കൊച്ചി: വൈദ്യുതി ചാര്‍ജ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാന്‍ കെ.എസ്.ഇ.ബി. ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടെങ്കിലും ഉപഭോക്താക്കള്‍ അത് അത്രയധികം ഉപയോഗിക്കുന്നില്ല. ഓണ്‍ലൈന്‍ ആയി പണം അടയ്ക്കുന്നവര്‍ പകുതിയില്‍ താഴെയാണെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തല്‍.

അഞ്ഞൂറു രൂപയ്ക്കുമേല്‍ ബില്‍ തുക ഇനി ഓണ്‍ലൈനില്‍ മാത്രം സ്വീകരിക്കാനുള്ള നിര്‍ദേശമാണ് ബോര്‍ഡ് നല്‍കിയിട്ടുള്ളത്. അഞ്ഞൂറു രൂപയില്‍ കൂടുതലുള്ള ബില്‍ തുക അടയ്ക്കാന്‍ വരുന്നവര്‍ക്ക് ഓഫീസില്‍നിന്നുതന്നെ ബോധവത്കരണം നടത്തും. അവരെ അവിടെവെച്ചുതന്നെ ഓണ്‍ലൈന്‍ സംവിധാനം മനസ്സിലാക്കി അതിലേക്ക് മാറ്റും. നിശ്ചിത തുകയില്‍ കൂടുതല്‍ കാഷ് കൗണ്ടറില്‍നിന്ന് സ്വീകരിക്കുന്നത് ഒറ്റയടിക്ക് നിര്‍ത്തില്ല. രണ്ടുമൂന്ന് ബില്ലിങ് തവണ കൂടി ഇതു തുടരും. അതിനുശേഷം പൂര്‍ണമായും നിര്‍ത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാഷ് കൗണ്ടറിലൂടെയുള്ള എല്ലാ പണമിടപാടുകളും ഓണ്‍ലൈനാക്കി മാറ്റുന്നതിനുള്ള ബോധവത്കരണം നടത്താനും എല്ലാ സെക്ഷന്‍ ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതോടെ വൈദ്യുതി ബോര്‍ഡ് ഇക്കാലമത്രയും ജനങ്ങളുമായി ബന്ധപ്പെട്ടുവന്ന കാഷ് കൗണ്ടര്‍ ക്രമേണ ഇല്ലാതാവും. കാഷ്യര്‍മാരെ പുനര്‍വിന്യസിക്കേണ്ടതായും വരും.

കെ.എസ്.ഇ.ബി.യിലെ ആളെണ്ണം കുറയ്ക്കുന്നതിന് നടപടി വേണമെന്ന്‌ റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ ഓഫീസുകളില്‍ രണ്ട് കാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അത് നിര്‍ത്തലാക്കിയ ശേഷം കൂടുതല്‍ ഉപഭോക്താക്കളുള്ളിടത്ത് രണ്ട് ഷിഫ്റ്റുകള്‍ നടപ്പാക്കി.

പുതിയ നിര്‍ദ്ദേശം നടപ്പാക്കുന്നതോടെ എല്ലായിടത്തും ആദ്യം ഒറ്റ ഷിഫ്റ്റിലേക്ക് മാറും. ബാക്കിയുള്ളവരെ മറ്റ് തസ്തികകളിലേക്ക് പുനര്‍വിന്യസിക്കും. കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നതോടെ പ്രധാന തൊഴില്‍ദാതാവായിരുന്ന കെ.എസ്.ഇ.ബി.യില്‍ നിയമനങ്ങള്‍ നന്നെ കുറയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക