കോഴിക്കോട്: കോഴിക്കോട് സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചതായി സ്ഥിരീകരിച്ചു. കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചു. കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഈ നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇര്‍ഷാദിന്റെ മരണകാരണം. കേസുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ പിടിയിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉള്ളതായാണ് പൊലീസിന്റെ സംശയമെന്നും എസ്പി പറഞ്ഞു.

ജൂലൈ ആറിനാണ് കോഴിക്കോട് പന്തീരിക്കരയില്‍ നിന്നും ഇര്‍ഷാദിനെ കാണാതായത്. ജൂലൈ 17 നാണ് കൊയിലാണ്ടി കടപ്പുറത്തു നിന്നും ഇര്‍ഷാദിന്റെ മൃതദേഹം ലഭിക്കുന്നത്. എന്നാല്‍ ഇത് മേപ്പയൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന് തെറ്റിദ്ധരിച്ച്‌ അവര്‍ക്ക് വിട്ടുകൊടുത്തിരുന്നു. മതാചാരപ്രകാരം ഇത് സംസ്‌കരിക്കുകയും ചെയ്തു. ദീപക്കിന്റെ ചില സുഹൃത്തുക്കളുടെ സംശയത്തെത്തുടര്‍ന്ന് മൃതദേഹത്തില്‍ നിന്ന് ഡിഎന്‍എ ശേഖരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇര്‍ഷാദിനെ കാണാതായതുമായി ബന്ധപ്പെട്ട് പത്തുദിവസം മുമ്ബാണ് കുടുംബം പൊലീസിന് പരാതി നല്‍കുന്നത്. തുടര്‍ന്ന് ഇര്‍ഷാദിനെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ മൃതദേഹത്തില്‍ നിന്നുള്ള ഡിഎന്‍എ ദീപക്കിന്റെ മാതാപിതാക്കളുമായി മാച്ചു ചെയ്യുന്നില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഇര്‍ഷാദിന്റെ മാതാപിതാക്കളെ വിളിച്ചുവരുത്തി ഡിഎന്‍എ പരിശോധന നടത്തുകയായിരുന്നു.

സ്വര്‍ണക്കടത്തുസംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതെന്നും, സംഘം ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടുകാര്‍ പറയുന്നു. സ്വര്‍ണക്കടത്തുസംഘം ക്വട്ടേഷന്‍ നല്‍കി ഇര്‍ഷാദിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതായ സംഭവവും അന്വേഷിക്കുകയാണെന്ന് എസ്പി പറഞ്ഞു.

ഇര്‍ഷാദിന്റെ മൃതദേഹമാണ് ദീപക്കിന്റേതാണെന്ന് വിശ്വസിച്ച്‌ സംസ്‌കരിച്ചത്. ദീപക്കിന്റെ മാതാവും ബന്ധുക്കളും ഐഡന്റിഫൈ ചെയ്തതിനെ തുടര്‍ന്നാണ് മൃതദേഹം വിട്ടുകൊടുത്തതെന്നും, ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് എസ്പി പറഞ്ഞത്. ഇര്‍ഷാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്ന സ്വര്‍ണക്കടത്തുസംഘത്തിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക