തിരുവനന്തപുരം: ഫയലുമായി മന്ത്രിമാര്‍ തന്നെ രാജ്ഭവനില്‍ വരണമെന്നും പെഴ്‌സനല്‍ സ്റ്റാഫിനെ അയയ്ക്കുന്നത് അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം രാജ്ഭവനില്‍നിന്നു ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്തുകൊണ്ട് ഗവര്‍ണര്‍ വ്യക്തമാക്കി.

”ഇന്നു രാവിലെയും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു വിളി വന്നിരുന്നു. മുഖ്യമന്ത്രിക്കു വേണ്ടിയോ മറ്റേതെങ്കിലും മന്ത്രിക്കു വേണ്ടിയോ പെഴ്‌സനല്‍ സ്റ്റാഫ് വരേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെയ്റ്റിങ് റൂമിന് അപ്പുറത്തേക്ക് അവര്‍ക്ക് അനുമതി നല്‍കില്ല. മന്ത്രിമാര്‍ വരട്ടെ, അവര്‍ക്കു കാര്യങ്ങള്‍ വിശദീകരിക്കാനാവില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ അയയ്ക്കട്ടെ”- ഗവര്‍ണര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മന്ത്രിമാരുടെ ഓഫിസില്‍ പാര്‍ട്ടി നിയമിക്കുന്ന പെഴ്‌സനല്‍ സ്റ്റാഫ് ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഫയലിലെ കാര്യങ്ങള്‍ ഗവര്‍ണറോടു വിശദീകരിക്കേണ്ടത് മന്ത്രിമാരാണ്. ഗവര്‍ണറെ കൃത്യമായി കാര്യങ്ങള്‍ അറിയിക്കുകയെന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. പലവട്ടം ഓര്‍മിപ്പിച്ചിട്ടും സര്‍ക്കാര്‍ അതു ചെയ്യുന്നില്ല. സംശയങ്ങളുള്ള ഒരു ഫയലിലും ഇനി ഒപ്പിടില്ല, അതെല്ലാം മന്ത്രിമാര്‍ വന്നു വിശദീകരിക്കട്ടെ- ഗവര്‍ണര്‍ വ്യക്തമാക്കി.

പേഴ്‌സനല്‍ സ്റ്റാഫിനെ അയയ്ക്കുന്നതിനു പകരം മന്ത്രിമാര്‍ നേരിട്ടു വരണമെന്ന് വ്യക്തമാക്കി ബുധനാഴ്ചയാണ്, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയത്. വകുപ്പു സെക്രട്ടറിമാരെയും മന്ത്രിമാര്‍ക്ക് ഒപ്പം കൂട്ടാമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക