തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച മന്ത്രി ജിആർ അനിലിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് ഭക്ഷ്യമന്ത്രി നൽകിയ കത്തിലെ വിവരങ്ങളെയാണ് മന്ത്രിസഭാ യോഗത്തിൽ പിണറായി വിജയൻ വിമർശിച്ചത്. മുഖ്യമന്ത്രിക്ക് അഭിപ്രായം രേഖപ്പെടുത്താനും എഴുതാനും മന്ത്രിമാർക്ക് അവകാശമുണ്ട്. എന്നാൽ, കത്ത് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയായില്ല.

കത്ത് അദ്ദേഹത്തിന്റെ ഓഫീസിലെത്തി അത് തുറക്കുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങളിൽ വാർത്തകൾ വന്നുതുടങ്ങി. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിക്കാണ്. ആലോചനയ്ക്ക് ശേഷമാണ് നിയമന കാര്യങ്ങളിൽ ചീഫ് സെക്രട്ടറി തീരുമാനമെടുക്കുന്നത്. ആദ്യമായി മന്ത്രിയായതിനാൽ അത് മനസ്സിലാക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്നോട് ആവശ്യപ്പെടാതെയാണ് ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതെന്ന് ജിആർ അനിൽ മന്ത്രിസഭാ യോഗത്തിൽ പരാതിപ്പെട്ടു. മന്ത്രിയോട് അഭിപ്രായം ചോദിക്കാതെ നിയമിച്ച രീതി ശരിയായില്ല. നേരത്തെ സിപിഐ മന്ത്രിമാരുടെ വകുപ്പിൽ ഇത്തരത്തിൽ നിയമനം നടന്നിട്ടുണ്ടെന്നും ജിആർ അനിൽ പറഞ്ഞു. തുടർന്നാണ് മുഖ്യമന്ത്രി തന്റെ അതൃപ്തി പരസ്യമാക്കിയത്.

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാമിനെ നിയമിച്ചതിൽ അതൃപ്തി അറിയിച്ച് ജിആർ അനിൽ ഇന്നലെ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഓണ കിറ്റ് വിതരണ നടപടികൾ പുരോഗമിക്കുമ്പോൾ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി ശരിയായില്ലെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ശ്രീറാമിനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് നീക്കി ഉത്തരവിറങ്ങിയത്. സപ്ലൈകോ ജനറൽ മാനേജർ തസ്തിക ജോയിന്റ് സെക്രട്ടറിക്ക് തുല്യമായി ഉയർത്തി. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക