കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയില്‍ കര്‍ണാടകയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ബെംഗളൂരു-മൈസൂര്‍ ഹൈവേ പൂര്‍ണമായും വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിനെ തുടര്‍ന്ന് കനകപുര റോഡിലേക്ക് ഗതാഗതം തിരിച്ചുവിട്ടു. ഹൈവേയിലെ വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

ഒരു സ്വകാര്യ ബസ് വെള്ളപ്പൊക്കത്തില്‍ ഭാഗികമായി മുങ്ങിയതും യാത്രക്കാരെ വാഹനത്തില്‍ നിന്ന് ഒഴിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രാമനഗര ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 134 മില്ലിമീറ്റര്‍ മഴ പെയ്തതിനാല്‍ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചതായി രാമനഗര പോലീസ് സൂപ്രണ്ട് കെ സന്തോഷ് ബാബു പ്രസ്താവനയില്‍ അറിയിച്ചു. “രാമനഗര ജില്ലയിലെ കനത്ത മഴയില്‍ നിരവധി തടാകങ്ങള്‍ കരകവിഞ്ഞൊഴുകുകയും ദേശീയപാതയില്‍ വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്തു. മൈസൂര്‍ റൂട്ടിലോ ബെംഗളൂരു-കുണിഗല്‍-മൈസൂരു വഴിയോ യാത്ര ചെയ്യേണ്ടതാണെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാമനഗരയ്ക്ക് പുറമെ ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, മൈസൂരു, മാണ്ഡ്യ, കോലാര്‍ ജില്ലകളിലും മഴ തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, മൈസൂരു, മാണ്ഡ്യ, കോലാര്‍ എന്നിവിടങ്ങളില്‍ യെല്ലോ അല‍ര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പെയ്ത കനത്ത മഴയില്‍ കെങ്കേരിക്കും ബിഡഡിക്കടുത്തുള്ള വണ്ടര്‍ല അമ്യൂസ്‌മെന്റ് പാര്‍ക്കിനും ഇടയിലുള്ള കണ്‍മണികെ തടാകം കരകവിഞ്ഞൊഴുകി ഹൈവേയില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക