ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ഒരാള്‍ തന്റെ പങ്കാളിയുടെ ജനന തീയതി ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഔദ്യോഗിക രേഖകളില്‍ മൂന്ന് ജനന തീയതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പങ്കാളി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ കണ്ടെത്തല്‍.

ഒരു വ്യക്തിയുമായി ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്ബ് ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ നോക്കാന്‍ സാധിക്കില്ലെന്നും, പങ്കാളിയുടെ ജനന തീയതി അവളുടെ സ്കൂള്‍ രേഖകളില്‍ നിന്ന് പരിശോധിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡില്‍ 01.01.1998 എന്നാണ് ജനന തീയതി. ഇതുപ്രകാരം പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതാണ്. പെണ്‍കുട്ടിയുടെ വയസ് സത്യമാണോ എന്നറിയാന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും പാന്‍ കാര്‍ഡും എല്ലാം പരിശോധിക്കാനാകില്ലെന്നാണ് കോടതി നിരീക്ഷിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘പരാതിക്കാരിയായ പെണ്‍കുട്ടിക്ക് മൂന്ന് വ്യത്യസ്ത ജനന തീയതികളുണ്ട്. ആധാര്‍ കാര്‍ഡില്‍ അവളുടെ ജനന തീയതി 01.01.1998 എന്നാണ് കാണിക്കുന്നത്. ഇതുപ്രകാരം, ആരോപണവിധേയമായ സംഭവം നടന്ന തീയതിയില്‍, പരാതിക്കാരി പ്രായപൂര്‍ത്തിയായിട്ടുണ്ട്. പ്രോസിക്യൂട്ടര്‍ക്ക് അനുകൂലമായി വലിയ തുക കൈമാറ്റം ചെയ്യപ്പെട്ടത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആയതിനാല്‍, പ്രഥമദൃഷ്ട്യാ ഇത് ഹണി ട്രാപ്പിംഗ് കേസാണെന്ന് തോന്നുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടായ അസാധാരണമായ കാലതാമസത്തിന് തൃപ്തികരമായ കാരണം പരാതിക്കാരി നല്‍കിയിട്ടില്ല’, കോടതി നിരീക്ഷിച്ചു.

‘കുറ്റാരോപിതനുമായി പരാതിക്കാരിക്ക് 2019 മുതല്‍ ബന്ധമുണ്ട്. ഹണി ട്രാപ്പിംഗിന്റെ കേസാണെന്ന് എനിക്ക് പ്രഥമദൃഷ്ട്യാ തോന്നുന്നു ഡല്‍ഹിയിലെ മറ്റേതെങ്കിലും വ്യക്തിക്കെതിരെ പരാതിക്കാരി സമാന ആരോപണം ഉന്നയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ആധാര്‍ കാര്‍ഡും അത് നല്‍കിയ തീയതിയും പ്രസ്തുത ആധാര്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നതിന് സമര്‍പ്പിച്ച അനുബന്ധ രേഖകളും പോലീസ് അന്വേഷിക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ലും 2021 ലുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍, യുവതി പരാതി നല്‍കിയത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. സമാനമായ മറ്റ് കേസുകളില്‍ കൂടി വിശദമായ അന്വേഷണം നടത്താനും, അവളുടെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ അന്വേഷിക്കാനും കോടതി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. ഈ കേസില്‍ കണ്ണില്‍ കാണുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് ജഡ്ജി പറഞ്ഞു. 20,000 രൂപയുടെ ലോക്കല്‍ ആള്‍ ജാമ്യത്തില്‍ പ്രതിയെ വിട്ടയച്ചു. പ്രതിയോട് രാജ്യം വിടരുതെന്നും പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും കേസുമായി ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക