സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനം ഈ മാസം അഞ്ച് മുതൽ ആരംഭിക്കാനിരിക്കെ കേരള കോൺഗ്രസി(എം)നോടുള്ള അതൃപ്തി മറച്ചുവെക്കാതെ സി.പി.ഐ. ജില്ലാ നേതൃത്വം. കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വന്നതോടെ സി.പി.എം. കേരള കോൺഗ്രസിന് വലിയ പരിഗണന നൽകുന്നതായി സിപിഐ നേതൃത്വത്തിന് പരാതിയുണ്ട്. ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ തന്നെ രംഗത്തെത്തി. കേരള മുഴവനും ഇടത് തരംഗം ഉണ്ടായിട്ടും പാലായിൽ ഇടതുമുന്നണി പരാജയപ്പെടാൻ കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയാണെന്ന് സി.കെ.ശശിധരൻ പറഞ്ഞു.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരള കോണ്ഗ്രസിൽ തന്നെ പരാതി ഉയർന്നിരുന്നു. കേരള കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ പോലും ഇടതു സ്ഥാനാർത്ഥിയുടെ തോൽവിക്ക് കാരണം അവരുടെ പാർട്ടിയിൽ നിന്നുള്ള വോട്ട് ചോർച്ചയാണ്. അൻപത് വർഷത്തിലേറെയായി യു.ഡി.എഫിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ് ഒരു സുപ്രഭാതത്തിൽ ഇടതുമുന്നണിയുടെ ഭാഗമായി മാറിയത് അവർക്കോ ഇടതുമുന്നണി പ്രവർത്തകർക്കോ ഉൾക്കൊള്ളാനാകുന്നില്ല. ഇത്രയും കാലം കേരള കോൺഗ്രസ് ഇടതുമുന്നണിയുടെ ഭാഗമായിട്ടും ഇടതുപക്ഷത്തിന്റെ നയങ്ങളുമായി പൊരുത്തപ്പെടാൻ കേരള കോൺഗ്രസിന്റെ അണികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരള കോൺഗ്രസിന്റെ പ്രധാന വോട്ട് വിഹിതം ഇപ്പോഴും അവരോട് അകന്നുനിൽക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയ നിലപാട് ആർക്കും പ്രവചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എൽഡിഎഫിലേക്കുള്ള വരവ് മുന്നണിക്ക് ഗുണം ചെയ്തു. കോട്ടയം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണിക്ക് നേട്ടമുണ്ടാക്കാനും ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാനും കഴിഞ്ഞത് കേരള കോൺഗ്രസ് മുന്നണിയിൽ വന്നതുകൊണ്ടാണ്. എന്നാൽ ജില്ലയിലെ സി പി എമ്മിനും കോൺഗ്രസിനും പിന്നിൽ മൂന്നാമത്തെ വലിയ കക്ഷി സിപിഐ തന്നെയെന്ന് അദ്ദേഹം വ്യക്തമാക്കി. സീറ്റ് വിഭജനം ഉൾപ്പെടെ കേരള കോൺഗ്രസിനോട് കൂടുതൽ വിട്ടുവീഴ്ചയ്ക്ക് സി.പി.ഐ. തയ്യാറല്ലെന്നും സി.കെ. ശശിധരൻ പറഞ്ഞു. ഇതോടെ കേരള കോൺഗ്രസിനെതിരെ സിപിഐ ജില്ലാ സമ്മേളനം നിലപാട് കടുപ്പിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. കേരള കോൺഗ്രസ് ഇടതുമുന്നണിയിൽ എത്തിയതിന് ശേഷമുള്ള ആദ്യ സിപിഐ സമ്മേളനം അഞ്ച് മുതൽ എട്ട് വരെ ഏറ്റുമാനൂരിൽ നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക