24 മണിക്കൂറിനുള്ളില്‍ 81 കോഴ്‌സുകളുടെ സര്‍ടിഫികറ്റുകള്‍ നേടി ലോക റെകോര്‍ഡ് കുറിച്ച്‌ മലയാളി വനിത. കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍ സ്വദേശിയായ രഹ്‌ന ഷാജഹാനാണ് ഓണ്‍ലൈന്‍ പഠനത്തിലൂടെ ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെകോര്‍ഡ്സില്‍ അപൂര്‍വ നേട്ടത്തിന് ഉടമയായത്. കണക്കുകള്‍ വെച്ച്‌ നോക്കിയാല്‍, ഓരോ മിനിറ്റിലും ശരാശരി മൂന്നിലധികം സര്‍ടിഫികറ്റുകള്‍ രഹ്‌ന നേടിയിട്ടുണ്ട്. നേരത്തെ ഈ ലോക റെക്കോര്‍ഡ് ഒരു ദിവസം 75 സര്‍ടിഫികറ്റുകള്‍ നേടിയതായിരുന്നു.

രഹ്‌ന ഡെല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നിന്ന് എം കോം ബിരുദം നേടണമെന്ന് ആഗ്രഹിക്കുകയും ഇതിനായി പ്രവേശന പരീക്ഷ എഴുതിയെങ്കിലും മാര്‍ക് കുറവായതിനാല്‍ പ്രവേശനം നേടാനായില്ല. ഇതിനുശേഷം രഹ്‌ന കടുത്ത നിരാശയിലായിരുന്നെങ്കിലും ധൈര്യം കൈവിട്ടില്ല. തുടര്‍ന്ന് 25 കാരിയായ രഹ്‌ന രണ്ട് പിജി കോഴ്‌സുകളില്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍ എടുത്തു. സോഷ്യല്‍ വര്‍കില്‍ മാസ്റ്റേഴ്‌സിന് പുറമെ, കൗണ്‍സിലിങ്ങിലും ഗൈഡന്‍സിലും ഡിപ്ലോമ നേടാനും രഹ്‌ന പ്രവേശനം നേടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതുകൂടാതെ മാനജ്മെന്റ് പഠിക്കാനും രഹ്ന ആഗ്രഹിച്ചിരുന്നു. കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന് (ക്യാറ്റ്) തയ്യാറെടുത്ത ശേഷം, ക്യാറ്റ് പരീക്ഷയും വിജയിച്ചു. ജാമിയ മില്ലിയ ഇസ്ലാമിയയില്‍ എംബിഎ പ്രോഗ്രാമില്‍ പ്രവേശനം നേടി. ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ സര്‍ടിഫികറ്റുകള്‍ നേടി ലോക റെകോര്‍ഡ് കുറിക്കുന്ന തരത്തിലായിരുന്നു പഠനത്തോടുള്ള രഹ്നയുടെ ആവേശം.

രഹ്‌നയ്ക്ക് പ്രചോദനമായത് സഹോദരി നെഹ്‌ലയാണ്. ഡെല്‍ഹിയിലെ ലേഡി ശ്രീറാം കോളജില്‍ നിന്ന് ഓപറേഷണല്‍ റിസര്‍ചില്‍ ബിരുദാനന്തര ബിരുദം നേടിയ നെഹ്‌ല ഇപ്പോള്‍ ലന്‍ഡനില്‍ ജോലി ചെയ്യുകയാണ്. പിതാവ് ഷാജഹാനും മാതാവ് സി എം റാഫിതും ഭര്‍ത്താവ് ഇബ്രാഹിം റിയാസും അടങ്ങുന്നതാണ് രഹ്നയുടെ കുടുംബം. ഭര്‍ത്താവ് ഐടി എന്‍ജിനീയറാണ്.

(Courtesy – NDTV)


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക