തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് 12ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്. കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം യെല്ലോ അലർട്ടിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നദികൾ ഉയരുന്നു

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയർന്നു. പമ്പ, മണിമല, അച്ചൻകോവിൽ, കക്കാട് നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത ക്യാമ്പുകളിലേക്ക് മാറണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

പറമ്പിക്കുളം ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുകയും ചാലക്കുടി പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുകയും ചെയ്തതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

കോന്നി കല്ലേലി മേഖലയിൽ അച്ചൻകോവിലറുകൾ കരകവിഞ്ഞൊഴുകി. റാന്നിയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. അരയാഞ്ഞിലിമൺ കോസ്‌വേ മുങ്ങി. കുടമുട്ടി റോഡ് തകർന്നു. പമ്പാ നദിയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പാലായിൽ മീനച്ചിലാറിലും ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നു. കാഞ്ഞിരപ്പിള്ളി കോരുത്തോട് ക്രോസ് വേയിൽ വെള്ളം കയറി. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് അപകടകരമായി തുടരുന്നു. ആലപ്പുഴചങ്ങനാശേരി റോഡിൽ വാഹനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

പാലാ നഗരത്തിൽ റോഡ് തകർന്ന് വൻ ഗർത്തം രൂപപ്പെട്ടു. അഴുതയാർ കരകവിഞ്ഞൊഴുകിയതോടെ കോരുമോത്തോട് മൂഷിക്കൽ കോസ്‌വേ വെള്ളത്തിൽ മുങ്ങി. പ്രദേശത്തെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഭരണങ്ങാനം ഫലക്കുമാടം റോഡിൽ വെള്ളക്കെട്ടുണ്ട്. കൂട്ടിക്കൽ വെമ്പാല മുക്കുളം ഭാഗത്താണ് ഉരുൾപൊട്ടിയത്. ജനവാസ മേഖലയിലല്ല ഉരുൾപൊട്ടൽ ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തൊടുപുഴ മൂവാറ്റുപുഴ റോഡ് വെള്ളത്തിലായി.

പറമ്പിക്കുളം അണക്കെട്ടിൽ നിന്നുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് പെരിങ്ങൽകുത്ത് അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ തുറന്നു. ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇതോടെ മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. തൊടുപുഴ യാറിലും ജലനിരപ്പ് ഉയർന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക