കൊച്ചി: ഇന്‍സ്റ്റഗ്രാം കമന്റിനെ ചൊല്ലി മുന്‍ കൂട്ടുകാരനെ വീടു കയറി ആക്രമിക്കുന്നതിനിടെ സംഘാംഗമായ യുവാവ് കൂട്ടുകാരന്റെ സഹോദരന്റെ കുത്തേറ്റു മരിച്ചു. സംഭവം തിരക്കി ചെന്ന മറ്റൊരു യുവാവിനെ ആളുമാറി കുത്തി വീഴ്ത്തി. യുവതിയുടെ പേരിലായിരുന്നു കൂട്ടുകാര്‍ കലഹിച്ചു പിരിഞ്ഞത്.

വെണ്ണല ശാന്തിനഗര്‍ റോഡില്‍ കരിപ്പാലവേലിയില്‍ വീട്ടില്‍ സജുന്‍ സക്കീര്‍ ഹുസൈന്‍ (28) ആണ് വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ കലൂര്‍ ജേര്‍ണലിസ്റ്റ്‌സ് കോളനിക്ക് സമീപം കൊല്ലപ്പെട്ടത്. ആളുമാറി കുത്തേറ്റ ചക്കരപ്പറമ്ബ് വെള്ളായി വീട്ടില്‍ അശ്വിന്‍ അയൂബും (25), പ്രതി കലൂര്‍ ചമ്മിണി റോഡില്‍ പുളിക്കല്‍വീട്ടില്‍ കിരണ്‍ ആന്റണിയും (24) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വയറ്റില്‍ കുത്തേറ്റ അശ്വിന്റെ പരിക്ക് സാരമുള്ളതല്ല. തലയ്ക്കും മുഖത്തും മര്‍ദ്ദനമേറ്റ കിരണിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലപ്പെട്ട സജുനിന്റെ സംഘാംഗമായിരുന്നു കിരണിന്റെ സഹോദരന്‍ കെവിന്‍. സംഘാംഗമായ സെബിനും നടിയും മോഡലുമായ യുവതിയും ചേര്‍ന്ന് ഗെയിമിംഗ് സ്റ്റേഷന്‍ നടത്തിയിരുന്നു. സാമ്ബത്തിക ഇടപാടില്‍ ഇരുവരും പിണങ്ങി. യുവതി സെബിനെ വിട്ട് കെവിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് സംഘം രണ്ടായി. കെവിന്‍ സജുനിന്റെ സംഘം വിട്ടു. തമ്മില്‍ ശത്രുതയുമായി.

കഴിഞ്ഞ ദിവസം കെവിന്‍, സഹോദരന്‍ കിരണും മറ്റൊരു സുഹൃത്തുമൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ചിത്രത്തിന് താഴെ ഇരുകൂട്ടരും പരസ്പരം ആക്ഷേപിച്ച്‌ കമന്റുകളിട്ടു. സജുനിന്റെ സംഘാംഗമായ സെബിന്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ കാറിലും ബൈക്കിലുമായി കെവിനെ തിരക്കി ചമ്മിണി റോഡിലെ വീട്ടിലെത്തി. കെവിന്‍ അപ്പോള്‍ സുഹൃത്തിന്റെ ഫ്‌ളാറ്റിലായിരുന്നു.

കിരണ്‍ ആണ് വീട്ടില്‍ ഉണ്ടായിരുന്നത്. തന്നെ തിരക്കി സംഘം വരുന്നുണ്ടെന്ന് സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് കെവിന്‍ വീട്ടിലേക്ക് വിളിച്ച്‌ മുന്നറിയിപ്പ് നല്‍കി. അതോടെ കിരണ്‍ മുന്തിയ ഇനം നായ്ക്കളെ അഴിച്ചുവിട്ട് അകത്തിരുന്നു. വീട്ടിലെത്തിയ സംഘം നായ്ക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച്‌ ഓടിച്ച ശേഷം കിരണിനെ വലിച്ചിഴച്ചു റോഡിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചു. ഇതിനിടെ കിരണ്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു.

സംഭവം എന്താണെന്നറിയാന്‍ എത്തിയ ബൈക്ക് യാത്രക്കാരനായ അശ്വിനെയും എതിര്‍സംഘാംഗമാണെന്ന് കരുതി കിരണ്‍ കുത്തി. കിരണിനെ രക്ഷിക്കാനാന്‍ ശ്രമിച്ച അയല്‍വാസി ജിനീഷിനും മര്‍ദ്ദനമേറ്റു. അക്രമികളുടെ വിവരങ്ങള്‍ നോര്‍ത്ത് പൊലീസ് ശേഖരിച്ചു. ഫോണുകള്‍ ഓഫാണ്. യുവതിയും ഒളിവിലാണ്. കെവിന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി.ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ഡിപ്ലോമക്കാരനായ കിരണ്‍ വേറെ കേസുകളിലും പ്രതിയാണ്. ആമസോണിലെ ഡെലിവറി ബോയ് ആണ് കൊല്ലപ്പെട്ട സജുന്‍.മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കെവിനെ തേടിയെത്തി; കിട്ടിയത് കിരണിനെ

”എന്നെ തേടി അവരെത്തും… സൂക്ഷിക്കണം.’ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വെല്ലുവിളികള്‍ മുറുകിയതോടെ കാക്കനാട്ടെ സുഹൃത്തിന്റെ ഫ്‌ളാറ്റിലിരുന്ന് കെവിന്‍ അമ്മയെ വിളിച്ച്‌ നല്‍കിയ മുന്നറിയിപ്പാണിത്. പ്രശ്‌നമൊന്നും ഉണ്ടാക്കരുതെന്നായിരുന്നു അമ്മയുടെ ഉപദേശം. ഇതറിഞ്ഞ കിരണ്‍ ആക്രമണം ചെറുക്കാന്‍ തയ്യാറെടുപ്പുകള്‍ രാത്രിയില്‍ തന്നെ നടത്തി. റോട്ട്വീലര്‍, പിറ്റ്ബുള്‍ ഇനങ്ങളിലെ നായ്ക്കളെ അഴിച്ചുവിട്ട് അക്രമികളെ കാത്ത് മുറ്റത്തു തന്നെ നിലയുറപ്പിച്ചു.

രാത്രി ഒരുമണിയോടെ സെബിനും മറ്റും കെവിനെ തേടിയെത്തി. നായ്ക്കളെ കണ്ട് ഇവര്‍ ഗേറ്റിന് പുറത്ത് നിന്നു. കുറച്ച്‌ അടുത്തേക്ക് എത്തിയ നായ്ക്കളുടെയും കിരണിന്റെയും മുഖത്ത് ഇവര്‍ പെപ്പര്‍ സ്പ്രേ അടിച്ചു. പിന്നീട് കിരണിനെ ബലമായി പിടിച്ചുവലിച്ച്‌ റോഡിലേക്ക് കൊണ്ടുപോയി മറ്റുള്ളവരുമായി ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

പ്രത്യേകം ഗ്രിപ്പിട്ട, ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ സ്റ്റമ്ബ് ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സജുനിന് കുത്തേറ്റതെന്നാണ് പൊലീസ് കരുതുന്നത്. കത്തി ആരാണ് കൊണ്ടുവന്നതെന്ന് കണ്ടെത്തിയിട്ടില്ല. കെവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ പരിഹസിച്ചുള്ള കമന്റിന് കിരണും മറുപടിയിട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക