കൊച്ചി: നിയമ തടസ്സങ്ങളെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ തരണം ചെയ്ത് പൃഥ്വിരാജിന്റെ ‘കടുവ’ റിലീസ് ചെയ്തിരുന്നു. തീയറ്ററില്‍ വന്‍ വിജയമായ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍, ചിത്രത്തിന്റെ ഒടിടി റിലീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍. കടുവ’യിലെ നായകന്റെ കഥ തന്റെ ജീവിതമാണെന്നും തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതായതിനാല്‍ ചിത്രത്തിന്റെ റിലീസ് തടയണമെന്നും പാലാ സ്വദേശി, ജോസ് കുരുവിനാക്കുന്നേല്‍ പരാതി നല്‍കിയിരുന്നു.

പിന്നാലെ, സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചന്‍ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകന്റെ പേര് കടുവാക്കുന്നേല്‍ കുര്യാച്ചന്‍ എന്നാക്കി മാറ്റിയാണ് സിനിമ രാജ്യത്തെ തീയേറ്റുകളി​ലെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സെന്‍സര്‍ ബോര്‍ഡിന്റെയും കോടതിയുടെയും നിര്‍ദ്ദേശം ലഭിച്ചിട്ടും ഇന്ത്യയില്‍ മാത്രമേ കഥാപാത്രത്തിന്റെ പേര് മാറ്റിയിരുന്നുള്ളു. എന്നാല്‍, നിയമം അനുസരിച്ച്‌ ലോകത്ത് എവിടെ സിനിമ റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നും ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനം ആണ് ഇവിടെ നടന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ജോസ് കുരുവിനാക്കുന്നേല്‍ കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

കഥാപാത്രത്തിന്റെ പേര് മാറ്റാതെ ന്യൂസിലാന്‍ഡ്, അമേരിക്ക, ദുബായ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ മുഴുവന്‍ രേഖകളും തെളിവായി സമര്‍പ്പിച്ചുകൊണ്ടാണ് കുറുവച്ചന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. കുറുവച്ചന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക