ആലപ്പുഴ: ആലപ്പുഴ പറവൂരിൽ ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭീഷണിയും മർദനവും ആരോപിച്ച് 19കാരൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. പുന്നപ്ര സ്വദേശി നന്ദു ആഗസ്ത് 14ന് വൈകുന്നേരമാണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. നന്ദുവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിക്കുകയും ഭീഷണിപ്പെടുത്തി ഓടിക്കുകയും ക്രൂരമായി മർദിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി. നന്ദുവിനെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐക്കാരായ ആക്രമികൾ മയക്കുമരുന്നിന് അടിമകളാണെന്നും നന്ദുവിന്റെ സഹോദരി ഉൾപ്പെടെയുള്ളവർ ആരോപിച്ചു.

ജീവിതം അവസാനിപ്പിക്കും മുമ്പ് നന്ദു തന്റെ സഹോദരിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മുന്നയും ഫൈസലും തന്നെ മർദിച്ചെന്നും ജീവനൊടുക്കാൻ പോകുകയാണെന്നും നന്ദു പറയുന്ന സംഭാഷണവും പുറത്തുവന്നു. നന്ദുവിനെ ശല്യം ചെയ്തവർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും കുടുംബം പരാതിയിൽ പറയുന്നു. നന്ദുവിനെ കൊല്ലുമെന്നും ഇനി അഞ്ചുപേരെ കൊല്ലാനുണ്ടെന്നും പറഞ്ഞിരുന്നു. ‘അവർ ഭരിക്കുന്ന കാലം വരെ എല്ലാവരെയും കൊല്ലുമെന്ന് പറഞ്ഞു. നന്ദുവിന് ഇതിലുമധികം കിട്ടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇവിടെ വന്ന് പറഞ്ഞു. കാരണം എന്താണെന്ന് അറിയില്ല,’ നന്ദുവിന്റെ സഹോദരി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഫൈസലും മുന്നയും നന്ദുവിനെ അടിച്ചു. നിതിൻ, കുട്ടച്ചൻ, സുമേഷ്, വിഷ്ണു, ഇക്രു എന്നിവരടങ്ങുന്ന ഡി.വൈ.എഫ്.ഐ സംഘം വാളുമായി വീട്ടിലെത്തി വെല്ലുവിളിച്ചു. തീവണ്ടിക്ക് മുന്നിൽ ചാടിയപ്പോൾ പിന്നിൽ മൂന്ന് പേർ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. സീവാൾ ബോയ്‌സ് എന്ന ക്ലബ്ബിലെ എല്ലാവരും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ്. എല്ലാവരും കഞ്ചാവ് വലിക്കുന്ന കുട്ടികളാണ്”: സഹോദരിയുടെ ആക്ഷേപം ഇങ്ങനെ.

പാർട്ടിക്കൊപ്പം നിൽക്കാത്ത യുവാക്കളെ മർദിക്കുന്നത് ഇവിടുത്തെ ഡി.വൈ.എഫ്.ഐ നേതാക്കളുടെ രീതിയാണെന്ന് നാട്ടുകാർ പറയുന്നു. പോലീസും ഇതിന് ഒത്താശ ചെയ്യുന്നു. നന്ദുവിനെ റോഡിൽ വെച്ച് ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാതെ പൊലീസ് കണ്ണടയ്ക്കുന്നതായും ആക്ഷേപമുണ്ട്.

നന്ദുവും സഹോദരിയുമായുള്ള ഫോണ്‍ സംഭാഷണം:

സഹോദരി: എവിടേയാടാ..

നന്ദു: ഞാന്‍ ദേ പറവൂര്..

സഹോദരി: നീ കുറേനേരമായി പറവൂരാണെന്ന് പറയുന്നുണ്ടല്ലോ, നീ വീട്ടില്‍ വരാത്തത് എന്താടാ

നന്ദു: എന്തായാലും നാളെ രാവിലെ അറിയാം…

സഹോദരി: എന്ത് അറിയാന്ന്…

നന്ദു: എനിക്കിട്ട് ഇടിച്ചവന്മാര് നാളെ രാവിലെ വീട്ടില്‍ വരും.

സഹോദരി: നിനക്കിട്ട് ഇടിച്ചവന്മാരോ, ആര് ഇടിച്ച്‌ നിന്നെ

നന്ദു: മുന്നയും ഇടിച്ച്‌ ഫൈസലാപ്പയും ഇടിച്ച്‌

സഹോദരി: നിന്നെ മുന്നയും ഫൈസലാപ്പയും ഇടിച്ചോ, അവന്മാരുള്ളതിന് നീ പൊയ്ക്കളഞ്ഞിട്ട് കാര്യമെന്താ

നന്ദു: ശരി എന്നാ ബൈ

സഹോദരി: എടാ നന്ദൂ, നീ ഇങ്ങോട്ട് വാ നന്ദൂ

നന്ദു: ദേ ഞാന്‍ പറവൂരുണ്ടന്നേ, നാളെ രാവിലെ വരാന്നേ. ഞാന്‍ കറക്ടായി പറഞ്ഞാല്‍ വണ്ടാനത്തുണ്ട്. ട്രെയിന്‍ വരുന്നുണ്ട്, ശരി എന്നാല്‍

സഹോദരി: നിന്റെ കൂടെ ആരൊക്കെയുണ്ട്

നന്ദു: ഞാന്‍ ഒറ്റയ്ക്കുള്ളൂ

സഹോദരി: എടാ നന്ദൂ നീ ഇങ്ങോട്ട് വാടാ, ഞാനല്ലേ വിളിക്കുന്നേ

നന്ദു: എനിക്ക് വരണമെന്ന് ആഗ്രഹമുണ്ട്, ഇവന്മാരുടെ കൈ മേത്ത് വെച്ചുപോയി. ശരി എന്നാ, ദേ ട്രെയിന്‍ വന്നു. ചാടട്ടെ…ശരി അക്കെ ബൈ..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക