കോട്ടയം: ക്നാനായ സമുദായ വിലക്കുമായി ബന്ധപ്പെട്ട കേസിൽ കോട്ടയം അതിരൂപതയ്ക്ക് തിരിച്ചടി. വിവാഹിതരായി എന്നതിനാൽ പുറത്താക്കിയവരെ തിരിച്ചെടുത്തതടക്കമുള്ള സബ് കോടതി ഉത്തരവിനെതിരെ കോട്ടയം അതിരൂപത നൽകിയ അപ്പീൽ കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി. കോട്ടയം അതിരൂപത ആർച്ച് ബിഷപ്പിന് പുറമെ ക്നാനായ കാത്തലിക്ക് കോൺഗ്രസ് നൽകിയതുൾപ്പെടെ എട്ട് അപ്പീലുകളാണ് കോടതിയുടെ മുന്നിലെത്തിയത്. ഇതെല്ലാം നിരസിക്കപ്പെട്ടു.

സ്വന്തം സമുദായത്തിൽ നിന്ന് വിവാഹം കഴിക്കാത്തതിന്റെ പേരിൽ കോട്ടയം അതിരൂപതയിൽ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും ഇതര സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കരുതെന്നും കോട്ടയം സബ് കോടതി ഉത്തരവിട്ടിരുന്നു. ക്നാനായ സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ മക്കളുടെ വിവാഹം, മാമോദീസ ചടങ്ങുകൾ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു. ടി.ഒ.ജോസഫ്, ക്നാനായ നവീകരണ സമിതി പ്രസിഡന്റ് ലൂക്കോസ് മാത്യു എന്നിവരാണ് കോടതിയെ സമീപിച്ചത്. അനുകൂല വിധി വന്നതോടെയാണ് സഭാനേതൃത്വം അപ്പീലുമായി ജില്ലാ കോടതിയെ സമീപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ക്നാനായ കത്തോലിക്കാ കോൺഗ്രസ് നേതൃത്വം അറിയിച്ചു. ജില്ലാ കോടതി വിധിക്കെതിരെ തുടർ നിയമനടപടി സ്വീകരിക്കുമെന്ന് കോട്ടയം അതിരൂപത അറിയിച്ചു. അതിരൂപത ഉന്നയിച്ച വാദങ്ങൾക്ക് അർഹമായ പരിഗണന നൽകാതെയും ക്നാനായ സമുദായത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തെ വിലമതിക്കാതെയും പുറപ്പെടുവിച്ച വിധിയാണിത്. അതിരൂപത ഉപദേശക സമിതികളുമായും സാമുദായിക സംഘടനകളുമായും കൂടിയാലോചിച്ച് അതിരൂപതയുടെയും ക്നാനായ സമൂഹത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് രൂപത പത്രക്കുറിപ്പിൽ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക