തിരുവനന്തപുരം: ചില ആളുകൾ വിചാരിക്കുന്നത് പലരും അവരുടെ ഒക്കത്താണെന്നാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളികൾക്കുള്ള പുനരധിവാസ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണ് വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം നടത്തുന്ന ലത്തീൻ അതിരൂപത നേതൃത്വത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി വിമർശിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘‘മത്സ്യത്തൊഴിലാളികളെ ഈ ചടങ്ങിലേക്കു ക്ഷണിച്ചപ്പോൾ ഒരു വ്യക്തിയുടെ സന്ദേശം ചിലയിടങ്ങളിലേക്കു പോയി. ആ സന്ദേശം ജനങ്ങൾ അറിയണമെന്നുള്ളതു കൊണ്ടാണ് വേദിയിൽ പറയുന്നത്. മത്സ്യത്തൊഴിലാളികൾക്ക് വീട്ടു വാടകയായി 5500 രൂപ നൽകുന്നത് പറ്റിക്കലാണ്, ചതിയാണ്, ആരും ചടങ്ങിൽ പങ്കെടുക്കരുത് എന്നായിരുന്നു സന്ദേശം. ചതി ശീലമുള്ളവർക്കേ അങ്ങനെ പറയാൻ കഴിയൂ. ചെയ്യാൻ കഴിയുന്ന കാര്യങ്ങളേ സർക്കാർ പറയൂ. ആരെയും ചതിക്കാനും പറ്റിക്കാനും സർക്കാരില്ല. ഏതൊരു നല്ല കാര്യത്തിനും ഇങ്ങനെ ചില ആളുകൾ എതിർക്കാനുണ്ടാകും. അവർ ചെയ്യുന്നത് സമൂഹം അംഗീകരിക്കാത്ത കാര്യമാണെന്നു തിരിച്ചറിയണം. സർക്കാരിന്റെ ആത്മാർഥത മത്സ്യത്തൊഴിലാളികൾ തിരിച്ചറിഞ്ഞതു കൊണ്ടാണ് ഈ നിറഞ്ഞ സദസ്സ്. ചടങ്ങിൽ പങ്കെടുത്തവരോടെല്ലാം നന്ദിയുണ്ട്.

സർക്കാരിനു നല്ല ഉദ്ദേശ്യം മാത്രമേ ഉള്ളൂ. നല്ല ഉദ്ദേശ്യമുണ്ടായാലും എതിർക്കാൻ ആളുണ്ടാകും. അത് എതിർക്കുന്നവരുടെ മാനസികാവസ്ഥ വച്ചു ചെയ്യുന്ന കാര്യമാണ്. എന്തു കൊണ്ടാണ് എതിർക്കുന്നതെന്ന് അവരാണ് വ്യക്തമാക്കേണ്ടത്. സർക്കാരിനെ സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നാടിന്റെ ഏറ്റവും സജീവമായ പ്രശ്നങ്ങളാണ്. അതു പരിഹരിക്കുന്നതിന് എന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം ചെയ്യുന്ന സർക്കാരാണ് ഇപ്പോൾ കേരളത്തിലുള്ളത്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും.

തീരപ്രദേശത്തുനിന്നു വീട്ടാവശ്യത്തിനായി മത്സ്യം വാങ്ങിയപ്പോൾ അധികപണം വാങ്ങിയത് ഒരാൾ ശ്രദ്ധയിൽപ്പെടുത്തി. അധികപണം നൽകാതെ തിരിച്ചുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഇത് നേരത്തെ അവസാനിപ്പിച്ച നോക്കുകൂലിയുടെ ഭാഗമാണ്. നിയമവിരുദ്ധമായ നടപടികൾ അംഗീകരിക്കാൻ കഴിയില്ല. തീരസുരക്ഷയും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും പോലെ പ്രധാനമാണ് തീരമേഖലയുടെ വികസനം. തീരദേശ ഹൈവേ ഇതിനു സഹായിക്കും. തീരദേശ സ്കൂളുകളുടെ സൗകര്യം വിപുലീകരിക്കും. സ്മാർട്ട് ക്ലാസ് റൂമുകൾ തീരമേഖലയ്ക്കായി തയാറാക്കിയിട്ടുണ്ട്.’’ – മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക