തിരുവനന്തപുരം: മുന്‍ധനമന്ത്രി തോമസ് ഐസകിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിഫ്ബി പ്രവര്‍ത്തനത്തില്‍ തോമസ് ഐസകിന് ഇഡി നോട്ടീസ് കൊടുത്തതില്‍ പ്രസക്തിയില്ല. മസാലബോണ്ട് എടുത്ത കേസ് അന്വേഷിക്കാന്‍ ഇഡിക്ക് സാധിക്കില്ലെന്നും, അത് ഇഡിയുടെ പരിധിയില്‍ വരില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

‘കള്ളപ്പണം വെളുപ്പിക്കല്‍ നടന്നു എന്നതല്ല ആക്ഷേപം, വിദേശത്ത് പോയി കൂടുതല്‍ പലിശയ്ക്ക് കടമെടുത്തു എന്നാണ്. അത് ഇഡിയുടെ പരിധിയില്‍ എങ്ങനെ വരുമെന്ന് അറിയില്ല. ഇഡിയുടെ അധികാര പരിധിയില്‍ ഇത് വരില്ല എന്നാണ് എന്റെ വിശ്വാസം’, വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയ കേന്ദ്രങ്ങളെ ആശ്ചര്യപ്പെടുത്തുന്ന പ്രതികരണം

എന്നാൽ പ്രതിപക്ഷ നേതാവ് നടത്തിയ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളെ ആശ്ചര്യപ്പെടുത്തുന്നതാണ്. പ്രതിപക്ഷനേതാവ് ഭരണകക്ഷി അനുകൂല നിലപാട് എടുക്കുന്നതാണ് ഏവരെയും ആശ്ചര്യപ്പെടുത്തിയത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള പോരിനിടയിൽ കോൺഗ്രസ് സിപിഎമ്മിന് പിന്തുണയുമായി പരസ്യ നിലപാട് എടുത്തു എന്ന് ഇത് വ്യാഖ്യാനിക്കപ്പെടുമോ എന്ന് പാർട്ടിക്കുള്ളിൽ തന്നെ ആശങ്കയുണ്ട്. മസാല ബോണ്ട് ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് ഇ ഡിക്ക് അന്വേഷിക്കുവാൻ അധികാരപരിധി ഇല്ല എന്ന് പ്രതിപക്ഷനേതാവ് പറയുമ്പോൾ കിഫ്ബിയിൽ നടക്കുന്ന അഴിമതികൾക്ക് കോൺഗ്രസ് കുട പിടിക്കുകയാണ് എന്നും വ്യാഖ്യാനിക്കപ്പെടും. നാളെകളിൽ കിഫ്ബിയെക്കുറിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിച്ചാൽ ഇപ്പോൾ പ്രതിപക്ഷനേതാവ് പറഞ്ഞ കാര്യങ്ങൾ അന്ന് ഭരണപക്ഷം ആയുധമാക്കാൻ സാധ്യതയുണ്ട്. കോൺഗ്രസിനും സിപിഎമ്മിനും എതിരെ ബിജെപിയും ഈ പ്രസ്താവന ഒരുപോലെ ആയുധമാക്കും എന്നും വിലയിരുത്താം.

സ്വപ്നാ സുരേഷ് ഉയർത്തിയ സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ഉൾപ്പെടെയുള്ള ആവശ്യമുന്നയിച്ച് കോൺഗ്രസ് തീവ്രമായ സമരങ്ങൾ നടത്തിയതാണ്. എന്നാൽ ഇപ്പോൾ പ്രതിപക്ഷനേതാവ് കൈക്കൊള്ളുന്ന ഈ നിലപാട് ഈ സമരങ്ങൾ ഉൾപ്പെടെ തിരിച്ചടിയാകുമെന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽ പരക്കെ വിലയിരുത്തലുണ്ട്.

തോമസ് ഐസക്കിന്റെ നിലപാട്

ചെയ്ത കുറ്റം എന്താണെന്ന് പറയാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചിരുന്നു. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള സമന്‍സ് ഇഡി പിന്‍വലിക്കണം. കാരണം പറഞ്ഞാന്‍ നിയമാനുസൃതമായി ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല. കുറ്റമെന്താണെന്ന് പറയാന്‍ കഴിയുന്നില്ലെങ്കില്‍ നോട്ടീസ് പിന്‍വലിക്കണമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക