ഐഷാമ്മ സര്‍വ്വ ഈശ്വരന്‍മാര്‍ക്കും നന്ദി പറയുകയാണ്; നിയന്ത്രണംവിട്ട് ഇടിച്ച് പറന്ന രണ്ട് വാഹനങ്ങള്‍ക്കിടയില്‍ നിന്ന് പുഷ്പംപോലെ തന്നെ രക്ഷപ്പെടുത്തിയതിന്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് മുന്‍വശം നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് ശ്വാസം അടക്കിപ്പിടിച്ചാണ് പലരും കണ്ടത്.

നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ പാഞ്ഞുവന്ന കാര്‍ ഇടിക്കുന്നു. ഓട്ടോറിക്ഷയും കാറും ഉയര്‍ന്ന് പൊങ്ങി ഒരു സ്ത്രീയുടെ നേര്‍ക്ക് പാഞ്ഞടുക്കുന്നു. തൊട്ടടുത്ത നിമിഷം ഈ വാഹനങ്ങള്‍ക്കിടയില്‍ നിന്ന് സ്ത്രീ ഓടി പുറത്തുകടക്കുന്നു. അതിനടത്തുതന്നെ ഓട്ടോറിക്ഷാ തലകീഴായി മറിഞ്ഞു. കാര്‍ അടുത്തുള്ള പോസ്റ്റിലിടിച്ച് നിന്നു. സമൂഹമാധ്യമങ്ങളിലൂടെ കാട്ടുതീ പോലെ പടര്‍ന്ന ഈ അപകടദൃശ്യം കണ്ടപ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ”അയ്യോ” എന്ന് വിളിച്ചിട്ടുണ്ടാകും. നിയന്ത്രണം വിട്ട് ഇടിച്ച് തന്നെ ചേര്‍ന്ന് പാഞ്ഞു പോയ വാഹനങ്ങള്‍ക്കിടയില്‍ നിന്ന് ആ വീട്ടമ്മ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ദൃശ്യങ്ങള്‍ കണ്ടവരെല്ലാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തിന്റെ വീഡിയോ

പുനര്‍ജന്‍മം കിട്ടിയ ഭാഗ്യവതി ആര് ?

അപകടം കണ്ട ലക്ഷക്കണക്കിന് ആളുകള്‍ തിരയുന്ന ഈ വീട്ടമ്മയാണ് ഐഷാമ്മ. രാമപുരം മുണ്ടയ്ക്കാട്ട് വിശ്വലക്ഷ്മി രാജ്‌മോഹന്‍ (60) എന്ന “ഐഷാമ്മ.”

അപകടത്തെക്കുറിച്ച് ഐഷാമ്മ ഇങ്ങനെ പറയുന്നു; ”ഭര്‍ത്താവ് രാജ്‌മോഹനുമൊത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു ഞാന്‍. ഭര്‍ത്താവ് ഒരു മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങാന്‍ കയറി. ഈ സമയം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് മുന്നിലുള്ള ഓട്ടോറിക്ഷയില്‍ കയറാനാണ് ഞാന്‍ ചെന്നത്. എന്നാല്‍ തൊട്ടുമുന്നില്‍ പാഞ്ഞുവന്ന ഒരു കാര്‍ ആ ഓട്ടോറിക്ഷയില്‍ ഇടിക്കുന്നതും രണ്ടു വാഹനങ്ങളും കുതിര പോലെ ചാടിച്ചാടി എന്റെ നേര്‍ക്ക് കുതിച്ചു വരുന്നതും കണ്ടു. വലിയൊരു കാറ്റും മൂളിച്ചയും…. ദൈവമേ… എല്ലാം തീര്‍ന്നെന്നു കരുതി. സര്‍വ്വശക്തിയും എടുത്ത് മുന്നിലേക്ക് ഓടി. തിരിഞ്ഞുനോക്കുമ്പോഴാണ് ഞാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് മനസ്സിലായത്. അവിടെ നിന്ന് പൊട്ടിക്കരഞ്ഞുപോയി. ഒരു പരിക്കും ഉണ്ടായില്ലെങ്കിലും മറ്റ് യാത്രക്കാരുടെ നിര്‍ബന്ധം മൂലം ആശുപത്രിയിലേക്ക് പോയി. അവിടെ ചെന്നിട്ടും എനിക്ക് കരച്ചിലടക്കാനായില്ല” സംഭവത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ തന്നെ കിടിലം കൊള്ളുകയാണ് ഐ ഷാമ്മ.

”ഏഴാച്ചേരി കാവിന്‍പുറത്ത് വാഴുന്ന ഉമാമഹേശ്വരന്‍മാരും മറ്റ് ദൈവങ്ങളും തന്ന പുനര്‍ജന്‍മമാണിത്. ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല” വിതുമ്പലോടെ ഐഷാമ്മ പറഞ്ഞു.
ഭര്‍ത്താവ് രാജ്‌മോഹൻ.ദിലീപ് (കാനഡ), ദീപ (കരിങ്കുന്നം) എന്നിവരാണ് മക്കള്‍.
✍️ സുനില്‍ 9446 579399

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക