തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സ്ഥിരം തോല്‍ക്കുന്ന സീറ്റുകളില്‍ വിജയമുറപ്പിക്കാന്‍ പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ്. മത്സരിക്കാന്‍ പോലും ആരും തയ്യാറാവാത്ത സീറ്റുകളെ എഴുതി തള്ളുന്ന ശൈലിക്ക് മാറ്റം വരുത്തുകയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ലക്ഷ്യം. തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ചിന്തന്‍ ശിവിരത്തിന്റേതാണ് തീരുമാനം.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥനാണ് രൂപരേഖ അവതരിപ്പിച്ചത്. സംസ്ഥാനത്തെ 832 മണ്ഡലം പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലും നഗരസഭകളിലുമായി 21,908 സീറ്റുകളാണുള്ളത്. ഇതില്‍ മൂന്നിലൊന്ന് എണ്ണത്തില്‍ ജയിക്കുക എന്ന അജണ്ടയാണ് യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സീറ്റിനായി കോണ്‍ഗ്രസിന്റെ ദയാവായ്പിനായി കാത്തുനില്‍ക്കുന്ന സ്ഥിതി മാറ്റിയെടുക്കുക, സേവനപ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്‌ഐയുടെ മാത്രം കുത്തകയെന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിന് ‘യൂത്ത് കെയര്‍’ പദ്ധതി ശക്തിപ്പെടുത്തുക, ഒരു നിയമസഭാ മണ്ഡലത്തില്‍ ഒറു ദിവസം അഞ്ചുപേര്‍ രക്തദാനം നടത്താനുള്ള ‘ ബി പോസിറ്റീവ്’ പദ്ധതി എന്നിവയാണ് തീരുമാനങ്ങള്‍.

ആഗസ്റ്റ് 20 മുതല്‍ ഒക്ടോബര്‍ 31 വരെ യൂണിറ്റ് കമ്മിറ്റിയില്ലാത്ത സ്ഥലങ്ങളില്‍ അവയ്ക്ക് രൂപം കൊടുക്കും. സംസ്ഥാനത്തെ യൂത്ത്‌ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ വിവരങ്ങള്‍ എല്ലാ ഭാരവാഹികള്‍ക്കും ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്പിനും രൂപം നല്‍കുന്നുണ്ട്. നിലവില്‍ 7,100 യൂണിറ്റ് കമ്മിറ്റികളാണുള്ളത്. 15,000 കൂടി കൂട്ടിച്ചേര്‍ക്കാനും തീരുമാനിച്ചു.

നവംബറില്‍ യൂണിറ്റ് തലം, ഡിസംബറില്‍ മണ്ഡലം തലം, ജനുവരിയില്‍ നിയമസഭാ മണ്ഡലം തലം, ഫെബ്രുവരി-മാര്‍ച്ച്‌ ജില്ലാ തലം എന്നിങ്ങനെ സമ്മേളനങ്ങള്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിലില്‍ തൃശൂരിലാണ് സംസ്ഥാന സമ്മേളനം നടത്തുക.

യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൃഷ്ണ അല്ലാവരു ചിന്തന്‍ ശിവിരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ അധ്യക്ഷനായി. സിവില്‍ലൈന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്, വിദ്യ ബാലകൃഷ്ണന്‍, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, അഡ്വ. ഒ ജെ ജനീഷ്, എസ് ജെ പ്രേംരാജ്, ജോബിന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക