ഭട്ടിന്‍ഡ: ജൂനിയര്‍ ദേശീയ ബോക്സിങ് ചാമ്ബ്യന്‍ കുല്‍ദീപ് സിങ്ങിനെ (20) വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചണ്ഡീഗഢ് ഭട്ടിന്‍ഡ ജില്ലയിലെ തല്‍വണ്ടി സാബോ ടൗണില്‍ വയലിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. അമിതമായ മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹത്തിന്റെ വലതുകൈയില്‍ സിറിഞ്ച് കുത്തിവെച്ചതിന്റെ 100 ​​ഓളം പാടുകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

അണ്ടര്‍ 17 ദേശീയ സ്കൂള്‍ ഗെയിംസില്‍ വിജയിയായ കുല്‍ദീപ് 2018 ലാണ് ജൂനിയര്‍ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. ബുധനാഴ്ച രാവിലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ കുല്‍ദീപ് ഏറെ ​വൈകിയിട്ടും വീട്ടിലെത്തിയില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വൈകുന്നേരത്തോടെ രാമറോഡിലെ വയലില്‍ മൃതദേഹം കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുല്‍ദീപിന്റെ മൊബൈലും മയക്കുമരുന്ന് കുത്തിവെക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ചും മൃതദേഹത്തിന് സമീപം കണ്ടെത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് തല്‍വണ്ടി എസ്.എച്ച്‌.ഒ ദല്‍ജീത് സിങ് പറഞ്ഞു. മൃതദേഹം വ്യാഴാഴ്ച തല്‍വണ്ടിയില്‍ സംസ്‌കരിച്ചു.

സംഭവത്തില്‍ ഖുശ്ദീപ് സിങ് എന്നയാളെ ​അറസ്റ്റ് ചെയ്തതായി തല്‍വണ്ടി സാബോ ഡി.എസ്.പി ജതിന്‍ ബന്‍സാല്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ സെക്ഷന്‍ 304 (മനപൂര്‍വമല്ലാത്ത നരഹത്യ) പ്രകാരം കേസെടുത്തു. മരണകാരണം കണ്ടെത്തുന്നതിനായി സാമ്ബിള്‍ സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് രാസപരിശോധനയ്ക്ക് അയച്ചതായി ഡിഎസ്പി അറിയിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കുല്‍ദീപിനെ പരിശീലിപ്പിക്കുന്നുണ്ടെന്നും കുറച്ചുകാലം മുമ്ബ് മയക്കുമരുന്ന് ശീലം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ പരിശീലകന്‍ ഹര്‍ദീപ് സിങ് പറഞ്ഞു. അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് കുറച്ച്‌ ദിവസം കുല്‍ദീപ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൗണ്‍സിലിങ്ങിന് ശേഷമാണ് പരിശീലനം പുനരാരംഭിച്ചത്. ബുധനാഴ്ച രാവിലെ നടന്ന പരിശീലനത്തില്‍ കുല്‍ദീപ് പങ്കെടുത്തിരുന്നതായും കോച്ച്‌ പറഞ്ഞു.

ഭാവി വാഗ്ദാനമായ ചാമ്ബ്യന്റെ ദാരുണ മരണത്തിന് പിന്നില്‍ അസ്വഭാവികത ഉള്ളതായി സംശയിക്കുന്നുവെന്ന് ഹര്‍ദീപ് സിങ് പറഞ്ഞു. കൈയില്‍ 100 ​​ഓളം സിറിഞ്ചുകളുടെ പാടുകള്‍ കണ്ടെത്തിയത് ഇതിന് തെളിവാണെന്നും അ​ദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക