കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളത്തനിമയുള്ള വേഷത്തിലും ഭാവത്തിലുമാണ് പ്രത്യക്ഷപ്പെട്ടത്. കസവ് മുണ്ടും നേര്യതും അതിനൊത്ത ഷര്‍ട്ടുമായിരുന്നു മോദിയുടെ വേഷം. വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറുമടക്കമുള്ളവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ചെറു സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ഇന്നത്തെ ആദ്യ പരിപാടിയായ ബി ജെ പി പൊതുയോഗ സ്ഥലത്തെത്തുകയായിരുന്നു. അവിടെ കാത്തുനിന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മോദിക്ക് ഓണക്കോടി നല്‍കി സ്വീകരിച്ചു. നേതാക്കളും പ്രവര്‍ത്തകരും വലിയ ആവേശത്തോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

ബി ജെ പി പൊതുയോഗത്തില്‍ മലയാളത്തില്‍ സംസാരിച്ചാണ് മോദി തുടങ്ങിയത്. മലയാളികള്‍ക്കെല്ലാം ഓണാശംസ നേര്‍ന്ന പ്രധാനമന്ത്രി ഓണക്കാലത്ത് എത്താനായത് വലിയ സൗഭാഗ്യമാണെന്നും വിവരിച്ചു. കേരളം സാംസ്‌കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരം എന്നായിരുന്നു മോദി പറഞ്ഞത്. പിന്നീട് കേരളത്തിന് നല്‍കിയ പദ്ധതികള്‍ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി ബി ജെ പി സര്‍ക്കാരുകള്‍ ഇരട്ട എഞ്ചിന്‍ ആണെന്നും അഭിപ്രായപ്പെട്ടു. പ്രധാനന്ത്രി ആവാസ് യോജന പ്രകാരം കേരളത്തില്‍ രണ്ട് ലക്ഷം വീട് നല്‍കിയെന്നും ഇതില്‍ ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കി എന്ന് മോദി പറഞ്ഞു. മഹാമാരി കാലത്ത് കേരളത്തില്‍ ഒന്നര കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ കൊടുത്തെന്നും ഇതിനായി 6000 കോടി ചെലവഴിച്ചെന്നും വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മോദി ഇന്ന് നിര്‍വ്വഹിക്കും. കൊച്ചിമെട്രോ പേട്ട എസ്‌എന്‍ ജംഗ്ഷന്‍ പാത ഉദ്ഘാടനം, ഇന്‍ഫോ പാര്‍ക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോര്‍ത്ത് സൗത്ത് റെയില്‍വെസ്റ്റേഷന്‍ വികസനം അടക്കമുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമാകും ചടങ്ങില്‍ പങ്കെടുപ്പിക്കുക. തുടര്‍ന്ന് റോഡ് മാര്‍ഗം വെല്ലിംഗ്ടണ്‍ ഐലന്‍റിലെ താജ് മലബാര്‍ ഹോട്ടലിലെത്തും. ബിജെപി കോര്‍ക്കമ്മിറ്റി നേതാക്കളുമായും കൂടികാഴ്ച നടത്തും.

വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ പ്രധാന പരിപാടി കൊച്ചി ഷിപ്പയാര്‍ഡില്‍ ഐ എന്‍ എസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക എന്നതാണ്. 20,000 കോടിരൂപ ചെലവഴിച്ച്‌ രാജ്യത്ത് നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് ആഘോഷമാക്കാന്‍ ഒരുക്കം പുരോഗമിക്കുകയാണ്. 76 ശതമാനം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചാണ് 15 വര്‍ഷം കൊണ്ട് കപ്പല്‍ നിര്‍മ്മാണ് പൂര്‍ത്തിയാക്കിയത്. ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ നെടുമ്ബാശ്ശേരിയില്‍ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക