‍ത്തു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്ങല്‍ വീട്ടില്‍ അനൂപിനും മര്‍ദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫ്‌ളൈയിങ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കേ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക