കോട്ടയം: കോട്ടയം ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ എം ഡി എം എ അടക്കമുള്ള ലഹരിവസ്തുക്കള്‍ വന്‍തോതില്‍ വില്‍ക്കപ്പെടുന്നതായി പൊലീസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപകാലത്ത് ജില്ലയില്‍ നടന്ന പല വാഹനാപകടങ്ങളിലും ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നും പൊലീസ് സംശയിക്കുന്നു.

എം ഡി എം എ, എല്‍ എസ് ഡി, കെറ്റമീന്‍, ഫെന്റനില്‍ സിട്രേറ്റ്, പെന്റാസോസിന്‍ തുടങ്ങിയ കൃത്രിമ രാസലഹരികളായ സിന്തറ്റിക് ഡ്രഗ്‌സ് ആണ് ഉപയോഗിക്കുന്നത് എന്നാണ് വിവരം. വ്യവസായ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ദുരുപയോഗം ചെയ്താണ് ഇവയുടെ നിര്‍മാണം. ഇവ പരിശോധനയിലൂടെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് കടത്തുകാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും സൗകര്യമാകുന്നു. കൊച്ചിയില്‍ നിന്നാണ് കോട്ടയത്തേക്കുള്ള ലഹരിക്കടത്ത് എന്നാണ് വിവരം. സോഷ്യല്‍ മീഡിയ വഴിയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. 2016 മുതലാണ് എം ഡി എം എ കോട്ടയം ജില്ലയില്‍ വ്യാപകമായി തുടങ്ങിയത്. ഒരു കിലോ എം ഡി എം എയ്ക്ക് ഒരു കോടി രൂപയിലേറെ വില വരും. അതേസമയം സിന്തറ്റിക് ലഹരിയുടെ ഉപയോഗം യുവതലമുറയുടെ ഇടയില്‍ വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനാണു തീരുമാനം എന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എം എന്‍ ശിവപ്രസാദ് പറഞ്ഞു.

റേപ്പ് ഡ്രഗ് എന്ന ഓമനപ്പേര്

ലഹരി പാര്‍ട്ടികളില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുന്നത് ലക്ഷങ്ങളുടെ ലഹരി ഇടപാടാണ്. പാര്‍ട്ടികള്‍ക്കിടെ ബിയറിലും മറ്റും രഹസ്യമായി എം ഡി എം എ കലര്‍ത്തി പെണ്‍കുട്ടികള്‍ക്ക് നല്‍കി ചൂഷണം ചെയ്യാൻ തുടങ്ങിയതോടെ ഇതിന്റെ വിളിപ്പേരു തന്നെ റേപ് ഡ്രഗ് എന്നായി. ഉപയോഗം തുടങ്ങി ദിവസങ്ങള്‍ക്കകം എം ഡി എം എ തലച്ചോറിന്റെ താളം തെറ്റിക്കും.വൈകാതെ തളര്‍ച്ചയിലേക്കും ഉന്മേഷ കുറവിലേക്കും നയിക്കും. ദേഷ്യം, വീട്ടുകാരോട് വെറുപ്പ്, സുഹൃത്തുക്കളില്‍ നിന്ന് ഒഴിഞ്ഞുമാറല്‍, ഓര്‍മക്കുറവ്, ലൈംഗിക താല്‍പര്യമില്ലായ്മ, ഉറക്കക്കുറവ്, ഭക്ഷണത്തോടുള്ള വിരക്തി, തുടങ്ങി ഒടുവില്‍ വിഷാദ രോഗത്തിലേക്കും ആത്മഹത്യയിലേക്കും കാര്യങ്ങളെ എത്തിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക